ശബരിമലയിലെ കൊടിമരം മാറ്റാൻ പറഞ്ഞ ദേവപ്രശ്‌നം അന്വേഷിക്കണം- മുൻ ദേവസ്വം ബോർഡ് ഉന്നതൻ

ശബരിമലയിലെ സ്വർണക്കൊള്ളയെക്കുറിച്ചും അനുബന്ധമായി നടക്കുന്ന മറ്റ് അന്വേഷണങ്ങളെക്കുറിച്ചും തിരുവിതാംകൂർ ദേവസം ബോർഡിൽ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന സി.ആർ. രാധാകൃഷ്ണൻ സംസാരിക്കുന്നു.
ശബരിമലയിലെ സ്വർണക്കൊള്ളക്കേസിൽ ചില പ്രധാന പ്രതികൾക്ക് ജാമ്യം കിട്ടിയിരിക്കുന്നു. ശരിക്കും എന്താണ് സംഭവിക്കുന്നത്?
തിരുവിതാംകൂർ ദേവസം ബോർഡിനെ സംബന്ധിച്ചിടത്തോളം വർഷങ്ങളായി മൂടിവെച്ചിരുന്ന പല അഴിമതികളും പണാപഹരണങ്ങളും ക്ഷേത്രവിരുദ്ധ പ്രവർത്തനങ്ങളും ഒന്നൊന്നായി പുറത്തു വരുകയാണ്. ആദ്യം 1999-ൽ സ്വർണം പൊതിഞ്ഞ ശ്രീകോവിലിന്റെ പാളികളിലെ അപഹരണവും 2018-19 കാലത്ത് അത് നന്നാക്കിയതിലെ അപഹരണവും അതിൽ ദേവസ്വംബോർഡിനും പുറത്തുനിന്നുള്ള ചിലർക്കുമുള്ള ബന്ധവുമെല്ലാം വിശദമായി അന്വേഷിക്കപ്പെടുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 215 വർഷത്തെ ചരിത്രത്തിൽ ആദ്യമാണ് ഇത്രയും ഗുരുതരമായ ഒരു സംഭവമുണ്ടാവുന്നത്.
സ്വർണ്ണപ്പാളികൾ സംബന്ധിച്ച അന്വേഷണം ഫലപ്രാപ്തിയിൽ എത്തിക്കാനോ ചാർജ് കൊടുക്കാനോ എസ്ഐടിക്ക് (പ്രത്യേക അന്വേഷണസംഘം) സാധിക്കുന്നില്ല. ആദ്യമാദ്യം അറസ്റ്റ് ചെയ്യപ്പെട്ടവർ നിയമം അനുസരിച്ച് പുറത്തേക്ക് പോകുന്നു. കുറ്റപത്രങ്ങൾ തയ്യാറാക്കാൻ എസ്ഐടി പാടുപെടുകയാണ്. ശബരിമലയിലെ സ്വർണപ്പാളികൾ സംബന്ധിച്ച അഴിമതി ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെ മോഷണം പോലെയല്ല. പരസ്യമായി ക്ഷേത്രത്തിന്റെ ശ്രീകോവിന് വെളിയിൽ വെച്ച് പൊതിഞ്ഞുപിടിപ്പിച്ച സ്വർണമാണ് അപഹരിക്കപ്പെട്ടത്. അപ്പോൾ സ്വർണ ഉരുപ്പടി അല്ലെങ്കിൽ പണം മോഷ്ടിച്ചതിൽ എന്നപോലെ തൊണ്ടിമുതൽ കണ്ടെടുത്ത് ചാർജ് കൊടുക്കാവുന്ന ഒരു കേസല്ല.
ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ ലഡുവിൽ ചേർക്കാനുള്ള നെയ്യിൽ വൻതോതിൽ അഴിമതി കണ്ടെത്തി. അവിടെ ഇതുപോലെ എസ്ഐടി വന്നു. പക്ഷെ, അവർ മൂന്നു നാല് മാസത്തേക്ക് കുറ്റപത്രം കൊടുക്കാനോ അറസ്റ്റ് ചെയ്യാനോ ഒന്നും പോയില്ല. വളരെ ആഴത്തിൽ വിഷയങ്ങൾ പരിശോധിച്ച ശേഷം അവർ അവസാനം പ്രതികളും ചാർജ് ഷീറ്റും എല്ലാം കൂടെ ഒരുമിച്ച് കോടതിയിൽ കൊടുത്തു. മൂന്നോ നാലോ പ്രതികൾ കസ്റ്റഡിയിലായി. അവരെ ശിക്ഷിക്കാനുള്ള നടപടിയിലേക്ക് പോവുന്നു. ശബരിമലയിലേതിനെക്കാൾ കണ്ടെത്താൻ വലിയ പാടുള്ള കാര്യമായിരുന്നു.
ഇവിടെ അതല്ല സംഭവിച്ചത്. സ്വർണപ്പാളി കഴിഞ്ഞപ്പോൾ കൊടിമരം വിവാദമായി. അത് കഴിഞ്ഞപ്പോൾ ദ്വാരപാലക വിഗ്രഹങ്ങൾ ഇളക്കിയ കേസായി, പിന്നെ ആടിയ ശിഷ്ടംനെയ്യ് വിറ്റ പണം അപഹരിച്ച കേസ് വന്നു. 2026-ൽ വീണ്ടും വലിയൊരു വിവാദം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന വരുമാന സ്രോതസാണ് ഭണ്ഡാരം. വിലപിടിച്ച ഉരുപ്പടികളും സ്വർണവും വൈരവും വൈഡൂര്യവും വിദേശനാണയങ്ങളും ഒക്കെയുള്ള സ്ഥലമാണ്. അതൊക്കെ വേർതിരിക്കുകയും കണക്കിൽ പെടുത്തുകയും ചെയ്യുന്ന അവിടെ ദേവസ്വം ബോർഡിന്റെ മുതിർന്ന ഉദ്യോഗസ്ഥരും ബാങ്ക് ഉദ്യോഗസ്ഥരും അല്ലാതെ മറ്റാരെയും പവേശിപ്പിക്കാറില്ല. വളരെ ഖേദകരം എന്ന് പറയട്ടെ, ദേവസം ബോർഡ് ഈ വർഷം അവിടെ ദിവസവേതനക്കാരെ നിയോഗിച്ചു. അവർ വൻതോതിൽ പണം അപഹരിച്ചത് സംബന്ധിച്ച അന്വേഷണം വേറെ.
ആഗോളഅയ്യപ്പസംഗമം...
