കേരളം പച്ചക്കൊടി കാട്ടിയില്ല, പൂവാറിന്റെ സാധ്യത മങ്ങി; തൂത്തുക്കുടിയിൽ കപ്പൽ നിർമ്മാണശാല

#രാകേഷ് കെ. നായർ
Representational Image | Canva.com
Representational Image | Canva.com

തിരുവനന്തപുരം: കേന്ദ്രസർക്കാർ രാജ്യത്ത് വിഭാവനംചെയ്യുന്ന ഷിപ് ബിൽഡിങ് ക്ലസ്റ്ററിന്റെ ഭാഗമായി തൂത്തുക്കുടിയിൽ വമ്പൻ കപ്പൽ നിർമാണശാല വരുന്നു. തുടക്കത്തിൽത്തന്നെ 1500 കോടിയുടെ നിക്ഷേപം ലക്ഷ്യമിടുന്ന പദ്ധതിയാണിത്. സ്വകാര്യ സംരംഭകരും വിദേശത്തെ വമ്പൻ കപ്പൽ നിർമാണ ഏജൻസികളുടെയും സഹകരണത്തോടെയായിരിക്കും കപ്പൽ നിർമാണശാല.

ഹരിതോർജമുപയോഗിക്കുന്ന ആധുനിക ചരക്കുകപ്പലുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. തൂത്തുക്കുടിയിൽ മെഗാ ഷിപ്പിങ് ക്ലസ്റ്റർ നിർമാണത്തിന് കേന്ദ്ര തുറമുഖ മന്ത്രാലയത്തിന്റെ കീഴിലുള്ള തൂത്തുക്കുടി വി.ഒ. ചിദംബരം പോർട്ടും തമിഴ്‌നാട് സർക്കാരിന്റെ സ്‌റ്റേറ്റ് ഇൻഡസ്ട്രീസ് പ്രമോഷൻ കോർപ്പറേഷൻ ഓഫ് തമിഴ്‌നാടും (സിപ്‌കോട്ട്) ധാരണാപത്രം ഒപ്പുവെച്ചു.

കേരള തീരത്തിനു തൊട്ടടുത്ത് തൂത്തുക്കുടിയിൽ കപ്പൽ നിർമാണശാല വരുന്നതോടെ, നേരത്തേ കേരളം വിഭാവനംചെയ്തിരുന്ന പൂവാർ കപ്പൽ നിർമാണശാലയ്ക്കായുള്ള സാധ്യതകൾ മങ്ങി.

2011-ലാണ് പൂവാറിൽ കപ്പൽ നിർമാണശാലയെന്ന ആശയവുമായി കേന്ദ്രംതന്നെ കേരളത്തെ സമീപിക്കുന്നത്. അന്നത്തെ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി കെ. മോഹൻദാസാണ് കേരളത്തിൽ ഷിപ് ബിൽഡിങ് ക്ലസ്റ്റർ നിർമിക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചത്. തുടർന്ന് കൊച്ചിൻ ഷിപ്പ്‌യാർഡിനെ പഠനത്തിനും നിയോഗിച്ചു. വിഴിഞ്ഞം, പൂവാർ, അഴീക്കൽ എന്നിവിടങ്ങൾ അനുയോജ്യമാണെന്ന് ഷിപ്പ്‌യാർഡ് കണ്ടെത്തി. എന്നാൽ, വിഴിഞ്ഞത്ത് തുറമുഖപദ്ധതി പ്രഖ്യാപിച്ചിരുന്നതിനാലും അഴീക്കൽ പദ്ധതി നടത്തിപ്പിനു പ്രായോഗികമല്ലെന്നും കണ്ടെത്തി. ഇതോടെയാണ് പൂവാർ കപ്പൽ നിർമാണശാലയ്ക്ക് അനുയോജ്യമാണെന്നു തീരുമാനിച്ചത്. വിശദമായ പഠന റിപ്പോർട്ട് അന്ന് സർക്കാരിനു സമർപ്പിക്കുകയും ചെയ്തു. അന്നുമുതൽ പൂവാർ കപ്പൽ നിർമാണശാല വ്യാവസായികലോകത്തും സർക്കാർ വൃത്തങ്ങളിലും സജീവ ചർച്ചയാണ്. കേരള സർക്കാർ ഇക്കാര്യത്തിൽ പിന്നീട് സജീവമായ താത്‌പര്യം കാണിച്ചില്ല. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതോടെ പൂവാർ കപ്പൽ നിർമാണശാല എന്ന ആശയത്തിനു വീണ്ടും ജീവൻവെക്കുകയായിരുന്നു.

കടലിൽ 30 മീറ്റർ സ്വാഭാവിക ആഴം, അന്തർദേശീയ കപ്പൽപ്പാതയിൽനിന്ന് 10 കിലോമീറ്റർ ദൂരമേയുള്ളൂവെന്നതും പൂവാറിൽ കപ്പൽ നിർമാണശാലയ്ക്ക് അനുയോജ്യമായ ഘടകങ്ങളാണ്. രണ്ട്‌ കിലോമീറ്ററോളം ദൂരമുള്ള വിശാലമായ ബീച്ചുള്ളതും ഗുണകരമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമായതോടെ തൊട്ടടുത്തുള്ള പൂവാറിൽ കപ്പൽ നിർമാണശാലയ്ക്കു നിക്ഷേപം ആകർഷിക്കുക എളുപ്പമാണ്. 15000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പൂവാറിൽ ടൗൺഷിപ്പുൾപ്പെടെ യാഥാർഥ്യമാകുമെന്നും പഠനറിപ്പോർട്ടിൽ ഉണ്ടായിരുന്നു.

അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും പൂവാർ കപ്പൽ നിർമാണശാലയെന്ന പദ്ധതിക്കു സംസ്ഥാനം ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. പൂവാറിൽ കപ്പൽ നിർമാണശാലയ്ക്കായി ബ്രേക് വാട്ടർ നിർമിക്കുന്നതിനു വലിയ ചെലവാകുമെന്നും നെയ്യാർ നദി കടലുമായി ചേരുന്ന പൊഴിക്കരയായതിനാൽ വലിയതോതിൽ മണലടിയുമെന്നുമാണ് സർക്കാർ കണ്ടെത്തൽ. എന്നാൽ, തിരുവനന്തപുരം തീരത്തുനിന്ന് 200 കിലോമീറ്റർ സമീപത്തായി തൂത്തുക്കുടിയിൽ വിദേശനിക്ഷേപത്തോടെ വമ്പൻ കപ്പൽ നിർമാണശാല വരുന്നതോടെ, പൂവാറിലേക്ക്‌ നിക്ഷേപകർ എത്താൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

Content Highlights: A mega shipyard is coming to Tuticorin, Tamil Nadu, impacting Kerala`s proposed shipyard project in Poovar