ആലപ്പുഴയിൽ രണ്ടു വയസുള്ള കുഞ്ഞ് വീട്ടിൽ മരിച്ചനിലയിൽ; അന്ധവിശ്വാസമെന്ന് സംശയം, അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Getty Images
പ്രതീകാത്മക ചിത്രം | Photo: Getty Images

ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ടു വയസുള്ള കുഞ്ഞിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജേഷ്-താര ദമ്പതിമാരുടെ മകൻ രാഹുൽ ആണ് മരിച്ചത്. ബുധനാഴ്ച രാത്രി കിടന്നുറങ്ങിയ കുഞ്ഞിനെ വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ജനപ്രതിനിധികളും നാട്ടുകാരും രംഗത്തെത്തി.

കുട്ടിയുടെ അമ്മയായ താരയെ പ്രസവവേദനയെ തുടർന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ ആശുപത്രിയിൽ വെച്ച് മറ്റൊരു കുഞ്ഞിന് കൂടി ജന്മം നൽകി. താരയെ ആശുപത്രിയിലേക്ക് മാറ്റിയ സമയം മരിച്ച രാഹുൽ ഉൾപ്പെടെയുള്ള അഞ്ച് കുട്ടികളും അച്ഛൻ രാജേഷുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. രാവിലെ എഴുന്നേറ്റപ്പോൾ രാഹുൽ മരിച്ചുകിടക്കുകയാണെന്ന് അച്ഛൻ മറ്റ് മക്കളോട് പറയുകയായിരുന്നു.

തുടർന്ന് മറ്റ് മക്കളുടെ മടിയിലിരുത്തി ഓട്ടോറിക്ഷയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചത്. നേരത്തെയും ഇവരുടെ ഒരു ആൺകുട്ടി കയ്യിൽ നിന്ന് താഴെ വീണു മരിച്ചതായി ഇവർ പറഞ്ഞിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് അംഗം പറഞ്ഞു. കുടുംബത്തിൽ നാല് പെൺകുട്ടികളും ഒരു ആൺകുട്ടിയും ഉൾപ്പെടെ ആകെ അഞ്ച് കുട്ടികളാണ് ഉണ്ടായിരുന്നത്. ഇവരുടെ മറ്റൊരു ആൺകുട്ടി മുൻപ് സമാനരീതിയിൽ മരിച്ചിരുന്നു.  ഈ സാഹചര്യത്തിൽ ഇതിനു പിന്നിൽ ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസങ്ങളോ പ്രത്യേക ആചാരങ്ങളോ ഉണ്ടോ എന്ന സംശയം പ്രദേശവാസികളും ജനപ്രതിനിധികളും ഉയർത്തുന്നുണ്ട്.

സംഭവത്തിൽ സുതാര്യവും വിശദവുമായ അന്വേഷണം വേണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആവശ്യപ്പെട്ടു. ഇതുവരെ ഏഴ് പ്രസവങ്ങളിലായി എട്ട് കുട്ടികൾക്കാണ് താര ജന്മം നൽകിയിട്ടുള്ളത്. കുട്ടികളെ സ്‌കൂളിൽ വിടാതെ വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് താമസിപ്പിച്ചിരുന്നത്. മുൻപ് കുട്ടികളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ ജനപ്രതിനിധികളും ശിശുക്ഷേമ വകുപ്പ് അധികൃതരും ശ്രമിച്ചപ്പോഴൊക്കെ ഇവർ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ മരിച്ച കുഞ്ഞിന്റെ ഭൗതികശരീരം നിലവിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: Locals and representatives in Haripad, Alappuzha, have demanded a thorough investigation into the mysterious death of a two-year-old boy under suspicious circumstances, recalling a prior child fatality in the same family.