പമ്പാസംഗമത്തിനെതിരായ രണ്ടു മൂന്ന് പരാതികളിൽ നവംബർ 11-ാം തീയതി കോടതി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ദേവസം ഫണ്ട് ഉപയോഗിക്കരുത് എന്ന് ഉത്തരവ് ഇറക്കിയിരുന്നു. ഇപ്പോൾ വൻതോതിൽ ദേവസം ഫണ്ട് ഉപയോഗിക്കപ്പെട്ടുവെങ്കിലും അധികൃതർ അത് ദേവസം ഫണ്ടല്ലെന്ന് പറയുന്നു. ഓരോ ദിവസവും ഓരോ കളവ് പറയുക- കൾച്ചറൽ അഡ്വാൻസ്മെന്റ്, കോർപ്പസ് ഫണ്ട്, സർപ്ലസ് ഫണ്ട് എന്നൊക്കെ പറയുക. ദേവസ്വം ഫണ്ട് ഒന്നേയുള്ളൂ. അതിന് ഓരോ വർഷമുള്ള ബ്ജറ്റ് അലോട്ട്മെന്റിൽ പല ഹെഡുകൾ ഉണ്ടാകും ആ ഹെഡുകളൊക്കെ വേറെ ഫണ്ടുകൾ ആകുന്നത് എങ്ങനെയാണ്?. അതുപോലെ സർപ്ലസ് ഫണ്ട് എന്ന് പറഞ്ഞാൽ ദേവസം ഉണ്ടാക്കിയ കാലത്ത് ഈ പ്രസ്ഥാനം തകരാതിരിക്കാൻ വേണ്ടി ക്രാന്തദർശികളായ ആളുകൾ ഉണ്ടാക്കിയ ഒരു പ്രത്യേക ഫണ്ടാണ്. ഓരോ വർഷവും ബജറ്റിൽ ചെലവാക്കാതെ മിച്ചം വരുന്നതൊക്കെ ഒരു പ്രത്യേക ഫണ്ടിൽ നീക്കിയിരിക്കുന്നതാണത്. ആ ഫണ്ടിന്റെ നിയന്ത്രണം ദേവസം കമ്മിഷണർക്കും കോടതിക്കുമാണ്. ഇത് ചിലവാക്കാൻ നിബന്ധനകളുണ്ട്. അത് ക്ഷേത്രത്തിന് അനിവാര്യമായി ഭൂമി വാങ്ങേണ്ടപ്പോൾ, ക്ഷേത്രത്തിലെ ഉത്സവാദി അടിയന്തരങ്ങൾക്കും എഴുന്നള്ളിപ്പിനുമായിട്ട് ആനയെ വാങ്ങിക്കേണ്ടപ്പോൾ, വാഹനങ്ങൾ വാങ്ങേണ്ടപ്പോൾ, ശ്രീകോവിലിനും മറ്റും ആകസ്മികമായി ഉണ്ടാകുന്ന പണികൾ നടത്തേണ്ടപ്പോൾ. ഈ ഘട്ടങ്ങളിൽ അല്ലാതെ സർപ്ലസ് ഫണ്ട് ഉപയോഗിക്കല്ല. ആ ഫണ്ടിൽ നിന്ന് ദേവസം കമ്മിഷണർ പണമെടുത്തത് ക്രിമിനൽ കുറ്റമാണ്.
ഇതൊക്കെ ചെയ്തിട്ട് ഓരോ ദിവസവും ഓരോ കളവുകൾ പറയുകയാണ്. ദേവസം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായാണ് പമ്പ സംഗമം നടത്തിയതെന്ന് പറയുന്നത് വലിയൊരു കളവാണ്. കാരണം, പമ്പാസംഗമം നടത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ദേവസം ബോർഡ് ആസ്ഥാനത്ത് രണ്ടുമൂന്ന് ദിവസം നീണ്ടുനിന്ന വലിയ ചടങ്ങുകളോടുകൂടി പ്ലാറ്റിനം ജൂബിലി ആഘോഷിച്ചതാണ്. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുമൊക്കെയുണ്ടായിരുന്നു. ഇവിടെയാണ് കേരള ഹൈക്കോടതി ഇടപെടേണ്ടത്. ശബരിമലയിലെ കളവുകളൊക്കെ രാഷ്ട്രീയ തർക്കവിതർക്കങ്ങൾക്ക് വിഷയങ്ങളായി തീരുന്നു, പൊതു മാധ്യമങ്ങളിൽ ചർച്ചയാവുന്നു. അത് അനുവദിക്കാൻ പാടില്ല.
കൊടിമരം സ്ഥാപിക്കുന്നതിന് സ്വർണം സംഭാവനയായി സ്വീകരിച്ചതിൽ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടല്ലോ?
