ജൂൺ ഒൻപതിന് അർധരാത്രി മുതൽ ജൂലായ് 31 വരെ ട്രോളിങ് നിരോധനം; നിയമലംഘനങ്ങൾക്കെതിരേ കർശന നടപടി

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി ജൂൺ ഒൻപതിന് അർധരാത്രിമുതൽ ജില്ലയിൽ മത്സ്യബന്ധനത്തിന് നിയന്ത്രണമേർപ്പെടുത്തും. ജൂലായ് 31 വരെയാണ് ട്രോളിങ് നിരോധനം. ഈ കാലയളവിൽ യന്ത്രവത്കൃതബോട്ടുകൾ കടലിൽപോകാനോ മത്സ്യബന്ധനംനടത്താനോ പാടില്ല.

അതേസമയം, സാധാരണവള്ളങ്ങളും ഇൻബോർഡ് വള്ളങ്ങളും ഉപയോഗിച്ച് മത്സ്യബന്ധനംനടത്താം. എന്നാൽ, ഇൻബോർഡ് വള്ളങ്ങൾ ഒരു കാരിയർ വള്ളംമാത്രം ഉപയോഗിക്കണം. രണ്ട്‌ ചെറുവള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിങ്ങും നിയമവിരുദ്ധമായ മറ്റ്‌ മത്സ്യബന്ധനരീതികളും സ്വീകരിക്കരുത്. അത്തരം നിയമലംഘനങ്ങൾക്കെതിരേ കർശന നടപടിയെടുക്കും.

ജൂൺ ഒൻപതിന്‌ അർധരാത്രി 12-നുമുൻപ്‌ എല്ലാ ട്രോളിങ് ബോട്ടുകളും ഹാർബറിൽ പ്രവേശിക്കണം. മത്സ്യബന്ധനംനടത്തുന്ന ഇതരസംസ്ഥാനബോട്ടുകൾ ജൂൺ ഒൻപതിനുമുൻപ്‌ തീരംവിടണം. ട്രോളിങ് നിരോധനകാലത്ത് ബോട്ടുകൾക്ക് ഡീസൽനൽകുന്നതും വിലക്കിയിട്ടുണ്ട്. ട്രോളിങ് നിരോധനംമൂലം തൊഴിൽനഷ്ടമാകുന്ന മത്സ്യത്തൊഴിലാളികൾക്ക് സൗജന്യറേഷൻ അനുവദിക്കുന്നതിന് ഫിഷറീസ് വകുപ്പിൽനിന്ന് പട്ടികകിട്ടുന്നമുറയ്ക്ക് സിവിൽ സപ്ലൈസ് നടപടിയെടുക്കും. നിയമലംഘനം തടയാനും നിരോധനം നടപ്പാക്കാനും കൂടുതൽ പോലീസ് സേനയെ ആവശ്യമെങ്കിൽ വിന്യസിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽച്ചേർന്ന യോഗത്തിൽ കളക്ടർ സ്നേഹിൽകുമാർസിങ് അറിയിച്ചു.

ബേപ്പൂർ ഹാർബറിൽ ബോട്ടുകൾ കെട്ടിയിടാനുള്ള സൗകര്യമൊരുക്കണമെന്നും ട്രോളിങ് സമയത്ത് ഹാർബറിൽ കരയ്ക്കടുപ്പിച്ച ബോട്ടുകളിൽനിന്ന് സാധനങ്ങൾ മോഷണംപോകുന്നത് തടയാൻ കാവലേർപ്പെടുത്തണമെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടു.

യോഗത്തിൽ സബ്കളക്ടർ ഹർഷിൽ ആർ. മീണ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷ്, കൗൺസിലർ എം. ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: trolling ban in kozhikode