UDF-ജമാ അത്തെ ഇസ്‍ലാമി-കനഗൊലു സഖ്യം ന്യൂനപക്ഷ വര്‍ഗീയത ആളിക്കത്തിക്കുന്നു -മന്ത്രി മുഹമ്മദ് റിയാസ്

മന്ത്രി പി.എ.മുഹമ്മദ് റിയാസ്
മന്ത്രി പി.എ.മുഹമ്മദ് റിയാസ്

കോഴിക്കോട്: കേരളത്തില്‍ യു.ഡി.എഫ്-ജമാ അത്തെ ഇസ്‍ലാമി-കനഗൊലു സഖ്യം ന്യൂനപക്ഷ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ന്യൂനപക്ഷത്തെ സി.പി.എമ്മില്‍ നിന്ന് അകറ്റുകയാണ് ലക്ഷ്യം. ജമാ അത്തെ ഇസ്‍ലാമി യു.ഡി.എഫിന്റെ സ്ലീപ്പിങ് പാര്‍ട്ട്ണറായി പ്രവര്‍ത്തിക്കുകയാണ്. ഇനി അധികാരത്തിലെത്തിയില്ലെങ്കില്‍ യു.ഡി.എഫിന്റെ കാര്യം പോക്കാണെന്നും അദ്ദേഹം പറഞ്ഞു. 

ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി നടത്തിയ വിവാദ പരാമര്‍ശത്തെ കുറിച്ചും റിയാസ് മറുപടി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണം രാഷ്ട്രീയ അജണ്ടയാണെന്നാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രി ഒരു പ്രദേശത്തെ മോശമാക്കി ചിത്രീകരിച്ചിട്ടില്ല. അദ്ദേഹത്തെ ബി.ജെ.പി. അനുകൂലിയാക്കി മാറ്റാനും ബി.ജെ.പി. വിരുദ്ധ മനസുകളില്‍ പിണറായി വിജയനെ ന്യുനപക്ഷ വിരുദ്ധനാക്കി മാറ്റാനുമാണ് ശ്രമം. ബി.ജെ.പി. വിരുദ്ധ മനസുകളില്‍ മുഖ്യമന്ത്രി വിശ്വാസമാണ്. അതിനെ പൊളിക്കുകയാണ് ലക്ഷ്യം. അഭിമുഖത്തെ കുറിച്ചുള്ള വിശദീകരണം മുഖ്യമന്ത്രി നല്‍കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
 

Content Highlights: UDF-Jamaat-E-Islami-Kanugolu alliance fuels minority communalism in Kerala, says Mohammed Riyas