ഫുട്ബോൾ സ്പോൺസർ തട്ടിപ്പ്: മുൻമന്ത്രി വി. അബ്ദുറഹ്മാനെ SIT ചോദ്യംചെയ്തു, ചോദ്യംചെയ്യൽ നീണ്ടത് 4 മണിക്കൂർ

#ന്യൂസ് ഡെസ്ക്
വി അബ്ദുറഹിമാൻ | ഫോട്ടോ: പി.കൃഷ്ണപ്രദീപ്, മാതൃഭൂമി
വി അബ്ദുറഹിമാൻ | ഫോട്ടോ: പി.കൃഷ്ണപ്രദീപ്, മാതൃഭൂമി

തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്‌മാനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ചോദ്യംചെയ്തു. കഴിഞ്ഞദിവസം നടത്തിയ ചോദ്യം ചെയ്യൽ നാലുമണിക്കൂറോളം നീണ്ടു. സ്‌പെയിനിലേക്കുള്ള വിദേശയാത്ര, സ്‌പോൺസറെ തിരഞ്ഞെടുത്ത രീതി, അതിൽ മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്രധാനമായും ചോദ്യം ചെയ്യലിൽ എസ്.ഐ.ടി. ആരാഞ്ഞത്.

കേസിലെ മുഖ്യ പ്രതിയായ ആന്റോ അഗസ്റ്റിന്റെ വീട്ടിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫീസുകളിലും കഴിഞ്ഞദിവസം എസ്.ഐ.ടി. പരിശോധന നടത്തിയിരുന്നു. ഈ റെയ്ഡിൽ അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായും സ്‌പോൺസറുമായും മന്ത്രിയുടെ ഓഫീസ് നടത്തിയ കത്തിടപാടുകൾ അടക്കമുള്ള സുപ്രധാന കരാർ രേഖകളും ഇമെയിൽ സന്ദേശങ്ങളും അന്വേഷണസംഘം കണ്ടെടുത്തിരുന്നു. കണ്ടെടുത്ത രേഖകളുടെയും മുൻകൂട്ടി തയാറാക്കിയ ചോദ്യാവലിയുടെയും അടിസ്ഥാനത്തിലാണ് മുൻ മന്ത്രിയുടെ മൊഴിയെടുത്തത്.

ആന്റോ അഗസ്റ്റിന് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയം വിട്ടുനൽകിയതുമായി ബന്ധപ്പെട്ട് അബ്ദുറഹ്‌മാൻ നിയമവിരുദ്ധമായി ഇടപെടുകയും വഴിവിട്ട് സഹായിക്കുകയും ചെയ്‌തെന്ന് എസ്.ഐ.ടി. കണ്ടെത്തിയിരുന്നു. മെസ്സി വരുമെന്ന് തെറ്റിദ്ധരിപ്പിച്ച് ആന്റോയ്ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാൻ വഴിയൊരുക്കിയെന്നും അതിനായി സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്‌തെന്നും ആരോപണമുണ്ട്. ഇതെല്ലാം എസ്.ഐ.ടി. ചോദിച്ചറിഞ്ഞെന്നാണ് വിവരം.