അശാസ്ത്രീയ നിർമാണം, പ്രകൃതിചൂഷണം: ദുരന്തനിഴലിൽ പേടിച്ചുവിറച്ച് വാഗമൺ; വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ

വാഗമൺ: സമുദ്രനിരപ്പിൽനിന്ന് 3600 അടി ഉയരമുള്ള, ഇളക്കമുള്ള മണ്ണുള്ള പരിസ്ഥിതിലോല പ്രദേശമാണ് വാഗമൺ. 1924, 2018 മഹാപ്രളയങ്ങളിൽപോലും സുരക്ഷിതമായിരുന്ന ഇവിടെ, കഴിഞ്ഞ ശനിയാഴ്ച ഏഴിലധികം സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. പ്രദേശത്തിന്റെ സന്തുലിതാവസ്ഥ തകർന്നതിന്റെ ഉദാഹരണമാണിത്.
അശാസ്ത്രീയ നിർമാണങ്ങളും പ്രകൃതിചൂഷണവും
ഉയരമുള്ള മലകളിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നെടുകയും കുറുകെയും മണ്ണ് വെട്ടി റോഡുകൾ നിർമിക്കുന്നത് മലനിരകളുടെ ഉറപ്പ് നഷ്ടപ്പെടുത്തുന്നു. സമുദ്രക്കാറ്റും പടിഞ്ഞാറൻ കാറ്റും ശക്തമായതിനാൽ പാരാഗ്ലൈഡിങ് കേന്ദ്രമായ ഇവിടെ ആയിരക്കണക്കിന് റിസോർട്ടുകളാണുള്ളത്.
കാറ്റിനെ പ്രതിരോധിക്കാൻ മീറ്ററുകളോളം ആഴത്തിൽ കമ്പികൾ അടിച്ചുകയറ്റിയും കോൺക്രീറ്റ് ചെയ്തുമുള്ള നിർമാണം മലകളുടെ ഉൾഭാഗത്തിന് ഇളക്കമുണ്ടാക്കുന്നു.
ഒരു മലയിൽതന്നെ അഞ്ചാറ് റിസോർട്ടുകൾ ഉയർന്നതോടെ ആവശ്യത്തിന് വെള്ളത്തിനായി നിരവധി കുഴൽക്കിണറുകളും പടുതാക്കുളങ്ങളും കൃത്രിമതടാകങ്ങളും നിർമിക്കുന്നത് മണ്ണൊലിപ്പ് വർധിപ്പിക്കുന്നു.
ജനവാസ മേഖലകളും അധികൃതരുടെ അനാസ്ഥയും
താഴ്‌വാരങ്ങളിലെ തോട്ടങ്ങളിൽ നിരവധി ജനങ്ങൾ തിങ്ങിപ്പാർക്കുന്നുണ്ട്. രാത്രിയിലുണ്ടാകുന്ന മണ്ണിടിച്ചിൽ അറിയാൻ വൈകുന്നതും ഗതാഗത തടസ്സവും രക്ഷാപ്രവർത്തനം വൈകിപ്പിച്ച് പെട്ടെന്നുള്ള വൻ ദുരന്തങ്ങൾക്ക് കാരണമാകാം.
ക്വാറികളും പാറമടകളും അനിയന്ത്രിതമായി പ്രവർത്തിച്ചിട്ടും അധികൃതർ മൗനം പാലിക്കുകയാണ്. വാഗമണ്ണിലെ ഏറ്റവും ഉയരംകൂടിയ മൂൺമലയിൽ വെട്ടിയ റോഡിൽ കഴിഞ്ഞ ശനിയാഴ്ച മണ്ണിടിച്ചിലുണ്ടായി. ഇളകിയ മണ്ണ് രാത്രി കടത്താൻ ശ്രമിച്ചത് പോലീസ് തടഞ്ഞെങ്കിലും, മഴയിൽ ഈ മണ്ണ് വീടുകളിലേക്ക് ഒഴുകിയിറങ്ങുകയും റോഡ് ഗതാഗതം തടസ്സപ്പെടുകയുംചെയ്തു.
വില്ലേജ് ഓഫീസിന് തൊട്ടുമുന്നിൽ നടക്കുന്ന ഈ അവസ്ഥ തുടർന്നാൽ രണ്ടുമൂന്ന് വർഷത്തിനകം വാഗമൺ വൻദുരന്തത്തെ നേരിടേണ്ടിവരുമെന്നാണ് നാട്ടുകാരുടെ ഭീതി.
Content Highlights: Unscientific road construction and excavation in high-altitude areas causing soil instability. Over-development of resorts leading to excessive groundwater extraction and artificial water bodies. Negligence of authorities regarding illegal quarries and infrastructure projects. High risk of major disaster in Vagamon within the next few years due to ecological degradation.