102 സീറ്റിന്റെ തിളക്കത്തിൽ 6 മാസം; മിന്നിയും പൊള്ളിയും യു.ഡി.എഫ്. സർക്കാർ

#ബിജു പരവത്ത്
അടൂര്‍ പ്രകാശ്, മുഖ്യമന്ത്രി വി.ഡി.സതീശന്‍, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി (ഫയല്‍ ചിത്രം) |ഫോട്ടോ:മാതൃഭൂമി
അടൂര്‍ പ്രകാശ്, മുഖ്യമന്ത്രി വി.ഡി.സതീശന്‍, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി (ഫയല്‍ ചിത്രം) |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: പത്തുവർഷത്തെ എൽ.ഡി.എഫ്. ഭരണം അവസാനിപ്പിച്ച് 102 സീറ്റിന്റെ തിളക്കത്തിൽ അധികാരത്തിലെത്തിയ യു.ഡി.എഫ്. സർക്കാർ ബുധനാഴ്ച ആറുമാസം പൂർത്തിയാക്കുന്നു. മുഖ്യമന്ത്രിയാരാകണമെന്ന തർക്കം വിജയശോഭയ്ക്ക് മങ്ങലേൽപ്പിച്ചെങ്കിലും 'പുതുയുഗ കേരള'മെന്ന സ്വപ്നവും പദ്ധതികളും പകിട്ടോടെ അവതരിപ്പിച്ച് ഭരണത്തുടക്കം മികച്ചതാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന് കഴിഞ്ഞു. മിന്നിച്ച് തുടങ്ങിയെങ്കിലും പൊള്ളിത്തുടങ്ങുന്ന സ്ഥിതിയിലേക്ക് പെട്ടെന്ന് സർക്കാർ മാറി.

മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപ് നടത്തിയ സ്പോൺസേർഡ് വിമാനയാത്രമുതൽ മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിലെ ബന്ധുനിയമനമടക്കം കല്ലുകടിയായി. പറഞ്ഞവാക്കുകൾ പാലിക്കാനുള്ളതാണെന്ന് വി.ഡി. സതീശൻ തുടക്കത്തിലേ നിലപാടെടുത്തിരുന്നു. പ്രിയദർശിനി പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കി. ആശസമരവേളയിൽ നൽകിയ വാഗ്ദാനംപാലിച്ച് ആശ, ആങ്കണവാടി ജീവനക്കാരുടെ വേതനമുയർത്തി. ക്ഷേമപെൻഷൻ മുടങ്ങാതെ നൽകിയെന്നുമാത്രമല്ല, കൂട്ടാനും മനസ്സുകാട്ടി. കുടിശ്ശികയെല്ലാം വിതരണംചെയ്തു. കടലും കരയും ആകാശവും വികസനസ്വപ്നങ്ങൾക്കായി കൂട്ടിവെച്ച് മിഷൻ സമുദ്ര പ്രഖ്യാപിച്ചു. നിക്ഷേപസൗഹൃദത്തിന് കേരളത്തെ പാകപ്പെടുത്താൻ സരൾ നിയമവും മാരിടൈം ബോർഡ് നിയമവും കൊണ്ടുവന്നു. ഭൂപരിഷ്‌കരണ നിയമം പരിഷ്‌കരിക്കാൻ കരട് തയ്യാറാക്കി. രാസലഹരിക്കാരുടെ ഉറക്കംകെടുത്തി 'തൂഫാൻ' ആഞ്ഞടിച്ചു. ആറുമാസത്തിനുള്ളിൽ ഒരു സർക്കാരിന്റെ നല്ലചുവടുകൾക്ക് ഇത്രയും എണ്ണം നിരത്താം.

ഒറ്റയാനായി മുഖ്യമന്ത്രിയും ഓരത്തൊതുങ്ങിപ്പോയ മന്ത്രിമാരുമെന്ന പോരുദോഷം യു.ഡി.എഫ്. സർക്കാരിന് വേഗം കിട്ടി. പി.എം-ശ്രീയിൽ 'യു ടേൺ' അടിച്ചു. വീര്യംകുറഞ്ഞ മദ്യത്തിന് വഴിതുറന്ന് കോൺഗ്രസിലും മുന്നണിയിലും പടലപ്പിണക്കത്തിന് തിരികൊളുത്തി. 'പവർക്കട്ടില്ലാത്ത കേരള'ത്തെ ഇരുട്ടിലാക്കിയെന്ന പഴി പിന്നാലെവന്നു. വൈദ്യുതിപ്രതിസന്ധി വ്യാജനിർമിതിയാണെന്ന് മുഖ്യമന്ത്രിയും അല്ലെന്ന് വൈദ്യുതിമന്ത്രിയും പറഞ്ഞ് ഭിന്നസ്വരം പ്രകടമാക്കി. പാർട്ടിയും സർക്കാരും ഒന്നിച്ചുപോകണമെന്നും ഏകോപനത്തിന് സമിതിവേണമെന്നും കെ.പി.സി.സി. തുടക്കത്തിലേ തീരുമാനിച്ചതാണ്. പാർട്ടിയെത്തന്നെ മരവിപ്പിച്ചുനിർത്തി പ്രസിഡന്റ് മന്ത്രിക്കസേരയിൽ ഒതുങ്ങിയിരുന്നുവെന്നതാണ് ആറുമാസമായുള്ള അനുഭവം.

മുന്നണി കൺവീനർ അടൂർ പ്രകാശാണ് സർക്കാരിനെതിരേ ആദ്യവെടി പൊട്ടിച്ചത്. പാർട്ടിയും മുന്നണിയും കെട്ടുപൊട്ടിയ മുളവഞ്ചിപോലെയായതോടെ ബോർഡ്-കോർപ്പറേഷൻ പദവി വിഭജനവും തർക്കത്തിലെത്തി. തളർന്നുവീണുപോയ ഇടതുപക്ഷം പ്രതിപക്ഷത്ത് അമർന്നിരിക്കാൻപോലും പറ്റാത്ത നിലയിലാണെന്നതാണ് യു.ഡി.എഫ്. സർക്കാരിന്റെ രക്ഷ. പ്രതിപക്ഷനേതാവ് പിണറായി വിജയനും കുടുംബവും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ. ഘടകകക്ഷികളെ ഒന്നിച്ചുനിർത്തി പാർലമെന്ററി പാർട്ടിയോഗം ചേരാൻപോലും ഇതുവരെ എൽ.ഡി.എഫിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ ക്രമക്കേടുകൾ എണ്ണിയെണ്ണി അന്വേഷണം വരുന്നു. കിഫ്ബി ധൂർത്തും പി.എസ്.സി. നിയമനത്തട്ടിപ്പും ഇടതുപക്ഷത്തെ മിണ്ടാനും ഒഴിയാനും പറ്റാത്ത സ്ഥിതിയിലാക്കി. പുതിയ സർക്കാരിനെതിരേയുള്ള ആരോപണങ്ങൾക്ക് പ്രതിരോധം തീർക്കാൻ വി.ഡി. സതീശൻ കവചമാക്കുന്നതും മുൻസർക്കാരിന്റെ വീഴ്ചകൾതന്നെ.

Content Highlights: UDF government completes 6 months in office with 102 seats under Chief Minister VD Satheesan., Key initiatives include free travel for women, increased wages for Anganwadi workers, welfare pensions, and Mission Samudram., Faced internal party friction, controversies over appointments, power crises, and coalition coordination issues., Opposition LDF remains weakened amid ongoing investigations into previous government's corruption.