‘വൈദേക’ത്തിൽ ജയരാജയുദ്ധം; വിവാദച്ചൂടൊഴിയാത്ത കണ്ണൂരിലെ സുഖചികിത്സാലയം

#കെ.രാജേഷ് കുമാര്‍
പി ജയരാജൻ, ഇ.പി ജയരാജൻ
പി ജയരാജൻ, ഇ.പി ജയരാജൻ

കണ്ണൂർ : ആയുർവേദ സുഖചികിത്സാലയത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്കെന്ത് കാര്യം എന്നുചോദിച്ചാൽ കണ്ണൂരിലെ വൈദേകത്തെക്കുറിച്ചറിയുന്നവരുടെ മുഖം ചുളിയും. തുടക്കം മുതൽ നാളിതുവരെ സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ പേരുമായി ചേർത്താണ് സ്ഥാപനം അറിയപ്പെടുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെതാണ് ആരോപണങ്ങൾ അന്വേഷിക്കാൻ പാർട്ടി രണ്ടംഗ കമ്മിഷനെ നിയോഗിച്ചെന്ന വാർത്ത.

2022 നവംബറിലാണ് വൈദേകത്തിന്റെ പേരിൽ ഇ.പി.ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ ആദ്യം പരാതി ഉന്നയിച്ചത്. ഇ.പി. പങ്കെടുക്കാതിരുന്ന യോഗത്തിലായിരുന്നു അത്. അത് വാർത്തയായതോടെതന്നെ രാഷ്ട്രീയമായി തേജോവധം ചെയ്യാനുള്ള നീക്കമാണെന്ന പ്രതികരണവുമായി ഇ.പി. രംഗത്തുവന്നു. അതോടെ തന്റെ ഭാഗം സംസ്ഥാന കമ്മിറ്റിയിൽ വിശദീകരിക്കാൻ പാർട്ടി അനുമതി നൽകി. തൊട്ടടുത്ത യോഗത്തിൽ ഇ.പി. കാര്യങ്ങൾ വിശദീകരിച്ചു. അതിനുശേഷം 2025 ഓഗസ്റ്റ് ആദ്യം നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.ജയരാജൻ പരാതി ആവർത്തിച്ചു. പാർട്ടി ആവശ്യപ്പെട്ടപ്രകാരം എഴുതിനൽകിയ പരാതിയിൽ എന്തു നടപടിയുണ്ടായെന്നായിരുന്നു ചോദ്യം. ഗൗരവമായി പരിഗണിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മറുപടി പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല. റിസോർട്ടിൽ ഇ.പി.ക്ക് ഓഹരിയില്ലെന്നും സ്വകാര്യസ്ഥാപനത്തിലെ പ്രശ്‌നത്തിൽ ഇടപെടേണ്ട കാര്യം പാർട്ടിക്കില്ലെന്നും പിന്നീടൊരിക്കൽ എം.വി.ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

പാർട്ടിയിൽ തെറ്റുചെയ്യുന്നവരുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടിയാൽ പാർട്ടി തകരുകയല്ല, മറിച്ച് ഊതിക്കാച്ചിയ പൊന്നുപോലെ ശുദ്ധമാകുമെന്നാണ് അന്ന് പി.ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. വിശാല സംസ്ഥാനസമ്മേളനത്തിനു ശേഷം പി.ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിയതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും വൈദേകം പുകയാൻ തുടങ്ങിയിരിക്കുന്നത്.

അതിനിടെ വൈദേകം റിസോർട്ടിന്റെ നടത്തിപ്പുചുമതല ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ജുപീറ്റർ കാപ്പിറ്റലിന്റെ കീഴിലുള്ള സ്ഥാപനമായ നിരാമയ റിട്രീറ്റ്സിന് കൈമാറിയതും വാർത്തകളിലിടം പിടിച്ചു. രണ്ടുവർഷം മുൻപേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) അന്വേഷണവുമായി വൈദേകത്തിന്റെ മതിൽക്കെട്ടിനുള്ളിലെത്തി. 2025 നവംബറിൽ 'ഇതാണെന്റെ ജീവിതം' എന്നപേരിൽ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഇ.പി.ജയരാജന്റെ ആത്മകഥയിലും വൈദേകം ഉയർന്നുവന്നു. വിവാദത്തിൽ പാർട്ടിനേതൃത്വം വ്യക്തത വരുത്തിയില്ലെന്നായിരുന്നു ആത്മകഥയിലെ തുറന്നെഴുത്ത്.

സി.എം.ആർ.എൽ. എം.ഡി. ശശിധരൻ കർത്തയിൽനിന്ന് ഇ.പി.ജയരാജന്റെ ഭാര്യ പണം കൈപ്പറ്റിയെന്ന സഹോദരീപുത്രന്റെ ആരോപണമാണ് ഏറ്റവും ഒടുവിലായി കേട്ടത്. വ്യാജരേഖ ചമച്ച് സാമ്പത്തിക നഷ്ടമുണ്ടാക്കിയതിന് കമ്പനിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിലുള്ള പ്രതികാരമായിരുന്നു ആരോപണമെന്നായിരുന്നു ഇ.പി.യുടെ പ്രതികരണം.

