‘ആരുടെയും പിന്നാലെ നടക്കില്ല,രണ്ടും രണ്ടും എപ്പോഴും നാലാകില്ല; മുന്നണി വിപുലീകരണം സസ്പെന്‍സ്, വരുന്നത് പാര്ട്ടികളാകണമെന്നില്ല’

തിരുവനനന്തപുരം: യുഡിഎഫ് എന്നാല്‍ വെറും ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു മുന്നണി മാത്രമല്ലെന്നും മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്കുന്ന, വളരെ വിപുലമായ ഒരു വലിയ പൊളിറ്റിക്കല്‍ പ്ലാറ്റ്ഫോം ആയി മാറുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
യുഡിഎഫിനെ ചെറുതായി കണ്ട പലരുടെയും കണക്കുകൂട്ടലുകള്‍ തെറ്റാന്‍ കാരണം ഈ പൊളിറ്റിക്കല്‍ പ്ലാറ്റ്ഫോം എന്താണെന്ന് അവര്‍ക്ക് ബോധ്യമാകാതിരുന്നതുകൊണ്ടാണ്. രണ്ടും രണ്ടും പലപ്പോഴും നാലാകില്ല. പല കണക്കൂട്ടലുകാരുടേയും കണക്കുകള്‍ അതുകൊണ്ടാണ് തെറ്റുന്നതെന്നും സതീശന് പറഞ്ഞു.
ഒപ്പീനിയന് മേക്കേഴ്സ് ഉള്‍പ്പെടെയുള്ള ഒരുപാട് വിഭാഗം ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ ഒരു പൊളിറ്റിക്കല്‍ പ്ലാറ്റ്ഫോമാണ് യുഡിഎഫെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പോള്‍ യുഡിഎഫിന്റെ അടിത്തറ ഒന്നുകൂടി വിപുലീകരിക്കുമെന്നും, നിലവിലുള്ളതിനേക്കാള്‍ ശക്തമായ യുഡിഎഫ് ആയിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത് അദ്ദേഹം പറഞ്ഞു. മുന്നണിയുടെ അടിത്തറ പലതരത്തില്‍ പല രീതിയിലായിരിക്കും വിപുലീകരിക്കപ്പെടുന്നത്. ഇതില്‍ ചിലപ്പോള്‍ എല്‍ഡിഎഫിലെ ഘടകക്ഷികള്‍ ഉണ്ടാകാം, എന്‍ഡിഎയിലെ ഘടകക്ഷികള്‍ ഉണ്ടാകാം, അല്ലെങ്കില്‍ ഇതിലൊന്നും പെടാത്ത പൊതുസമൂഹത്തില്‍ പെട്ട പലരും ഉണ്ടാകാം.എന്നാല്‍, ഈ വിപുലീകരണത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയാല്‍ അതിന്റെ സസ്പെന്‍സ് നഷ്ടപ്പെടുമെന്നും അതിനാല്‍ കാത്തിരുന്ന് കാണാമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ യുഡിഎഫില്‍ ആരുമായിട്ടും ചര്‍ച്ചയൊന്നും നടക്കുന്നില്ല. കേരള കോണ്‍ഗ്രസ് (എം) പോയതുകൊണ്ട് നഷ്ടമുണ്ടായി എന്ന് പറഞ്ഞിരുന്ന കോട്ടയം ജില്ലയില്‍ വലിയ രാഷ്ട്രീയ വിജയം നേടാന്‍ യുഡിഎഫിന് സാധിച്ചു. കോണ്‍ഗ്രസ് ആരുടെയും പിന്നാലെ നടക്കുകയോ ക്ഷണിക്കുകയോ ചര്‍ച്ച ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ലെന്നും, ഇനി അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചു എന്നതുകൊണ്ട് എല്ലാമായി എന്ന് വിചാരിക്കുന്നില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ആഗ്രഹിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ എത്തിക്കാന്‍ ഇതിനേക്കാള്‍ കഠിനാധ്വാനം നടത്തേണ്ടതുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് കാരണം യുഡിഎഫിലെ നേതാക്കന്മാരും പ്രവര്‍ത്തകരും അവര്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചതാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഇതിലും ഇരട്ടി ജോലിയാണ് ഏല്‍പ്പിക്കാന്‍ പോകുന്നത്, അത് അവര്‍ ഭംഗിയായി ചെയ്യമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Kerala`s UDF is evolving into a broad political platform, not just a coalition. Opposition Leader VD Satheesan