തൃശ്ശൂർപ്പൂരം വെടിക്കെട്ട് വടക്കുന്നാഥ ക്ഷേത്രത്തിന് ബലക്ഷയം ഉണ്ടാക്കിയോ? പരിശോധിക്കാൻ വിദഗ്ധസംഘം എത്തും

കൊച്ചി: തൃശ്ശൂർപ്പൂരം വെടിക്കെട്ട് വടക്കുന്നാഥ ക്ഷേത്രത്തിന്റെ ബലക്ഷയത്തിന് കാരണമാകുന്നുണ്ടോയെന്ന് കേന്ദ്ര പുരാവസ്തുവകുപ്പിന്റെ വിദഗ്ധസംഘം പരിശോധിക്കും. അഡീഷണൽ സോളിസിറ്റർ ജനറൽ ഹൈക്കോടതിയിൽ അറിയിച്ചതാണിത്.
വെടിക്കെട്ടിന്റെ പ്രകമ്പനം ക്ഷേത്രഘടനയെയും പരിസരത്തെയും എങ്ങനെ ബാധിക്കുന്നുവെന്നും എന്തു മുൻകരുതൽ എടുക്കണമെന്നും വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ കോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
പുരാവസ്തുവകുപ്പിന്റെ അനുമതിയില്ലാതെ ക്ഷേത്രത്തോടുചേർന്നാണ് കഴിഞ്ഞവർഷം വെടിക്കെട്ട് നടത്തിയതെന്നും ഇത് ഗോപുരങ്ങൾക്കും കൂത്തമ്പലത്തിനും ബലക്ഷയമുണ്ടാക്കിയെന്നും കാണിച്ച് എൻ.കെ. മോഹൻദാസ് ഓംബുഡ്സ്മാന് നൽകിയ പരാതിയാണ് ഹൈക്കോടതിക്ക് വിട്ടത്.
Content Highlights: An expert team from the Archaeological Survey of India will inspect whether Thrissur Pooram fireworks cause structural weakness to Vadakkunnathan Temple, the ASG informed the Kerala High Court. The Devaswom Bench directed a detailed report on vibration impact and precautions.