ഇടിമിന്നലേറ്റ് പശു ചത്തു; കരച്ചിൽകേട്ട് തൊഴുത്തിൽ കയറിയ ക്ഷീരകർഷകൻ ഷോക്കേറ്റ് മരിച്ചു

വള്ളികുന്നം (ആലപ്പുഴ): കാലിത്തൊഴുത്തിൽ കെട്ടിയിരുന്ന പശു ഇടിമിന്നലേറ്റ് ചത്തു. പശുവിന്റെ കരച്ചിൽകേട്ട് തൊഴുത്തിനുള്ളിലേക്കു കയറിയ ക്ഷീരകർഷകൻ ഷോക്കേറ്റു മരിച്ചു. ഇലിപ്പക്കുളം വട്ടയ്ക്കാട് പുത്തൻതറയിൽ രാമകൃഷ്ണപിള്ള (72)യാണ് മരിച്ചത്. തൊഴുത്തിലെ ബൾബിലേക്കുള്ള വയറിൽനിന്നാണു ഷോക്കേറ്റത്.
ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഇടിമിന്നലേറ്റ് പശു കരയുകയും പെട്ടെന്ന് തൊഴുത്തിൽ ചത്തുവീഴുകയുമായിരുന്നു. ശബ്ദംകേട്ട് രാമകൃഷ്ണപിള്ള വീട്ടുമുറ്റത്തുള്ള കാലിത്തൊഴുത്തിലേക്ക് ഓടിച്ചെന്നു. ഈസമയം തൊഴുത്തിന്റെ മേൽക്കൂരയിൽ കെട്ടിയിരുന്ന വൈദ്യുത ബൾബിലേക്കുള്ള വയറിൽനിന്ന് ഇദ്ദേഹത്തിനു ഷോക്കേൽക്കുകയായിരുന്നു.
പിന്നാലെ, തൊഴുത്തിലേക്കു ചെന്ന മകൾ ശ്രീജയ്ക്കും ഷോക്കേറ്റെങ്കിലും രക്ഷപ്പെട്ടു. അർബുദരോഗ ബാധിതനായ രാമകൃഷ്ണപിള്ള കഴിഞ്ഞ ആറുവർഷമായി ചികിത്സയിലാണ്.
വള്ളികുന്നം പോലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: തങ്കമണി. മക്കൾ: രാജേഷ്, ശ്രീജ. മരുമകൻ: സജികുമാർ. സഞ്ചയനം ഞായറാഴ്ച എട്ടിന്.
Content Highlights: Tragic lightning strike in Vallikunnam, Alappuzha kills a cow and farmer. Read the full story of this unfortunate incident.