ടിക്കറ്റ് ചോദിച്ച TTE-യെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി; സംഭവം തൃശ്ശൂരില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഓടുന്ന ട്രെയിനില്‍നിന്ന് ടി.ടി.ഇ.യെ തള്ളിയിട്ട് കൊലപ്പെടുത്തി. ടി.ടി.ഇ. കെ. വിനോദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ പാലക്കാട്ടുനിന്ന് പിടികൂടി. ഒഡീഷ സ്വദേശിയായ രജനീകാന്ത് എന്നയാളാണ് റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം.
തൃശ്ശൂര്‍ വെളപ്പായയില്‍ വെച്ചാണ് സംഭവം നടന്നത്. എറണാകുളം-പട്ന എക്സ്പ്രസില്‍നിന്നാണ് വിനോദിനെ തള്ളിയിട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിയത്. എസ്11 കോച്ചില്‍വെച്ചാണ് സംഭവമുണ്ടായത്. എറണാകുളം സ്വദേശിയായ വിനോദ് ഈറോഡ് വരെയുള്ള ഡ്യൂട്ടിയിലാണ് കയറിയിരുന്നത്.
റിസര്‍വേഷന്‍ കോച്ചില്‍ യാത്രചെയ്തതിന് പിഴ ചോദിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ടി.ടി.ഇ.യുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി രജനീകാന്ത് മൊഴി നല്‍കി. ജനറൽ ടിക്കറ്റിൽ റിസർവേഷൻ കോച്ചിൽ യാത്രചെയ്തതിന് പിഴയായി 1,000 രൂപ ചോദിച്ചെന്നും തന്റെ കൈവശം പണമുണ്ടായിരുന്നില്ലെന്നും പ്രതി പറഞ്ഞു.
വാതിലിന് അടുത്തുനിന്നിരുന്ന രജനീകാന്തുമായി തര്‍ക്കം തുടരുന്നതിനിടെ ഇയാള്‍ വിനോദിനെ തൊഴിക്കുകയായിരുന്നെന്നാണ് സംശയിക്കുന്നത്. തീവണ്ടിയുടെ പുറത്തേക്ക് തെറിച്ചു വീണ ഇദ്ദേഹത്തിനുമേല്‍ തീവണ്ടി കയറിയതായും വിവരമുണ്ട്. കോച്ചിലെ മറ്റു യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതി പാലക്കാട്ട് പിടിയിലായത്. രജനീകാന്ത് മദ്യപിച്ചിരുന്നതായും പറയുന്നു.
Content Highlights: TTE-killed by being pushed from a moving train in Thrissur