'അർഹതപ്പെട്ട പ്രൊമോഷൻ നൽകാൻ ഒരു സർക്കാരും തയ്യാറായില്ല': സ്ഥാന മാറ്റത്തിന് പിന്നാലെ വി.എ. അരുൺകുമാർ

വി.എ. അരുൺകുമാർ | Photo: mathrubhumi archives
വി.എ. അരുൺകുമാർ | Photo: mathrubhumi archives

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി. ഡയറക്ടർ സ്ഥാനത്തുനിന്ന് വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ മാറ്റി. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റേതാണ് ഉത്തരവ്. ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള പൂഞ്ഞാർ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ എം.വി. രാജേഷ് ആണ് പുതിയ ഡയറക്ടർ. മൂന്നുവർഷം മുൻപാണ് അരുൺകുമാറിന് ഡയറക്ടർ ഇൻ ചാർജ് ചുമതല നൽകിയത്.

ചുമതലയിൽനിന്ന് മാറ്റിയതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി വി.എ. അരുൺകുമാർ രംഗത്തെത്തി. കഴിഞ്ഞ 32 വർഷക്കാലത്തെ നീണ്ട സർവീസിൽ പ്രിൻസിപ്പൽ, അഡിഷണൽ ഡയറക്ടർ തുടങ്ങി വിവിധ തസ്തികകളിൽ ആത്മാർത്ഥമായി ജോലി ചെയ്തിട്ടും, അർഹതപ്പെട്ട സ്ഥിരം ഡയറക്ടർ പ്രൊമോഷൻ നൽകാൻ ഒരു സർക്കാരും തയ്യാറായിരുന്നില്ലെന്ന് വി.എ. അരുൺകുമാർ ഫേസ്‌ബുക്കിൽ കുറിച്ചു.

വി.എ. അരുൺകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഐ.എച്ച്.ആർ.ഡി. (IHRD) ഡയറക്ടറുടെ ചുമതലയിൽനിന്നുള്ള പുതിയ മാറ്റത്തിന്റെ ഉത്തരവ് (G.O.(Ms) No.471/2026/HEDN) ഇന്ന് പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ 32 വർഷക്കാലത്തെ നീണ്ട സർവീസിൽ പ്രിൻസിപ്പൽ, അഡിഷണൽ ഡയറക്ടർ തുടങ്ങി വിവിധ തസ്തികകളിൽ ആത്മാർത്ഥമായി ജോലി ചെയ്തിട്ടും, അർഹതപ്പെട്ട സ്ഥിരം ഡയറക്ടർ പ്രൊമോഷൻ നൽകാൻ ഒരു സർക്കാരും തയ്യാറായിരുന്നില്ല എന്നത് ഒരു വസ്തുതയാണ്. അഡിഷണൽ ഡയറക്ടർ പദവി വരെയുള്ള പ്രമോഷനുകൾക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ടെങ്കിലും, ഡയറക്ടർ നിയമനം പൂർണ്ണമായും സർക്കാരുകളുടെ രാഷ്ട്രീയ തീരുമാനങ്ങൾക്ക് വിട്ടുകൊടുക്കുന്ന സാങ്കേതിക പഴുതുകളാണ് ഇവിടെയും ആവർത്തിക്കപ്പെട്ടത്. അർഹതപ്പെട്ട അംഗീകാരങ്ങൾ നിഷേധിക്കപ്പെടുമ്പോൾ ഏതൊരു പ്രൊഫഷണലിനും ഉണ്ടാകുന്ന സ്വാഭാവികമായ വിഷമമുണ്ടെങ്കിലും, വലിയൊരു ചാരിതാർത്ഥ്യത്തോടെയാണ് ഈ പടിയിറക്കം. ഡയറക്ടറുടെ ചുമതല വഹിക്കാൻ കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ ഐ.എച്ച്.ആർ.ഡി. എന്ന വലിയ പ്രസ്ഥാനത്തെ ശാസ്ത്ര-സാങ്കേതിക രംഗത്തെ പുതിയ മാറ്റങ്ങളിലേക്ക് നയിക്കാനും, ഈ മേഖലയിൽ കൃത്യമായൊരു ദിശാബോധം സൃഷ്ടിക്കാനും കഴിഞ്ഞുവെന്ന ബോധ്യമാണ് ഏറ്റവും വലിയ പദവി.

 
 

Content Highlights: VA Arun Kumar removed from IHRD Director position., Government Order G.O.(Ms) No.471/2026/HEDN issued., MV Rajesh appointed as the new IHRD Director., Arun Kumar expressed disappointment over denied promotions despite 32 years of service.