ദൈവവിളിയെത്തി; അമേരിക്കയില്‍ ഡോക്ടറും എന്‍ജിനീയറും ആയിരുന്നവര്‍ വൈദിക വൃത്തിയിലേക്ക്

#രാജേഷ് ജോര്‍ജ്
ബ്രദർ അന്തോണി, ബ്രദർ മാത്യു ജേക്കബ് എന്നിവർ ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിനൊപ്പം
ബ്രദർ അന്തോണി, ബ്രദർ മാത്യു ജേക്കബ് എന്നിവർ ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിനൊപ്പം

കൊച്ചി: ദൈവവിളിയുടെ നിഗൂഢ സൗന്ദര്യത്തെക്കുറിച്ച് എത്ര പറഞ്ഞാലും ഇവര്‍ക്ക് മതിയാകില്ല... ഒരാള്‍ അമേരിക്കയില്‍ എന്‍ജിനിയറായിരുന്നു, മറ്റൊരാള്‍ അമേരിക്കയില്‍ത്തന്നെ ഡോക്ടറും. ഇരുവരും ഒടുവില്‍ തിരഞ്ഞെടുത്തതാകട്ടെ വൈദികവൃത്തിയും. ഇത് തങ്ങളുടെ തിരഞ്ഞെടുപ്പല്ല, ദൈവം നിയോഗിച്ചതാണെന്ന് ബ്രദര്‍ മാത്യു ജേക്കബും (35), ബ്രദര്‍ അന്തോണി (35) യും ഒരേ ശബ്ദത്തില്‍ പറയുന്നു.

വൈക്കം വെച്ചൂര്‍ പള്ളിവാതുക്കല്‍ പരേതനായ ജേക്കബ് മാത്യു - അല്‍ഫോന്‍സ ദമ്പതിമാരുടെ മകനാണ് ബ്രദര്‍ മാത്യു ജേക്കബ്. രാജഗിരി കോളേജില്‍നിന്ന് എന്‍ജിനിയറിങ് പൂര്‍ത്തിയാക്കി, എട്ടുവര്‍ഷം കൊച്ചിയിലും പിന്നീട് ജനറല്‍ ഇലക്ട്രിക് എന്ന ബഹുരാഷ്ട്ര കമ്പനിയുടെ ന്യൂയോര്‍ക്കിലെ ഓഫീസിലും ജോലിചെയ്തു. പിന്നീട് അതെല്ലാം ഉപേക്ഷിച്ചാണ് മാത്യു ജേക്കബ് വൈദിക പഠനത്തിലേക്ക് ചുവടുവെച്ചത്.

ക്രിസ്ത്യന്‍ യുവജന സംഘടനയായ ജീസസ് യൂത്തിന്റെ പ്രവര്‍ത്തകനായിരുന്നു. ഇന്ത്യയിലും യുഎസിലും കൗമാരക്കാര്‍, കാമ്പസ്, പ്രൊഫഷണലുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള സംഘടനയുടെ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. രണ്ട് സഹോദരിമാരുണ്ട്.

തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ബ്രദര്‍ അന്തോണി ചേര്‍ത്തല കുന്നുംപുറത്ത് തോമസ് - റാണി ദമ്പതിമാരുടെ മകനാണ്. അമേരിക്കയില്‍നിന്ന് ഇന്റേണല്‍ മെഡിസിനില്‍ സ്‌പെഷ്യലൈസേഷന്‍ പൂര്‍ത്തിയാക്കി. 2015-ല്‍ ജീസസ് യൂത്ത് മിഷന്റെ ഭാഗമായി ദരിദ്ര രാജ്യമായ ഹെയ്തിയില്‍ സാമൂഹിക സേവനത്തിന് നിയോഗിക്കപ്പെട്ടതാണ് ജീവിതത്തില്‍ വഴിത്തിരിവായത്.

ഒരു വര്‍ഷത്തെ മിഷന്‍ പ്രവര്‍ത്തനത്തിനിടെ വൈദികനാകണമെന്ന തീരുമാനം മനസ്സിലുറപ്പിച്ചു. ജീസസ് യൂത്ത് ഓഫ് അമേരിക്ക നാഷണല്‍ മിഷന്‍ ടീമില്‍ അംഗമാണ്. സഹോദരനും സഹോദരിയും അമേരിക്കയിലാണ്. വൈദികനായ ശേഷവും ദരിദ്രരാജ്യങ്ങളില്‍ സാമൂഹിക സേവനം നടത്തണമെന്നാണ് ആഗ്രഹമെന്ന് ബ്രദര്‍ അന്തോണി പറയുന്നു.

ഫ്‌ലോറിഡയിലെ സെയ്ന്റ് വിന്‍സെന്റ് ഡി പോള്‍ റീജണല്‍ സെമിനാരിയിലാണ് ഇരുവരുടെയും പഠനം. അഞ്ചുവര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ ബ്രദര്‍ മാത്യു ശനിയാഴ്ച ഡീക്കനായി ഉയര്‍ത്തപ്പെട്ടു. പഠനം നാലാം വര്‍ഷത്തിലേക്ക് കടന്ന അന്തോണി സബ് ഡീക്കന്‍ പട്ടവും നേടി.

കളമശ്ശേരി രാജഗിരി പള്ളിയില്‍ നടന്ന ചടങ്ങില്‍ ഷിക്കാഗോ സിറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് കാര്‍മികനായി. ഇരുവരുടെയും കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, സെമിനാരിയില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights: Two Indian professionals, an engineer and a doctor in the US, leave their careers to become priests.