ഖദറുമാറ്റി കറുപ്പാക്കി, ആരതി ഉഴിഞ്ഞു ഹാരമണിയിച്ച് UDF നേതാക്കൾക്ക് വരവേൽപ്പ്; പ്രത്യേക വഴിപാടും പൂജിച്ച മാലയും

പന്തളം: വിശ്വാസം സംരക്ഷിക്കണമെന്നും ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് അറുതിവരുത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകരായ ആയിരങ്ങൾ അയ്യപ്പന്റെ മണ്ണിൽ ഒത്തുചേർന്നു. പത്തനംതിട്ട-ആലപ്പുഴ ജില്ലാ അതിർത്തിയായ കാരയ്ക്കാട്ടുനിന്നുമാണ് വിശ്വാസ സംരക്ഷണ മഹാറാലി ആരംഭിച്ചത്. എംസി റോഡിലൂടെ ഏഴരക്കിലോമീറ്റർ താണ്ടിയാണ് യാത്ര അയ്യപ്പന്റെ മണ്ണിലേക്കെത്തിയത്. കുളനടയിലും പന്തളം മണികണ്ഠനാൽത്തറയിലും യാത്രയ്ക്ക് വരവേൽപ്പ് നൽകി. വൈകീട്ട് നാലരയോടെ കാരയ്ക്കാട്ടുനിന്നും തുടങ്ങിയ യാത്ര ആറരയോടെ സമ്മേളനവേദിയായ നഗരസഭാ ബസ്‍സ്റ്റാൻഡിലെത്തിച്ചേർന്നു. തുടർന്നാണ് ആയിരങ്ങളെ സാക്ഷിയാക്കി മഹാസംഗമം നടന്നത്.
ആരതി ഉഴിഞ്ഞു, ഹാരമണിയിച്ചു...
: യാത്രയ്ക്കൊപ്പം എത്തിയ നേതാക്കളെ അണികൾ ഹാരമണിയിച്ചും ആരതി ഉഴിഞ്ഞും പ്രസാദം തൊടുവിച്ചും വരവേറ്റു. മണികണ്ഠനാൽത്തറ ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോഴായിരുന്നു പന്തളത്തെ യുഡിഎഫ് പ്രവർത്തകർ നേതാക്കൾക്ക് സ്വീകരണമൊരുക്കിയത്. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എത്തിയവർ ക്ഷേത്രത്തിൽ പ്രത്യേകം വഴിപാടുകഴിച്ച പ്രസാദവും പൂജിച്ച മാലയുമായാണ് സ്വീകരിച്ചത്.
ഖദറുമാറ്റി കറുപ്പാക്കി പ്രവർത്തകർ
: വെള്ളയും വെള്ളയും ധരിച്ചെത്താറുള്ള നേതാക്കളിൽ കുറെപ്പേർ ശബരിമലയിലേക്ക് പോകുന്ന വേഷമണിഞ്ഞാണ് സമ്മേളനത്തിനെത്തിയത്. കറുപ്പുകൈലിയും കറുത്ത ഷർട്ടുമായിരുന്നു വേഷം. ഇവരാണ് മണികണ്ഠനാൽത്തറയിൽ നേതാക്കളെ സ്വീകരിച്ചത്. ഘോഷയാത്രയിലും സമ്മേളനനഗരിയിലും കറുപ്പുവേഷധാരികളായ അണികൾ കാര്യങ്ങൾ നിയന്ത്രിക്കുന്നുണ്ടായിരുന്നു. ഘോഷയാത്രയിൽ പങ്കെടുത്തവർ ശരണംവിളിച്ചും യാത്രയ്ക്ക് ശക്തിപകർന്നു.
മഹിളാകോൺഗ്രസ് മുത്തുക്കുടയുമായി വരവേറ്റു
: ഘോഷയാത്ര പന്തളം കവലയിലേക്കെത്തിയപ്പോൾ കോൺഗ്രസ് പന്തളം ബ്ലോക്ക് കമ്മിറ്റിഭാരവാഹികളും മഹിളാ കോൺഗ്രസ് പ്രവർത്തകരും മുത്തുക്കുടയും തോരണങ്ങളുമായി വരവേറ്റു. പന്തളം കുറുന്തോട്ടയം പാലത്തിന് സമീപത്തായിരുന്നു മഹിളാ കോൺഗ്രസിന്റെ വരവേൽപ്പ്. കേരളീയ വേഷമണിഞ്ഞ പ്രവർത്തകർ മുത്തുക്കുടകളുമായി ഘോഷയാത്രയ്ക്കൊപ്പം സമ്മേളന നഗരിവരെ നേതാക്കളെ എത്തിച്ചു.
മഴ മാറിനിന്നു, ഗതാഗതതടസ്സവും ഭാഗികം
:മൂന്നുദിവസമായി വൈകുന്നേരങ്ങളിൽ തകർത്തുപെയ്തിരുന്ന മഴ ശനിയാഴ്ച മാറിനിന്നത് പ്രവർത്തകർക്ക് അനുഗ്രഹമായി. രാവിലെ മുതൽ കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ ഒരുക്കങ്ങൾക്കും മുടക്കംവന്നില്ല. വലിയ പന്തൽ ഇട്ടിരുന്നില്ലെങ്കിലും കാണികൾക്ക് ഇരിക്കുന്നതിനായി ചെറിയ പന്തലുകൾ പലയിടത്തായി ഒരുക്കിയിരുന്നു. നാലരയ്ക്ക് കാരയ്ക്കാട്ടുനിന്നും വിശ്വാസ സംരക്ഷണയാത്ര ആരംഭിച്ചതുമുതൽ വാഹനങ്ങൾ ഒരു അരികിലൂടെ കടത്തിവിട്ട് ഗതാഗതതടസ്സമുണ്ടാകാതെ പോലീസും വൊളന്റിയർമാരും ശ്രദ്ധിച്ചു. മണികണ്ഠനാൽത്തറ മുതലായിരുന്നു റോഡിൽ വലിയ തിരക്കനുഭവപ്പെട്ടത്. നേതാക്കൾ ധാരാളം പങ്കെടുത്തിരുന്നതിനാൽ വഴിക്കിരുവശവും കാണികളും ധാരാളം തടിച്ചുകൂടിയിരുന്നു. തിരക്ക് കൂടിയപ്പോൾ മാത്രമാണ് ഗതാഗതം പന്തളം കവലയിൽനിന്നും തുമ്പമൺ അമ്പലക്കടവുവഴി കുളനടയിലേക്കും കുളനടയിൽ നിന്നും തിരിച്ച് ഇതേവഴിയിലൂടെ പന്തളത്തേക്കും തിരിച്ചുവിട്ടത്. വാഹന പാർക്കിങും ഗതാഗതത്തിന് തടസ്സമായില്ല.
Content Highlights: UDF's Massive Rally in Pandalam: Thousands Unite for Faith and Against Sabarimala 'Gold Theft'