ശബരിമല കൊടിമരം 1970-ൽ ഉണ്ടാക്കിയതാണ്. ദേവസം ബോർഡിലെ തടികൊണ്ടുണ്ടാക്കിയ കൊടിമരങ്ങൾ ജീർണിക്കുകയും കൂടെക്കൂടെ അറ്റകുറ്റപ്പണികൾ വേണ്ടിവരുന്നു എന്നും ശാശ്വതമായ പരിഹാരത്തിന് കോൺക്രീറ്റിലേക്ക് മാറ്റണമെന്ന് ബോർഡ് തീരുമാനിച്ചു. തന്ത്രിമാർ ഉൾപ്പെടെയുള്ള എല്ലാ ആചാര്യന്മാരും അതിനോട് യോജിക്കുകയും ചെയ്തു. അതേ തന്ത്രിമാർ തന്നെയാണ് പിൽക്കാലത്ത് വീണ്ടും തടിയിലേക്ക് പോകണമെന്ന് പറഞ്ഞത്. അതിന്റെ പിന്നിലെ ചേതോവികാരം അന്വേഷിക്കേണ്ടിയിരിക്കുന്നു. ഒരു കൊടിമരത്തിന്റെ പുനഃപ്രതിഷ്ഠ സംബന്ധിച്ചും അതിനകത്ത് തന്ത്രിമാർക്ക് വന്നെത്തുന്ന ദക്ഷിണകൾ സംബന്ധിച്ചുമൊക്കെ വലിയ കാര്യങ്ങളുണ്ട്. അതാണോ അവരെ ആകർഷിച്ചതെന്ന് എനിക്കറിയില്ല.
ശബരിമലയിലെ കൊടിമരം കോൺക്രീറ്റ് ആയിരുന്നു. അതിന്റെ പുറത്ത് നല്ല കട്ടിയുള്ള (22 ഗേജ്) ഉള്ള ചെമ്പുപറകൾ ഇറക്കി സ്വർണം പൊതിഞ്ഞുവെച്ചിരുന്ന കൊടിമരമാണ്. ആ കൊടിമരത്തിന്റെ അകത്ത് കോൺക്രീറ്റ് പൊട്ടിപ്പോയി എന്നൊക്കെ പുറത്തിരിക്കുന്ന ഒരാൾക്ക് എങ്ങനെ പറയാൻ പറ്റും? അതിന്റെ ശാസ്ത്രീയമായി വല്ല എൻജിനീയറിങ് പരിശോധന നടത്തിയിട്ടില്ല. കോൺക്രീറ്റ് കൊടിമരത്തിന് ദേവപ്രശ്ന വിധിയിൽ പൊട്ടൽ ഉണ്ടെന്ന് കണ്ടാൽ പോലും ശാസ്ത്രീയമായ പരിശോധന നടത്താവുന്നതേയുള്ളൂ. ചെമ്പുപറകൾ മാറ്റി നല്ല എൻജിനീയറിങ് ടെക്നോളജിസ്റ്റിനെ കൊണ്ട് പരിശോധിപ്പിച്ച് ക്ഷതം ഉണ്ടായിട്ടുണ്ടോ എന്ന് ബോധ്യപ്പെടാവുന്നതായിരുന്നു. അതുണ്ടായിട്ടില്ല.
ശബരിമലയിൽ എങ്ങനെയാണ് ഈ ഒറ്റ ദേവപ്രശനം നടത്തിയത് എന്ന് എനിക്കറിയില്ല. പലപ്പോഴും ഭരിക്കുന്നവരുടെ രസവാസനകൾക്ക് അനുസരിച്ച് പല ക്ഷേത്രങ്ങളിലും തന്ത്രശാസ്ത്ര വിധിപ്രകാരമുള്ള കാരണങ്ങൾ തൃപ്തികരമായി കണ്ടെത്താതെ പലപ്പോഴും ദേവപ്രശ്‌നം നടത്തുകയും അതിന്റെ പേരിൽ ഡിപ്പാർട്ട്മെന്റിനെയും നാട്ടുകാരെയും ഭക്തജനങ്ങളെയും വഴിതെറ്റിക്കുകയും ചെയ്ത പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചില വ്യക്തികളുടെ മാനസികവിചാരങ്ങളോ താൽപര്യങ്ങളോ പ്രയോഗത്തിൽ വരുത്താനുള്ള ദുഷ്ടലാക്കും കണ്ടിട്ടുണ്ട്. ശബരിമലയിൽ ദേവപ്രശ്നം നടത്തിയതിനെക്കുറിച്ച് വിശദമായ പരിശോധന നടത്തണം.
