ഒരിടവേളയ്ക്കുശേഷം പാങ്ങ് സ്‌കൂളിലെ സ്റ്റാഫ് മുറി തുറന്നു, നൊമ്പരക്കാഴ്ചയായി ആ ട്രോഫികൾ

#ന്യൂസ് ഡെസ്ക്

പാങ്ങ്: വാൽപ്പാറ വാഹനാപകടത്തിന്റെ നാലാംദിനത്തിൽ സങ്കടക്കാഴ്ചയായി സ്റ്റാഫ് മുറിയിലെ ട്രോഫികൾ. ഒരിടവേളയ്ക്കുശേഷം സ്റ്റാഫ് മുറി തുറന്നപ്പോഴാണ് മേശയിൽ നിരത്തിവെച്ച 80 ട്രോഫികൾ കണ്ടുനിന്നവരുടെ കണ്ണുനനയിച്ചത്.

ട്രോഫി വാങ്ങാനും കുട്ടികൾക്ക് നൽകാനും ഉത്സാഹിച്ചിരുന്ന പ്രിയപ്പെട്ട അധ്യാപകർ ഇനിയില്ലല്ലോയെന്ന സങ്കടമായിരുന്നു ഓരോരുത്തരിലും. സ്‌കൂളിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർഥികൾക്ക് നൽകാൻ വേണ്ടി വാങ്ങിയതായിരുന്നു ട്രോഫികൾ.

ഏപ്രിൽ നാലിനു നടന്ന വാർഷികാഘോഷത്തിൽ നൽകാനാണ് ആദ്യം തീരുമാനിച്ചത്. അന്നു സാധിക്കാത്തതിനാൽ പിന്നീട് ക്ലാസ് പി.ടി.എ.യിൽ നൽകാമെന്ന് തീരുമാനിച്ചു. പ്രഥമാധ്യാപിക അജിതയടക്കം മറ്റു അധ്യാപകരാണ് വിതരണംചെയ്യേണ്ടിയിരുന്നത്. സ്‌കൂളിലെ ടാലന്റ് ലാബ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാേഠ്യതരപ്രവർത്തനത്തിൽ മികവു പുലർത്തുന്നവർക്ക് എല്ലാവർഷവും പ്രോത്സാഹനമായി ട്രോഫി നൽകുന്നത്. വിരമിച്ച പ്രഥമാധ്യാപകർ സ്‌കൂളിനായി നിക്ഷേപിച്ച എൻഡോവ്മെന്റ് തുകയിൽനിന്നാണ് ഇവയ്ക്കുള്ള തുക കണ്ടെത്തിയിരുന്നത്.

സഹായങ്ങൾക്കായി സർക്കാരിൽ ഇടപെടും -ടി.പി. രാമകൃഷ്ണൻ

പാങ്ങ്: വാൽപ്പാറ വാഹനാപകടത്തിൽപെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായമെത്തിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ.

കോയമ്പത്തൂരിൽ ചികിത്സയിലുള്ളവർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് അവിടെയോ നാട്ടിലോ ചികിത്സയൊരുക്കും. അതിന്റെ ചെലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാങ്ങ് ജി.എൽ.പി. സ്‌കൂളിലെത്തിയ ടി.പി. രാമകൃഷ്ണൻ, ഡെപ്യൂട്ടി ഡി.എം.ഒ. (എൻ.സി.ഡി.) വി. ഫിറോസ് ഖാൻ, ഡെപ്യൂട്ടി ഡി.എം.ഒ. (ഡി.എസ്.ഒ.) ഡോ. സി. ഷുബിൻ, മെഡിക്കൽ ഓഫീസർ ഡോ. പി. ഷംസുദ്ദീൻ എന്നിവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അപകടത്തിൽ മരിച്ചവരുടെ വീടുകളിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.

സി.ഐ.ടി.യു. ജനറൽസെക്രട്ടറി വി.പി. സക്കറിയ, ജില്ലാസെക്രട്ടറി എം.പി. സലീം, നേതാക്കളായ പി. പത്മജ, സോമസുന്ദരൻ, അഡ്വ. ടി.കെ. റഷീദലി, എം.പി. അലവി, ടി.പി. വിജയൻ, അയ്യൂബ് തുടങ്ങിയവർ കൂടെയുണ്ടായി.

Content Highlights: Four days post-accident, the staff room remains a site of mourning., 80 trophies intended for student excellence remain unclaimed., The awards were funded by endowment schemes established by retired headmasters., The tragedy has deeply affected the school community and local educational initiatives.