അരീക്കാട് സ്കൂളിലെ ലോകകപ്പ് പന്ത് മോഷ്ടിക്കാനെത്തിയ 'ഫുട്ബോൾ കള്ളൻ' ഇന്നും ‘പിടികിട്ടാപ്പുള്ളി’

#പ്രദീപ് പയ്യോളി
സ്കൂൾ മാനേജർ ഖത്തറിൽനിന്ന് കൊണ്ടുവന്ന പന്ത് സ്കൂളിന് സമ്മാനിക്കുന്നു (ഫയൽ ചിത്രം)
സ്കൂൾ മാനേജർ ഖത്തറിൽനിന്ന് കൊണ്ടുവന്ന പന്ത് സ്കൂളിന് സമ്മാനിക്കുന്നു (ഫയൽ ചിത്രം)

തിരൂർ: തലക്കടത്തൂർ അരീക്കാട് എ.എം.യു.പി. സ്കൂളിൽ സൂക്ഷിച്ചിരുന്ന 2022-ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക പന്തായ 'അൽ രിഹ് ല' മോഷ്ടിക്കാൻ ശ്രമിച്ച കള്ളൻ പോലീസിന് ഇന്നും ‘പിടികിട്ടാപ്പുള്ളി’യായി തുടരുന്നു. സ്കൂളിൽ സൂക്ഷിച്ചിരുന്ന പന്ത് മോഷ്ടിക്കാൻ കള്ളൻ സാഹസികമായ ശ്രമം നടത്തിയത് നാലുവർഷം മുൻപാണ്.

സ്കൂൾ മാനേജർ അബ്ദുൾ റൗഫ് മുത്താണിക്കാട് ഖത്തറിൽനിന്ന് കൊണ്ടുവന്ന് സ്കൂളിന് സമ്മാനിച്ച ഈ പന്ത്, അന്നത്തെ പ്രഥമാധ്യാപിക പി.എസ്. സുധാകുമാരിയുടെ ഓഫീസിലെ അലമാരയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഓഫീസ് മുറിയുടെ ഓട് നീക്കി സീലിങ് മുറിച്ചുമാറ്റിയ ശേഷം പ്ലാസ്റ്റിക് കയറിൽ തൂങ്ങിയാണ് മോഷ്ടാവ് മുറിക്കകത്ത് പ്രവേശിച്ചത്. എന്നാൽ, അലമാരയുടെ താക്കോൽ അധ്യാപിക വീട്ടിൽ കൊണ്ടുപോയിരുന്നതിനാൽ മോഷണശ്രമം പരാജയപ്പെടുകയായിരുന്നു.

മോഷണം നടക്കുന്നതിന് മുൻപായി സ്കൂളിനടുത്തുള്ള വീടിന്റെ മതിലിൽ 'ഇന്ന് ഇവിടെ കള്ളൻ കയറും' എന്ന് ചോക്കുകൊണ്ട് എഴുതിവെച്ചിരുന്നു. മോഷ്ടാവിനെ കണ്ടെത്താൻ താനൂർ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

പന്ത് മോഷ്ടിക്കാൻ ശ്രമിച്ച കള്ളനാരെന്നറിയാൻ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും നാലു വർഷമായി കാത്തിരിക്കുകയാണ്. 2026-ലെ ലോകകപ്പ് ആരവങ്ങൾ അവസാനിക്കുമ്പോഴെങ്കിലും മോഷ്ടാവിന് മാനസാന്തരം ഉണ്ടാകുമെന്നും താൻ ആരാണെന്ന് വെളിപ്പെടുത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് സ്കൂൾ അധികൃതരും പ്രദേശവാസികളും.

Content Highlights: The 2022 Qatar World Cup 'Al Rihla' ball was targeted for theft at an AMUP school in Tirur., The thief entered through the ceiling using a rope but failed to open the locked cupboard., The incident was preceded by a warning written in chalk on a nearby wall., Tanur police have been unable to identify the suspect for four years., Local residents hope for a breakthrough as the 2026 World Cup approaches.