ഒന്നാം മാറാട് കേസ്: ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രണ്ട് പേര്‍ക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി

ന്യൂഡല്‍ഹി: ഒന്നാം മാറാട് കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തെക്കേത്തൊടി ഷാജി, ഈച്ചരന്റ പുരയില്‍ ശശി എന്നിവര്‍ക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. ഇരുവരും എറണാകുളം ജില്ല വിട്ടുപോകരുതെന്നും ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യം, പിഎസ് നരസിംഹ എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. എല്ലാ തിങ്കളാഴ്ചയും പ്രതികള്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
2020 ലാണ് ഈ രണ്ട് പ്രതികള്‍ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. പത്ത് വര്‍ഷത്തില്‍ അധികം ശിക്ഷ അനുഭവിച്ചതിനാലായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങുന്ന ഇരുവരും താമസം കര്‍ണാടകത്തിലെ മംഗലാപുരത്തേക്ക് മാറണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. എല്ലാ തിങ്കളാഴ്ചയും മംഗലാപുരം പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിരുന്നു.
ഈ വ്യവസ്ഥയില്‍ ഇളവ് തേടിയാണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി. ഗിരിയും, അഭിഭാഷകന്‍ കെ.കെ. സുധീഷും ഹാജരായി. പ്രതികളെ കേരളത്തിലേക്ക് വരാന്‍ അനുവദിക്കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. അഥവാ അനുവദിക്കുക ആണെങ്കില്‍ തിരുവനന്തപുരം ജില്ലയില്‍ തങ്ങാന്‍ നിര്‍ദേശിക്കണം എന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി വി സുരേന്ദ്ര നാഥ്, സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് എന്നിവര്‍ ഹാജരായി.
Content Highlights: two convicts in the first marad case allowded to came kerala