ഷിബു, വിഷ്ണുനാഥ്, ബിന്ദു… മന്ത്രിസഭയിൽ കൊല്ലത്തുനിന്ന് മൂന്നുപേർ, ചാമക്കാലയ്ക്കായി സമ്മർദം

കൊല്ലം: പത്തുവർഷത്തിനുശേഷം ഭരണത്തിലെത്തുന്ന യു.ഡി.എഫ്. മന്ത്രിസഭയിൽ ജില്ലയിൽനിന്ന് മൂന്ന് അംഗങ്ങളുണ്ടാകും. ആർ.എസ്.പി. സംസ്ഥാന സെക്രട്ടറിയും നിയുക്ത ചവറ എം.എൽ.എ.യുമായ ഷിബു ബേബി ജോൺ മന്ത്രിയാകുമെന്ന് ഉറപ്പാണ്.
കെ.പി.സി.സി. വർക്കിങ് പ്രസിഡന്റും നിയുക്ത കുണ്ടറ എം.എൽ.എ.യുമായ പി.സി. വിഷ്ണുനാഥ്, കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗവും നിയുക്ത കൊല്ലം എം.എൽ.എ.യുമായ ബിന്ദുകൃഷ്ണ എന്നിവരും വി.ഡി. സതീശൻ മന്ത്രിസഭയിലുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി.
2001-2004 കാലത്തെ എ.കെ. ആന്റണി മന്ത്രിസഭയിലാണ് അവസാനമായി ജില്ലയിൽനിന്ന് കോൺഗ്രസ് പ്രതിനിധി മന്ത്രിയാകുന്നത്. വൈദ്യുതിവകുപ്പ് ലഭിച്ച കടവൂർ ശിവദാസനായിരുന്നു കാബിനറ്റിലെ ജില്ലാ കോൺഗ്രസ് പ്രതിനിധി.
കുണ്ടറ മണ്ഡലത്തിൽനിന്ന് രണ്ടാംതവണയും വിജയിച്ച പി.സി. വിഷ്ണുനാഥ് മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുന്ന മുൻനിരക്കാരനാണ്. മുൻപ് രണ്ടുതവണ ചെങ്ങന്നൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധാനംചെയ്ത വിഷ്ണുനാഥിന് പ്രവർത്തനപരിചയം അനുകൂലഘടകമാണ്. ഗ്രൂപ്പ് സമവാക്യങ്ങളും വിഷ്ണുവിന് തുണയാകും.
കൊല്ലം മണ്ഡലത്തിൽനിന്ന് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച ബിന്ദുകൃഷ്ണയ്ക്ക് സാമൂഹികസാഹചര്യങ്ങളും ഗ്രൂപ്പ് സമവാക്യങ്ങളും അനുകൂലമാണ്.
പതിവായി കൈകാര്യംചെയ്തിരുന്ന തൊഴിൽവകുപ്പിനു പുറമേ, ജലസേചനം, വനം, ടൂറിസം എന്നീ വകുപ്പുകളിൽ ഒന്നുകൂടി ആർ.എസ്.പി. ചോദിച്ചിട്ടുണ്ട്. കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പുകൾ ഏതായിരിക്കുമെന്നതിൽ വ്യക്തത വന്നിട്ടില്ല. ഘടകകക്ഷികളുടെ വകുപ്പുകൾ സംബന്ധിച്ച് ധാരണയായശേഷമേ ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകൂ.
മുതിർന്ന നേതാക്കളായതിനാൽ പി.സി. വിഷ്ണുനാഥിനും ബിന്ദുകൃഷ്ണയ്ക്കും പ്രധാന വകുപ്പുകൾ ലഭിക്കുമെന്നാണ് സൂചന. പത്തനാപുരത്ത് കെ.ബി. ഗണേഷ്‌കുമാറിനെ തോൽപ്പിച്ച ജ്യോതികുമാർ ചാമക്കാലയെ മന്ത്രിസഭിയേക്ക് പരിഗണിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
Content Highlights: Three ministerial candidates expected from Kollam district in the 2026 UDF government., Shibu Baby John, P.C. Vishnunath, and Bindu Krishna are the primary contenders