മലയാളി വിദ്യാർഥിനിയുടെ കൊലപാതകം: സഹപാഠിക്ക് ഉസ്ബെക്കിസ്ഥാനിൽ എട്ടരവർഷം തടവ്, അന്വേഷണം അവസാനിപ്പിക്കാൻ കേരള ക്രൈം ബ്രാഞ്ച്

#ന്യൂസ് ഡെസ്ക്

ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട കേസിൽ സഹപാഠിയായ പ്രതിയെ ഉസ്‌ബെക്കിസ്ഥാൻ കോടതി ശിക്ഷിച്ചതിനെ തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചേക്കും. ഒരേ കുറ്റകൃത്യത്തിന് രണ്ടു രാജ്യങ്ങളിൽ വിചാരണ നടത്തുന്നതിലെ നിയമപരമായ പരിമിതികൾ കണക്കിലെടുത്താണ് അന്വേഷണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്.

ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായിരുന്ന സാവരിയ ബസന്ത് കഴിഞ്ഞ ജൂലൈ നാലിനാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ ആനം പെൺകുട്ടിയെ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ പ്രതിക്ക് എട്ടര വർഷം തടവാണ് ഉസ്‌ബെക്കിസ്ഥാൻ കോടതി കഴിഞ്ഞ ദിവസം വിധിച്ചത്.

സാവരിയയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ ഹരിപ്പാട് പോലീസ് കഴിഞ്ഞ ജൂലൈയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും, മറ്റൊരു രാജ്യത്ത് നടന്ന കുറ്റകൃത്യമായതിനാൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത അന്വേഷണ സംഘം പെൺകുട്ടിയുടെ രക്ഷിതാക്കളുടെയും പ്രതിയുടെ വീട്ടുകാരുടെയും സഹപാഠികളുടെയും മൊഴിയെടുത്തിരുന്നു. ഉസ്‌ബെക്കിസ്ഥാനിൽ നിന്ന് വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള കേസുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കാനുള്ള ശ്രമം തുടരുന്നതിനിടയിലാണ് വിദേശ കോടതിയുടെ വിധി വന്നത്.

അതേസമയം, ഉസ്‌ബെക്കിസ്ഥാനിൽ കൊലപാതക കുറ്റത്തിന് പരമാവധി ശിക്ഷ 10 വർഷമാണെന്നും അതുകൊണ്ട് കോടതി വിധിയിൽ തൃപ്തിയുണ്ടെന്നും സാവരിയയുടെ അച്ഛൻ പ്രതികരിച്ചു. കേരളത്തിലായിരുന്നെങ്കിൽ പ്രതിക്ക് ഇത്രവേഗം ശിക്ഷ ലഭിക്കില്ലായിരുന്നുവെന്നും വിദേശത്ത് ലഭിച്ച ശിക്ഷ കാഠിന്യമേറിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Content Highlights: Kerala Crime Branch is considering closing the investigation into Savaria Basanth's murder due to legal limitations on dual trials for the same crime., The accused, Sadarul Anam, was sentenced to 8.5 years in prison by an Uzbekistan court., Savaria Basanth, a first-year MBBS student at Bukhara State Medical University, was killed in July., The victim's father expressed satisfaction with the foreign court's swift judgment.