മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍
തിരുവനന്തപുരം: മൂന്നാറിലെ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍. മൂന്നാറിലെ അനധികൃതനിര്‍മാണങ്ങള്‍ പൊളിച്ചുനീക്കണം. കൈയ്യേറ്റത്തിനെതിരെ മൂന്നാറില്‍ സ്വീകരിച്ച നടപടിയും തല്‍സ്ഥിതിയും സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ നല്‍കണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്നാറിലെ എല്ലാ അനധികൃത നിര്‍മാണങ്ങളും നീക്കണമെന്നാണ് ഉത്തരവ്. ഇതുവരെ നിയമലംഘകര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു, മൂന്നാറിലെ ഇപ്പോഴത്തെ സ്ഥിതിയെന്താണ് എന്നീ കാര്യങ്ങള്‍ വിശദമാക്കി ഇനി കേസ് പരിഗണിക്കുമ്പോള്‍ വനം, പരിസ്ഥിതി, റവന്യൂ വകുപ്പുകള്‍ ട്രൈബ്യൂണലിന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. മാര്‍ച്ച് 17ന് ആണ് ഇനി ട്രൈബ്യൂണല്‍ കേസ് പരിഗണിക്കുക.
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും ഭവനനിര്‍മാണ ബോര്‍ഡ് ചെയര്‍മാനുമായ പി.പ്രസാദിന്റെ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണലിന്റെ നിര്‍ണായകമായ ഉത്തരവുണ്ടായിരിക്കുന്നത്. മൂന്നാറിലെ ആവാസവ്യവസ്ഥയ്ക്ക് ഹാനികരമായിട്ടുള്ള അനധികൃത നിര്‍മിതികള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ടായിരുന്ന ഹര്‍ജി.
മാതൃഭൂമി ദിനപ്പത്രം മൂന്നാറിലെ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതുകൂടി ചൂണ്ടിക്കാട്ടിയായിരുന്നു പി. പ്രസാദിന്റെ ഹര്‍ജി.
Content Highlights: unauthorised construction in munnar- green tribunal order
Content Highlights: