സോളാര്‍: 'CBI കണ്ടെത്തല്‍ പ്രാധാന്യമുള്ളത്, കത്ത് അച്ഛന്‍ കണ്ടിട്ടുണ്ട്'- ബാലകൃഷ്ണപിള്ളയുടെ മകള്‍

ഉഷ മോഹന്‍ദാസ് | Photo: Screen grab/ Mathrubhumi News
ഉഷ മോഹന്‍ദാസ് | Photo: Screen grab/ Mathrubhumi News

കൊല്ലം: സോളാര്‍ പീഡനക്കേസില്‍ സി.ബി.ഐയുടെ കണ്ടെത്തലിന് അതിന്റേതായിട്ടുള്ള പ്രാധാന്യം ഉണ്ടാവുമെന്നാണ് വിശ്വസിക്കുന്നതെന്ന് അന്തരിച്ച ആര്‍. ബാലകൃഷ്ണപ്പിള്ളയും മകളും കേരള കോണ്‍ഗ്രസ് (ബി) എം.എല്‍.എ. കെ.ബി. ഗണേഷ്‌കുമാറിന്റെ സഹോദരിയുമായ ഉഷ മോഹന്‍ദാസ്. ആര്‍. ബാലകൃഷ്ണപ്പിള്ള ഗൂഢാലോചനയുടെ പിറകേ പോയിട്ടില്ല. അതിന് താത്പര്യമുള്ള ആളല്ല. എന്നാല്‍, പരാതിക്കാരിയുടെ കത്ത് അദ്ദേഹം കണ്ടിട്ടുണ്ട്. അച്ഛന്റെ കൈയില്‍ കത്തെത്തിയിട്ടുണ്ട്. കുടുംബപരമായ ചില സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്നായിരിക്കാം ഈ എഴുത്ത് സ്വീകരിക്കേണ്ടി വന്നത്. ആ എഴുത്ത് അച്ഛന്‍ വായിക്കുകയും അതിന്റെ എല്ലാ ഡീറ്റയില്‍സും അച്ഛന് അറിയുകയും ചെയ്യാം. ക്രൈംബ്രാഞ്ചിന് അച്ഛന്‍ അതിന്റേതായ മൊഴി കൊടുത്തിട്ടുമുണ്ടെന്നും കേരള കോണ്‍ഗ്രസ് (ബി- ഉഷ മോഹന്‍ദാസ്) അധ്യക്ഷ കൂടിയായ അവര്‍ പറഞ്ഞു.

'ഉമ്മന്‍ചാണ്ടി സാറിനെക്കുറിച്ച് പറയുന്നതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോയെന്ന് ഞാന്‍ ചോദിച്ചു. ദൈവത്തെ സാക്ഷിനിര്‍ത്തിപ്പറയുകയാണെങ്കില്‍, അദ്ദേഹത്തെക്കുറിച്ച് ഒന്നും പരാമര്‍ശിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ വായിച്ച എഴുത്തില്‍ ഇല്ലായിരുന്നു, താനത് മൊഴി കൊടുത്തല്ലോ' എന്നായിരുന്നു ബാലകൃഷ്ണപ്പിള്ളയുടെ മറുപടിയെന്നും അവര്‍ വെളിപ്പെടുത്തി.

'ബാലകൃഷ്ണപ്പിള്ള പരാതിക്കാരിയെ കണ്ടിട്ടില്ല. ഇടനിലയില്‍നിന്നവരും പിന്നിലുള്ളവരുമാണ് സംസാരിച്ചത്. പേരുകളൊന്നും ഞാന്‍ പറയുന്നില്ല, ലോകത്തുള്ളവര്‍ക്ക് മുഴുവന്‍ അതറിയാം. ഈ എഴുത്ത് കണ്ടുപോയി എന്ന തെറ്റ് മാത്രമേ അച്ഛന്‍ ചെയ്തിട്ടുള്ളൂ. ഈ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേര് പറയേണ്ടകാര്യമില്ല. പരാതിക്കാരിയെ സഹായിച്ചു എന്നു പറയുന്നു. അദ്ദേഹം ഒരുപാടുപേരെ സഹായിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരു സഹായമാവും ചിലപ്പോള്‍', ഉഷ മോഹന്‍ദാസ് പറഞ്ഞു.

സോളാര്‍ പീഡനക്കേസ് ഗൂഢാലോചനയ്ക്ക് പിന്നിലെ സംഘം തന്നെയാണ് ഇടമലയാര്‍ കേസില്‍ അച്ഛനെതിരെ പ്രവര്‍ത്തിച്ചതാണെന്നാണ് തന്റെ വിശ്വാസം. ഇതിന് അന്വേഷണം പ്രഖ്യാപിക്കുന്ന കൂട്ടത്തില്‍ ഇടമലയാര്‍ കൂടെ ഒന്ന് അന്വേഷിക്കട്ടെയെന്നും അവര്‍ ആവശ്യപ്പെട്ടു.

Content Highlights: usha mohandas r balakrishna pillai solar rape case kb ganesh kumar sharanya manoj