പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയെ ഒഴിവാക്കാൻ സ്‌കൂൾ കെട്ടിട ഉദ്ഘാടനങ്ങൾ നീട്ടുന്നു

#ന്യൂസ് ഡെസ്ക്
വി. കുഞ്ഞികൃഷ്ണൻ എംഎൽഎ
വി. കുഞ്ഞികൃഷ്ണൻ എംഎൽഎ

കണ്ണൂർ: പയ്യന്നൂരിൽ കോടികൾ ചെലവിട്ട് നിർമിച്ച സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനത്തിന് തയ്യാറായിട്ടും ചടങ്ങുകൾ നീളുന്നതിന് പിന്നിൽ വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയെ ഒഴിവാക്കാനുള്ള നീക്കമെന്ന് ആരോപണം. എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളിൽ സി.പി.എം. നേതാക്കളെ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുവെന്നാണ് ആക്ഷേപം. തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടെ സഹകരിക്കുന്നില്ലെന്നുള്ള വി. കുഞ്ഞികൃഷ്ണന്റെ ആരോപണം നിലനിൽക്കെയാണ് കൂടുതൽ പരാതികൾ ഉയരുന്നത്.

കാങ്കോൽ ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്തിലെ മാത്തിൽ എം.വി.എം. കെ.വി.എം. ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനായി സജ്ജമായിട്ട് മാസങ്ങളായെങ്കിലും ചടങ്ങ് നടത്താത്തത് എം.എൽ.എ. ഉദ്ഘാടകനാകുന്ന സാഹചര്യം ഒഴിവാക്കാനാണെന്നാണ് വിമർശനം.

കരിവെള്ളൂർ ഗ്രാമപ്പഞ്ചായത്തിലെ കൂക്കാനം ഗവ. യു.പി. സ്‌കൂളിലെ പുതിയ കെട്ടിടം വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ.യെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനായിരുന്നു ആദ്യധാരണ. ഇതിനായി സംഘാടകസമിതി യോഗം ചേരാൻ പി.ടി.എ. തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. ഉദ്ഘാടന പരിപാടി തന്നെ വേണ്ടെന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയതായും പറയപ്പെടുന്നു.

എം.എൽ.എയെ ഉദ്ഘാടനത്തിൽ നിന്നൊഴിവാക്കാനുള്ള ലക്ഷ്യത്തോടെ സ്‌കൂൾ എസ്.എം.സി. കമ്മിറ്റികളിൽ സി.പി.എം. നേതാക്കളെ ഉൾപ്പെടുത്താൻ നിർദേശം നൽകുന്നതായി ഇവിടെയും ആരോപണമുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഉദ്ഘാടകനാക്കി ചടങ്ങുകൾ നടത്താനാണ് നീക്കമെന്നാണ് ആരോപണം.

പയ്യന്നൂർ സെയ്ന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിൽ നടന്ന ഉപജില്ലാ സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട പരിപാടികളിലും എം.എൽ.എയെ ഒഴിവാക്കാനുള്ള നീക്കങ്ങൾ വിവാദമായിരുന്നു. ഇതേത്തുടർന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കേണ്ട സാഹചര്യമുണ്ടായി. പയ്യന്നൂർ കണ്ടോത്ത് കൂറുംബ ഓഡിറ്റോറിയത്തിൽ നടന്ന തളിപ്പറമ്പ് സർക്കിൾ സഹകരണ വാരാഘോഷ ഉദ്ഘാടന ചടങ്ങിലും ആദ്യം എം.എൽ.എയെ മാറ്റിനിർത്തിയെങ്കിലും പിന്നീട് സഹകരണ വകുപ്പ് ഉത്തരവിറക്കിയതോടെയാണ് കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കിയത്. ഇവിടെ അദ്ദേഹത്തിന്റെ പ്രസംഗം തടസ്സപ്പെടുത്താനും ശ്രമമുണ്ടായി.

കടുത്ത ആരോപണങ്ങളുന്നയിച്ച് പാർട്ടിവിട്ട വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂർ മണ്ഡലത്തിൽ അട്ടിമറിവിജയത്തിലൂടെ നിയമസഭാംഗമായത് സി.പി.എമ്മിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. എം.എൽ.എ. എന്ന നിലയിൽ അംഗീകരിക്കാനും സി.പി.എം. തയാറല്ലെന്നും അതിന്റെ ഭാഗമായാണ് മണ്ഡലത്തിലെ പൊതുപരിപാടികളിലും ചടങ്ങുകളിലും ഒഴിവാക്കാൻ ശ്രമിക്കുന്നതെന്നുമാണ് ആരോപണമുയരുന്നത്.

Content Highlights: Allegations have emerged in Kannur's Payyannur that completed school building inaugurations are being delayed to sideline MLA V Kunhikrishnan, amid ongoing disputes over local events and committee nominations.