വൈദേകം ആരോപണമാവർത്തിച്ച് പി. ജയരാജൻ

നേതാക്കൾ തമ്മിൽ അസാധാരണ ഏറ്റുമുട്ടലിന് സാക്ഷിയായി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. വൈദേകം റിസോർട്ടിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇ.പി. ജയരാജന്റെ പങ്കാളിത്തത്തെക്കുറിച്ചും പി. ജയരാജൻ ഉന്നയിച്ച ആരോപണങ്ങളാണ് പൊട്ടിത്തെറിയിലേക്കെത്തിയത്.

അധികാരസ്ഥാനം ഉറപ്പിക്കാനും താനാണ് ശരിയെന്നുവരുത്താനും പി. ജയരാജൻ കുറെക്കാലമായി മാധ്യമങ്ങളെയും ക്വട്ടേഷൻ സംഘങ്ങളെയും ഉപയോഗിച്ചു നടത്തുന്ന നീക്കം പാർട്ടി അന്വേഷിക്കണമെന്ന് ഇ.പി. ജയരാജൻ തിരിച്ചടിച്ചു. എഴുതിത്തയ്യാറാക്കിയ പരാതി അദ്ദേഹം പാർട്ടിക്കു കൈമാറി. ഒരുമണിക്കൂറോളം നീണ്ട ആരോപണ പ്രത്യാരോപണങ്ങൾക്കൊടുവിൽ രണ്ടുപരാതിയും പരിശോധിക്കാൻ പാർട്ടി അന്വേഷണക്കമ്മിഷനെ നിയോഗിച്ചു. സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എൻ. ബാലഗോപാൽ, ടി.പി. രാമകൃഷ്ണൻ എന്നിവരാണ് അംഗങ്ങൾ.

വൈദേകം റിസോർട്ടിൽ സി.എം.ആർ.എൽ. കമ്പനി ഉടമ ശശിധരൻകർത്ത പണം നിക്ഷേപിച്ചിട്ടുണ്ടെന്ന ആക്ഷേപം പുറത്തുവന്നിരുന്നു. ഇതാണ് ഇ.പി.യെ പ്രകോപിപ്പിച്ചത്. ഇതിനുപിന്നിൽ പി. ജയരാജനാണെന്ന് ഇ.പി. ആരോപിച്ചു. 2015-ൽ റിസോർട്ട് തുടങ്ങിയതു മുതൽ തനിക്കെതിരേ ആരോപണം തുടങ്ങിയതാണ്. ഇപ്പോൾ തന്റെ മരുമകനെ സ്വാധീനിച്ച് കുടുംബം കലക്കാനുള്ള ശ്രമമാണ് പി. ജയരാജൻ നടത്തുന്നത്. ശശിധരൻ കർത്തയുടെ പണം തന്റെ ഭാര്യവഴി വൈദേകത്തിലെത്തിയെന്ന് മരുമകനെക്കൊണ്ട് പറയിപ്പിച്ചത് പി. ജയരാജനാണ്. വൈദേകത്തിലെ മുൻ എം.ഡി.യെക്കണ്ട് തന്റെപേരിൽ പരാതി നൽകാൻ ആവശ്യപ്പെട്ടു. സ്വന്തം താത്‌പര്യത്തിനുവേണ്ടി ആരെയും ഇല്ലാതാക്കാൻ മടിയില്ലാത്തയാളാണ് പി. ജയരാജൻ. എന്ത് വൃത്തികെട്ട കളിയും കളിക്കുമെന്നും ഇ.പി. കുറ്റപ്പെടുത്തി.

പാർട്ടിക്കുമുന്നിലാണ് പരാതി പറഞ്ഞത്. അതിൽ പരിശോധനയാണ് വേണ്ടതെന്ന് പി. ജയരാജനും പറഞ്ഞു. ബോധ്യമുള്ള കാര്യങ്ങളാണ് അറിയിച്ചത്. അതിൽ അന്വേഷണമുണ്ടാകണം. പലതവണ ഇക്കാര്യം പറഞ്ഞതാണെന്നും പരിശോധനയുണ്ടായിട്ടില്ലെന്നും പി. ജയരാജൻ ആവർത്തിച്ചു.

അന്വേഷിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് ഇ.പി.യും പറഞ്ഞു. ഇതിന് പിന്നാലെയാണ് പി. ജയരാജന് ക്വട്ടേഷൻ - സ്വർണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധവും ഇടുക്കിയിൽ സ്വർണക്കടത്തുകാരനെ പങ്കാളിയാക്കി റിസോർട്ട് തുടങ്ങി എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളടങ്ങിയ കത്ത് ഇ.പി. പാർട്ടിക്ക് കൈമാറിയത്.

