പി.എം.ശ്രീയിൽ പറഞ്ഞുകുടുങ്ങി യുഡിഎഫ്; കുഞ്ഞാലിക്കുട്ടി തിരുത്തി, അടൂർ പ്രകാശ് മലക്കം മറിഞ്ഞു

#ന്യൂസ് ഡെസ്ക്
അടൂർ പ്രകാശ്, പി.കെ. കുഞ്ഞാലിക്കുട്ടി | Photo: mathrubhumi
അടൂർ പ്രകാശ്, പി.കെ. കുഞ്ഞാലിക്കുട്ടി | Photo: mathrubhumi

തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതിയുമായി യു.ഡി.എഫ്. മുന്നോട്ടെന്നതരത്തിൽ പറഞ്ഞ കൺവീനർ അടൂർ പ്രകാശിനെ ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി തിരുത്തി. യു.ഡി.എഫ്. യോഗം അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതിനു പിന്നാലെ, പദ്ധതി തുടരാൻ തീരുമാനിച്ചിട്ടില്ലെന്നും വിഷയം മന്ത്രിസഭാ ഉപസമിതി പരിശോധിക്കുമെന്നുമുള്ള വിശദീകരണവുമായി അടൂർ പ്രകാശ് നിലപാട് മാറ്റി.

പദ്ധതിയുമായി മുന്നോട്ടുപോകും എന്നൊരു വാക്ക് അടൂർ പ്രകാശ് വ്യാഴാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞില്ലെങ്കിലും അതുതന്നെയാണ് യു.ഡി.എഫ്. ഉദ്ദേശിക്കുന്നതെന്നു വ്യക്തമായിരുന്നു. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ നിലപാടുകളോട് ചേർന്നെന്ന സി.പി.എം. വിമർശനംകൂടി വന്നതോടെ അതിനെ പ്രതിരോധിക്കാനാണ് കുഞ്ഞാലിക്കുട്ടി രംഗത്തിറങ്ങിയത്.

യു.ഡി.എഫ്. യോഗതീരുമാനങ്ങൾ പോയിന്റുകളാക്കി കുറിച്ചുകൊണ്ടാണ് അടൂർ പ്രകാശ് പത്രസമ്മേളനത്തിന് എത്തിയതെങ്കിലും പറഞ്ഞുവന്നപ്പോൾ മാറ്റംവന്നു. ഉണ്ടായ ആശയക്കുഴപ്പം തത്കാലം പരിഹരിച്ചെന്നാണ് യു.ഡി.എഫിന്റെ ആശ്വാസം.

വ്യാഴാഴ്ച അടൂർ പ്രകാശ് പറഞ്ഞത്

കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച സാഹചര്യത്തിൽ പി.എം.ശ്രീ പദ്ധതി നടപ്പാക്കാതെ വഴിയില്ല. വിദ്യാഭ്യാസത്തിനുള്ള കേന്ദ്രസഹായം സംസ്ഥാനത്തിന് ലഭിക്കണമെങ്കിൽ പദ്ധതി നടപ്പാക്കേണ്ടിവരും. ഏത് സ്‌കൂളുകളെയാണ് ഉൾപ്പെടുത്തുന്നതെന്ന കാര്യത്തിൽ മാത്രമാണ് വ്യക്തതവേണ്ടത്.

വെള്ളിയാഴ്ച പി.കെ. കുഞ്ഞാലിക്കുട്ടി

യു.ഡി.എഫ്. യോഗത്തിൽ പി.എം.ശ്രീ സംബന്ധിച്ച് ചർച്ചയേ ഉണ്ടായില്ല. ലീഗിനും കോൺഗ്രസിനും വ്യത്യസ്ത അഭിപ്രായമാണെന്നു പറയുന്നത് അടിസ്ഥാനരഹിതമാണ്. അങ്ങനെയൊരു അജൻഡയേ യോഗത്തിൽ ഉണ്ടായിരുന്നില്ല. മന്ത്രിസഭ ഇക്കാര്യത്തിൽ ഒരു സബ് കമ്മിറ്റിയെ വെച്ചിട്ടുണ്ട്. ആ കമ്മിറ്റിയുടെ റിപ്പോർട്ടിനുശേഷം യു.ഡി.എഫും മുഖ്യമന്ത്രിയും അഭിപ്രായം പറയും. കേന്ദ്രം പറഞ്ഞ കണ്ടീഷനുകൾ ഒന്നും കേരളത്തിലെ പാഠ്യപദ്ധതിയിൽ നടപ്പാക്കാൻ പോകുന്നില്ല. അങ്ങനെ ഒരു ഘട്ടംവന്നാൽ എന്തുവേണമെന്ന് അപ്പോൾ പറയും.

പിന്നാലെ അടൂർ പ്രകാശ്

പദ്ധതിയിൽനിന്ന് പിന്മാറാൻ പറ്റില്ല എന്ന് പറഞ്ഞിട്ടില്ല. അത്തരം കാര്യങ്ങൾ യു.ഡി.എഫ്. ചർച്ചചെയ്യും. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽമാത്രമേ കാര്യങ്ങൾ ചെയ്യൂ എന്നാണ് പറഞ്ഞത്.

Content Highlights: UDF convenor Adoor Prakash's initial comments on the PM SHRI scheme caused internal confusion., Minister PK Kunhalikutty clarified that no decision has been taken by the UDF yet., The issue is currently under review by a cabinet sub-committee., The government asserts that no central conditions will be imposed on the state's curriculum.