മിഠായിത്തെരുവിലും അശാസ്ത്രീയനിര്‍മാണം; നിര്‍മാതാക്കള്‍ യു.എല്‍.സി.സി

കോഴിക്കോട്: മിഠായിത്തെരുവില്‍ നവീകരണത്തിന്റെ ഭാഗമായി ഓവുചാലുകളുടെ മുകളിലിട്ട സ്ലാബും ടൈലുകളും അശാസ്ത്രീയമായ നിര്‍മിതിയായതിനാല്‍ പൊളിച്ചുനീക്കേണ്ടിവരുമെന്ന് കോര്പ്പറേഷന്. ഒരു മാസമായി തുടരുന്ന കുടിവെള്ളപ്രശ്നവും ഓവുചാലുകളുടെ തടസ്സവും നീക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ എസ്.കെ. അബൂബക്കര്‍ കൗണ്‍സിലില്‍ ശ്രദ്ധ ക്ഷണിച്ചപ്പോഴാണ് കോര്പ്പറേഷന് സൂപ്രണ്ടിങ് എന്‍ജിനിയര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഡി.ടി.പി.സി.യാണ് തെരുവ് നവീകരിച്ചത്. നിര്‍മാണം നടത്തിയ യു.എല്‍.സി.സി.ക്ക് തന്നെയായിരുന്നു പരിപാലനച്ചുമതല. ജൂലായ് 25-നാണ് മിഠായിത്തെരുവിന്റെ ചുമതല കോര്പ്പറേഷന് കൈമാറിയത്. നിര്‍മാണത്തില്‍ അപാകത ഉണ്ട്. ഇപ്പോഴും ബ്ലോക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒരുഭാഗത്തെ ടൈല്‍ പൊളിച്ച് പ്രശ്നം പരിഹരിക്കാന്മാത്രം 10 ലക്ഷം രൂപയ്ക്കുമുകളില്‍ ചെലവുവരും. അതിനാല്‍ പൊളിച്ച് പണിയേണ്ടിവരും.
പണി പൂര്‍ത്തിയായിട്ട് നാലുവര്‍ഷമേ ആയിട്ടുള്ളൂ. ഇക്കാര്യം കളക്ടറുടെ ശ്രദ്ധയില്പ്പെടുത്തേണ്ടിവരുമെന്നും സൂപ്രണ്ടിങ് എന്‍ജിനിയര്‍ ദിലീപ് പറഞ്ഞു. കുടിവെള്ളപ്രശ്നത്തിന് ഉടന്‍ താത്കാലികപരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്ന് മേയര്‍ പറഞ്ഞു.
Content Highlights: ulcc sm street