UGC ശമ്പളക്കുടിശ്ശിക:കേന്ദ്രം ഓര്‍മിപ്പിച്ചു, കേരളം കേട്ടില്ല, 750 കോടിരൂപ നഷ്ടപ്പെടുത്തി

പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

തിരുവനന്തപുരം: കോളേജ് അധ്യാപകരുടെ യു.ജി.സി. ശമ്പളക്കുടിശ്ശികയ്ക്കുള്ള അപേക്ഷ സമയബന്ധിതമായി കേന്ദ്രസര്‍ക്കാരിനുനല്‍കാതെ കേരളം നഷ്ടപ്പെടുത്തിയത് 750 കോടി രൂപ. അപേക്ഷ നല്‍കാത്തതിനാല്‍ കുടിശ്ശിക നല്‍കാനാവില്ലെന്ന് കേന്ദ്രം പലതവണ സംസ്ഥാനത്തെ അറിയിച്ചിരുന്നു. ഇത് മറച്ചുവെച്ച്, കേന്ദ്രം കുടിശ്ശിക നല്‍കിയില്ലെന്ന ആരോപണവുമായി ആനുകൂല്യവിതരണം മരവിപ്പിച്ചിരിക്കയാണ് സംസ്ഥാന സര്‍ക്കാര്‍.

ഓഗസ്റ്റ് 31-ന് നിയമസഭയില്‍ ചോദ്യംവന്നപ്പോള്‍, കേന്ദ്രം കുടിശ്ശിക നിഷേധിച്ചകാര്യം ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു അറിയിച്ചിരുന്നു. എന്നാല്‍, സംസ്ഥാനത്തിന്റെ വീഴ്ച പരാമര്‍ശിച്ചില്ല. കുടിശ്ശികവിതരണം മരവിപ്പിച്ച് ജനുവരി 21-ന് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിലും കേന്ദ്രത്തിനാണ് പഴി. കുടിശ്ശിക നല്‍കില്ലെന്ന് കഴിഞ്ഞവര്‍ഷംതന്നെ കേന്ദ്രം വ്യക്തമാക്കിയതിനാല്‍, ആ ബാധ്യത സംസ്ഥാനത്തിന്റേതായി. കടുത്ത സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനിത് വെല്ലുവിളിയാവും.

കുടിശ്ശികനല്‍കാനാവില്ലെന്ന് അറിയിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം അണ്ടര്‍ സെക്രട്ടറി 2022 ജൂലായ് 27-നാണ് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസസെക്രട്ടറിക്ക് കത്തയച്ചത്.

ശമ്പളക്കുടിശ്ശിക അനുവദിക്കുന്നതിന്റെ ഭാഗമായി ശുപാര്‍ശകളുടെ സമ്പൂര്‍ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷംമാത്രം കേന്ദ്രം രണ്ടുകത്തയച്ചു. 2022 ഫെബ്രുവരി 24-നും മാര്‍ച്ച് പത്തിനും അയച്ച കത്തുകളില്‍ ശുപാര്‍ശ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണെന്നും വ്യക്തമാക്കിയിരുന്നു. പലവട്ടം നീട്ടിനല്‍കിയതിനാല്‍ മാര്‍ച്ച് 31-നുശേഷം സാവകാശം അനുവദിക്കില്ലെന്നും പറയുന്നു. ഈ സമയക്രമം കേരളം പാലിച്ചില്ലെന്നുമാത്രമല്ല, അതിനുശേഷം അയച്ച റിപ്പോര്‍ട്ട് അപൂര്‍ണവുമായിരുന്നു. ഇതോടെയാണ് കുടിശ്ശിക നല്‍കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചത്.

കുടിശ്ശിക മൂന്നുവര്‍ഷം

2016 ജനുവരി ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയാണ് ഏഴാം ശമ്പള പരിഷ്‌കരണത്തിലെ കുടിശ്ശിക. സര്‍വകലാശാലകളിലെയും കോളേജുകളിലെയും അധ്യാപകരാണ് അര്‍ഹരായവര്‍. മൊത്തം 1500 കോടി രൂപയില്‍ പകുതിയാണ് കേന്ദ്രം വഹിക്കുക. അതിനായി സമര്‍പ്പിക്കേണ്ട 750 കോടി രൂപയുടെ ശുപാര്‍ശയിലാണ് കേരളത്തിന്റെ വീഴ്ച.

Content Highlights: UGC salary arrears Kerala