പ്രതിപക്ഷനേതാവ് പിണറായി വിജയനും സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനുമടക്കം മുതിർന്ന നേതാക്കളെല്ലാം യോഗത്തിലുണ്ടായിരുന്നു. ആരും തർക്കത്തിൽ ഇടപെട്ട് സംസാരിച്ചില്ലെന്നാണ് വിവരം. പരാതികൾ രേഖയായിത്തന്നെ നൽകിയതിനാൽ വിശദ പരിശോധനയാകാമെന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ‌ 

വൈദേകം: സഹായം ഇ.പി.; നിയന്ത്രണം കുടുംബം

കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 2014 ഡിസംബർ ഒൻപതിനാണ് നിലവിൽവന്നത്. എറണാകുളത്തെ രജിസ്ട്രാർ ഓഫ് കമ്പനീസിലാണ് രജിസ്റ്റർചെയ്തത്. മൂന്നുകോടി രൂപയാണ് പ്രാരംഭ മൂലധനം. ഇ.പി.ജയരാജന്റെ മകൻ പി.കെ.ജെയ്‌സൺ 2014 ഡിസംബർ ഒൻപതുമുതലും ഭാര്യ പി.കെ.ഇന്ദിര 2021 ഒക്ടോബർ 30 മുതലും വൈദേകത്തിന്റെ ഡയറക്ടർമാരാണ്. ഇരുവർക്കുമായി 91.99 ലക്ഷം രൂപയുടെ 9199 ഓഹരിയാണ് സംരംഭത്തിലുള്ളത്. എന്നാൽ, കുടുംബമെന്ന നിലയിൽ കൂടുതൽ ഓഹരി മുൻ എം.ഡി. കെ.പി.രമേഷ്‌കുമാറിനും മകൾ ഫിദയ്ക്കുമായിരുന്നു. 99.99 ലക്ഷം രൂപയുടെ 9999 ഓഹരിയാണ് അവർക്കുള്ളത്.

ചുരുങ്ങിയ ഓഹരി മാത്രമുള്ള (2.2 ശതമാനം) ജയ്‌സണായിരുന്നു തുടക്കത്തിൽ കമ്പനി ചെയർമാൻ. പിന്നീട് അദ്ദേഹത്തിന്റെ നിക്ഷേപത്തിൽ ഒരുഭാഗം ഇന്ദിരയ്ക്ക് കൈമാറി. 2021-ൽ ബാങ്കിൽനിന്ന് വിരമിച്ചശേഷം റിസോർട്ടിന്റെ ചെയർപേഴ്‌സണായി പി.കെ.ഇന്ദിരയെത്തി. 2021 ഡിസംബർ 17-ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് അവരെ തിരഞ്ഞെടുത്തത്. ജയരാജന്റെയും കെ.പി.രമേഷിന്റെയും കുടുംബമൊഴികെ ബാക്കി 16 ഓഹരിയുടമകൾക്കും ലക്ഷങ്ങളുടെ ഓഹരിയുണ്ട്.

'വൈദേകം ആയുർവേദ ഹീലിങ് വില്ലേജി’ന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കലും വിദേശരാജ്യങ്ങളിൽനിന്ന് ഫണ്ടും എത്തിയതായുമുള്ള പരാതിയുടെ പശ്ചാത്തലത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തെളിവ്‌ ശേഖരിച്ചിരുന്നു. കൊച്ചി സ്വദേശി എം.ആർ.അജയന്റെ പരാതിയിലായിരുന്നു നടപടി. വിവാദങ്ങളുയർന്നപ്പോഴെല്ലാം റിസോർട്ടിൽ ഇ.പി.ജയരാജന് സാമ്പത്തിക ഇടപാടുണ്ടെന്ന വാദം തള്ളി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ.) പ്രതിരോധം തീർക്കാൻ രംഗത്തുണ്ടായിരുന്നു. കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ രണ്ടുശതമാനം ഓഹരി മാത്രമാണ് പി.കെ.ജയ്‌സണുള്ളത്. 10 ലക്ഷം രൂപയുടെ മുല്യമാണതിന്. ഓഹരിയുടമകളിൽ 20 പേരിൽ 15 പേർക്കും ജയ്‌സണെക്കാൾ ഓഹരിയുണ്ട്. ജില്ലാ ബാങ്കിൽനിന്ന് വിരമിച്ചപ്പോൾ ലഭിച്ച ആനുകൂല്യത്തിൽ 80 ലക്ഷംരൂപ ഉപയോഗിച്ചാണ് ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര ഓഹരിയെടുത്തതെന്നും സി.ഇ.ഒ. വ്യക്തമാക്കിയിരുന്നു.

Content Highlights: CPM sets up a two-member commission to investigate the Vaidekam resort controversy., P Jayarajan repeatedly raised complaints against EP Jayarajan regarding the resort., Management of Vaidekam handed over to Niramaya Retreats under Jupiter Capital., EP Jayarajan's autobiography and ED investigations added to the controversies.