യു.ഡി.എഫ്.: പദവി വിഭജനത്തിന് ഉപസമിതി വരും; കെ.പി.സി.സി.ക്ക് മുഴുവൻസമയ പ്രസിഡന്റിന് സാധ്യത

തിരുവനന്തപുരം: ഭരണത്തിലേറിയശേഷം മുന്നണി യോഗംചേർന്ന് കാര്യമായ ചർച്ച നടന്നില്ലെന്ന പരാതി ഉയരുന്നതിനിടെ, വ്യാഴാഴ്ച യു.ഡി.എഫ്. നേതൃയോഗം ചേരും. നയപരമായ കാര്യങ്ങൾക്കൊപ്പം ഭരണത്തിന്റെ ഭാഗമായി ലഭിക്കുന്ന പദവികളുടെ വിഭജനവും തീരുമാനമാകാനുണ്ട്.
ബോർഡ്, കോർപ്പറേഷൻ ചെയർമാൻ, അംഗങ്ങൾ, വിവിധ കമ്മിഷനുകളിലേക്കുള്ള നിയമനങ്ങൾ, അക്കാദമിക സമിതികളിലേക്ക് പ്രതിനിധികളെ നിശ്ചയിക്കൽ എന്നിങ്ങനെ മുന്നണിക്കുള്ളിൽ ധാരണയാകേണ്ട കാര്യങ്ങളേറെയുണ്ട്. ഈ പദവികൾ സംബന്ധിച്ച് നിലവിൽ യു.ഡി.എഫിൽ ഒരു ഫോർമുലയുണ്ട്. അത് അടിസ്ഥാനമാക്കി പദവികൾ വീതംവെക്കും. ഇതിൽ തീരുമാനമുണ്ടാക്കാനുള്ള ഉഭയകക്ഷി ചർച്ചയ്ക്കായി ഉപസമിതിയെ നിയോഗിച്ചേക്കും.
എൽ.ഡി.എഫ്. സർക്കാരിന്റെകാലത്ത് പുതുതായി രൂപവത്കരിച്ച സ്ഥാപനങ്ങളും മുൻപ് കേരള കോൺഗ്രസ് (എം) കൈവശം വെച്ചിരുന്ന സ്ഥാനങ്ങളും അധികമായി വിഭജിച്ചുനൽകും. വിവിധ സ്ഥാപനങ്ങളിൽ നിയമിക്കാവുന്ന സ്ഥാനങ്ങൾ സംബന്ധിച്ച് ഏകദേശ കണക്കെടുപ്പ് നടത്തിയിരുന്നു. ചില സ്ഥാപനങ്ങളിലേക്ക് നിയമനം നടക്കുകയും ചെയ്തു.
പി.എം.ശ്രീ, വീര്യംകുറഞ്ഞ മദ്യത്തിന് വിൽപ്പനാനുമതി തുടങ്ങിയ കാര്യങ്ങളിൽ യു.ഡി.എഫിന്റെ തീരുമാനത്തിനനുസൃതമായിട്ടാകും നടപടിയെന്ന് ഭരണനേതൃത്വം വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച ഇതിലെല്ലാം തീരുമാനമാകില്ലെങ്കിലും ധാരണയിലെത്താനുള്ള വഴികൾ ആരായും. സർക്കാർപ്രവർത്തനങ്ങളുടെ പ്രചാരണം, മുന്നണി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം എന്നിവയും ചർച്ചയാകും.
കെ.പി.സി.സി.ക്ക് പുതിയ പ്രസിഡന്റ് വന്നശേഷം യു.ഡി.എഫ്. നേതൃയോഗം ചേരാമെന്ന കോൺഗ്രസ് നിലപാടിനെത്തുടർന്നാണ് യോഗം നീണ്ടത്. സമാന്തരമായി കെ.പി.സി.സി. പ്രസിഡന്റിനെ കണ്ടെത്താനുള്ള ചർച്ചകളും സജീവമായി. ഓഗസ്റ്റ് ആദ്യത്തോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനനേതൃത്വം.
Content Highlights: UDF leadership meeting scheduled for Thursday to address pending internal issues., Focus on distribution of board, corporation, and commission appointments., Discussion on policy matters including PM SHRI and liquor policy updates., Formation of a sub-committee to manage power-sharing formulas., Updates on the ongoing search for a new KPCC president expected by early August.