ഉഡുപ്പി-കാസര്‍കോട്, കാസര്‍കോട്-വയനാട് 400 കെവി ലൈന്‍: നഷ്ടപരിഹാര പാക്കേജിന് അന്തിമരൂപം

പ്രതീകാത്മക ചിത്രം/ AFP
പ്രതീകാത്മക ചിത്രം/ AFP

പൊയിനാച്ചി: ഉഡുപ്പി-കാസര്‍കോട്, കാസര്‍കോട്-വയനാട് 400 കെവി ലൈന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര പാക്കേജിന് അന്തിമരൂപമായതായും അംഗീകാരം നല്‍കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതായും വൈദ്യുതമന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ ബുധനാഴ്ച അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഉഡുപ്പി-കാസര്‍കോട് ട്രാന്‍സ്മിഷന്‍ 400 കെവി ലൈനിന്റെ നിര്‍മാണത്തോടനുബന്ധിച്ച് ലൈനിന് കീഴിലുള്ള വീടുകള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ നാശമുണ്ടായാല്‍ പിഡബ്ല്യുഡി അടങ്കല്‍ പ്രകാരം പരമാവധി ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ടവര്‍ സ്ഥാപിക്കുന്ന സ്ഥലത്തിന് ഭൂമിയുടെ ന്യായവിലയുടെ 340 ശതമാനം നഷ്ടപരിഹാരം അനുവദിക്കും. ലൈന്‍ കടന്നുപോകുന്ന സ്ഥലത്തിന് ഭൂമിയുടെ ന്യായവിലയുടെ 60 ശതമാനം നല്‍കും. പദ്ധതിക്കായി മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്ക് കാസര്‍കോട് കളക്ടര്‍ നിശ്ചയിക്കുന്ന വില നല്‍കും. ലൈന്‍ കടന്നുപോകുന്ന സ്ഥലം നിരപ്പാണെങ്കില്‍ 46 മീറ്റര്‍ വീതിയില്‍ മരംവെട്ടാനുള്ള നഷ്ടപരിഹാരം കണക്കാക്കണം. താഴ്ചയുള്ള പ്രദേശങ്ങളില്‍ 30 മീറ്റര്‍ വീതിയില്‍ സ്ഥലങ്ങളിലെ മരങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കും. ഭൂമിയുടെ ന്യായവില സെന്റിന് 5000 രൂപയെക്കാള്‍ കുറഞ്ഞ സ്ഥലങ്ങളില്‍ ന്യായവില സെന്റിന് 5000 രൂപയായി നിജപ്പെടുത്തി നഷ്ടപരിഹാരം കണക്കാക്കും.

വയനാട്-കാസര്‍കോട് 400 കെവി ലൈന്‍

വയനാട്-കാസര്‍കോട് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ നഷ്ടപരിഹാരത്തിന് പലകാര്യങ്ങളിലും നേരത്തേ നടന്ന ചര്‍ച്ചകളില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞിരുന്നു. സമവായമുണ്ടാകാത്ത വിഷയങ്ങള്‍ വീണ്ടും പരിശോധിച്ച് അന്തിമമാക്കിയ തീരുമാനങ്ങള്‍ ഇതാണ്. * സ്ഥലത്തിന് ഭൂമിയുടെ ന്യായവിലയുടെ 60 ശതമാനം നഷ്ടപരിഹാരം നല്‍കും. * ടവര്‍ സ്ഥാപിക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ 340 ശതമാനം ലഭിക്കും. * ഏറ്റവും കുറഞ്ഞത് സെന്റിന് 7000 രൂപ ന്യായവില കണക്കാക്കും. * മരങ്ങള്‍ക്ക് അതത് കളക്ടര്‍മാര്‍ നിശ്ചയിക്കുന്ന വില അനുവദിക്കും. * ലൈനിന് താഴെ വരുന്നതും തുടര്‍ന്ന് അതേപടി നിലനില്‍ക്കുന്നതുമായ വീടുകള്‍ക്ക് രണ്ടുലക്ഷം രൂപ അധിക നഷ്ടപരിഹാരമായി നല്‍കും.

വരുന്നത് 240 കിലോമീറ്റര്‍ നീളത്തില്‍ 400 കെവി ലൈന്‍

സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അംഗീകാരം ലഭിച്ച 400 കെവി ലൈന്‍ താരിഫ് ബേസ്ഡ് കോംപറ്റിറ്റീവ് ബിഡ്ഡിങ് അടിസ്ഥാനത്തിലാണ് നിര്‍മിക്കുന്നത്. ഉഡുപ്പി-കരിന്തളം 400 കെവി ലൈന്‍ കര്‍ണാടകയിലെ ഉഡുപ്പി-ദക്ഷണ കന്നഡ ജില്ലകളിലൂടെ 68 കിലോമീറ്ററും കേരളത്തില്‍ കാസര്‍കോട് ജില്ലയിലൂടെ 47 കിലോമീറ്ററുമാണ് കടന്നുപോകുന്നത്. ഈ ലൈനിന്റെ തുടര്‍ച്ചയായാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് കാസര്‍കോട്-വയനാട് 400 കെവി ഡബിള്‍ സര്‍ക്യൂട്ട് ട്രാന്‍സ്മിഷന്‍ ലൈന്‍ നിര്‍മിക്കുന്നത്. നോര്‍ത്ത് ഗ്രീന്‍ എനര്‍ജി കോറിഡോര്‍ പദ്ധതിയില്‍ എല്‍ ആന്‍ഡ് ടി യുമായി ടേണ്‍ കീ അടിസ്ഥാനത്തില്‍ 2022-ലാണ് കരാറില്‍ ഒപ്പിട്ടത്. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലായി 125 കിലോമീറ്ററാണ് ലൈനിന്റെ ദൂരം. ഇതിനായി 108 ടവറുകളുടെ ഫൗണ്ടേഷന്‍ സ്ഥാപിച്ചെങ്കിലും പ്രത്യേക നഷ്ടപരിഹാര പാക്കേജിനായി ഭൂവുടമകള്‍ രംഗത്തുള്ളതിനാല്‍ അനിശ്ചിതത്വത്തിലാകുകയായിരുന്നു. പദ്ധതിപ്രവര്‍ത്തനങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കുന്നതിന് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം വേണമെന്നും അല്ലെങ്കില്‍ ലൈന്‍ കടന്നുപോകുന്ന ജില്ലകളിലെ വൈദ്യുത ആവശ്യകത നിറവേറ്റാന്‍ കഴിയാതെ വരുമെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.

Content Highlights: Kerala government finalizes compensation package for Udupi-Kasaragod and Kasaragod-Wayanad 400 KV power line construction. Details on land, houses, and tree compensation.