ഷൊർണൂർ അപകടം: ജോലിക്കെത്തിയത് ആദ്യമായി, അപകടത്തിനിടയാക്കിയത് പ്രദേശത്തെക്കുറിച്ചുള്ള അജ്ഞത

ഒറ്റപ്പാലം: ‘ഒരുദിവസത്തെ വരുമാനമുറപ്പാക്കാം’-ഷൊർണൂർ റെയിൽവേപ്പാലം പരിസരത്തെ ശുചീകരണജോലിക്കായി ശനിയാഴ്ച ആദ്യമായി പോകുമ്പോൾ അടുത്തബന്ധുക്കളായ വള്ളിയുടെയും റാണിയുടെയും ഇവരുടെ ഭർത്താക്കൻമാരുടെയും മനസ്സിൽ അത്രയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അതു ജീവൻ അപകടത്തിലാക്കുന്ന ജോലിയാകുമെന്ന് ഇവർ ചിന്തിച്ചുകാണില്ല. പ്രദേശത്തെക്കുറിച്ചുള്ള അജ്ഞത അവരെ മരണത്തിലേക്കു തള്ളിവിട്ടെന്ന് ബന്ധുക്കൾ പറയുന്നു.
നാലുപേരും ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനു സമീപത്തുള്ള ചെറിയ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. വള്ളിയും റാണിയുടെ ഭർത്താവ് ലക്ഷ്മണനും സ്ഥിരമായി ഒറ്റപ്പാലത്തും കൂലിപ്പണിക്കു പോകാറുണ്ട്. എന്നാൽ, ഹൃദയസംബന്ധമായ ചെറിയ പ്രശ്നങ്ങളുള്ളതിനാൽ റാണി ജോലിക്കു പോകാറില്ലായിരുന്നു. അസുഖങ്ങളുള്ളതിനാൽ വള്ളിയുടെ ഭർത്താവ് ലക്ഷ്മണനും സ്ഥിരമായി ജോലിക്കുപോകാറില്ലെന്ന് നാട്ടുകാരിയും ഒറ്റപ്പാലത്തെ അയൽവാസിയുമായ കസ്തൂരി പറയുന്നു.
ശനിയാഴ്ച രാവിലെ റെയിൽവേ പരിസരത്തെ മാലിന്യംനീക്കുന്ന ജോലിയുണ്ടെന്ന് അറിയിച്ച് പരിചയക്കാരൻ ചെലമ്പരശ്ശൻ വന്നുവിളിച്ചു. വലിയ അധ്വാനമില്ലാത്ത ജോലിയാണല്ലോയെന്നു കരുതിയാണ് നാലുപേരും ഷൊർണൂർക്ക് തിരിച്ചത്.
ശനിയാഴ്ച ആദ്യമായാണ് ഇവർ ഷൊർണൂരിൽ മാലിന്യംപെറുക്കാൻ എത്തുന്നത്. അതുകൊണ്ടുതന്നെ ഇവർക്ക് അപകടംനടന്ന പ്രദേശത്തെക്കുറിച്ച് വേണ്ടവിധം അറിവില്ലായിരുന്നു. പെട്ടെന്നു തീവണ്ടി വരുമെന്നോ ഓടിമാറാൻ പറ്റില്ലെന്നോ ഉള്ള തിരിച്ചറിവില്ലാത്തതാകാം അപകടത്തിൽപ്പെടാൻ കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്.
കഴിഞ്ഞ മൂന്നുവർഷത്തോളമായി ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനു സമീപത്തുള്ള, വാടകവീട്ടിലാണ് റാണിയും ലക്ഷ്മണനും വാടകയ്ക്കു താമസിക്കുന്നത്. രണ്ടുമാസംമുൻപ് വള്ളിയും ഭർത്താവ് ലക്ഷ്മണനുമെത്തി. ഒരു ചെറിയ വീടിന്റെ രണ്ടുമുറികളിലാണ് രണ്ടു ദമ്പതിമാരും താമസിക്കുന്നത്. ഒപ്പം മറ്റുമുറികളിൽ സേലത്തുകാരായ ആറുപേർകൂടിയുണ്ട്. ഇവർ വൈകീട്ട് ജോലി കഴിഞ്ഞെത്തിയപ്പോഴാണ് മരിച്ച വിവരമറിയുന്നത്. ആദ്യമായി റെയിൽവേയുടെ ജോലിക്കുപോയി മരിച്ചുവെന്നത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് അയൽവാസികളായ കസ്തൂരിയും സുരേഷും പറയുന്നു.
Content Highlights: valli and rani dreamt of one day wage before going to job