ദേവപ്രശ്നത്തിനുശേഷം പുതിയ കൊടിമരം ഉണ്ടാക്കാൻ ദേവസ്വം ബോർഡിന് എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ് കണക്കാക്കിയ തുകയായ മൂന്നു കോടി 20 ലക്ഷം രൂപയും- ചെമ്പുപറകൾ ഉണ്ടാക്കാൻ, അതിൽ സ്വർണം ചേർക്കാൻ ആവശ്യമായ സാധനങ്ങളുടെ വില, പണിക്കൂലി, താന്ത്രിക ക്രിയകളുടെ ചെലവ് ഇതെല്ലാം ഉൾപ്പെടെ- ഒരു ഭക്തൻ അടക്കുകയും ചെയ്തു. ഭക്തൻ സ്വന്തം ചെലവിൽ നടത്തുന്ന കൊടിമര പ്രതിഷ്ഠയ്ക്ക് ദേവസ്വം ബോർഡ് എന്തിനാണ് പിരിവ് നടത്തിയത്? ആ ഭക്തന് ഹൃദയവേദന ഉണ്ടായില്ലേ, ആ ഭക്തന്റെ വഴിപാട് നശിച്ചില്ലേ? എന്തിനാണ് ബോർഡ് ഇത് ചെയ്തത് എന്ന കാര്യം വിശദപരിശോധനയക്ക് വിധേയമാക്കേണ്ടതാണ്.
മുമ്പ് കൊടിമരനിർമ്മാണത്തിനും മറ്റും സ്വർണം ഇങ്ങനെ സംഭാവനയായി സ്വീകരിച്ച ഓർമ്മയുണ്ടോ?
ഏറ്റുമാനൂരമ്പലത്തിലെ കൊടിമരവും കോൺക്രീറ്റായിരുന്നു. തന്ത്രിയുടെ അഭിപ്രായപ്രകാരമാണ് കോൺക്രീറ്റ് ആക്കിയിരുന്നത്. പിൽക്കാലത്ത് തന്ത്രി തന്നെയാണ് കോൺക്രീറ്റ് മാറ്റി തടിയാക്കാൻ എഴുതിക്കൊടുക്കുന്നത്. അവിടെ തന്ത്രശാസ്ത്രവിധിക്ക് വിരുദ്ധമായി പഴയ കൊടിമരത്തിന്റെ ഉയരം കൂട്ടി. അവിടെ ഓപ്പൺ കാണിക്ക വെച്ച് ഭക്തജനങ്ങളിൽനിന്ന് സ്വർണവും മറ്റും ശേഖരിച്ചതായി എനിക്കറിയാം. അന്നത്തെ ദേവസം കമ്മിഷണർ ഇതേ അഡ്വക്കേറ്റ് കമ്മിഷണർക്കെതിരെ കോടതിക്ക് എഴുതി കൊടുത്തായി എനിക്കറിയാം. ഈ ദേവസ്വം ബോർഡിൽ എവിടെ കൊടിമരം ഉണ്ടാക്കിയാലും ഈ അഡ്വക്കേറ്റ് കമ്മിഷൻ പ്രത്യക്ഷപ്പെടും. ഒരു പ്രതിഫലവും പറ്റാതെ സ്വമേധയാ കമ്മിഷനായി ഇരിക്കാമെന്ന് പറയും. കൊടിമര പ്രതിഷ്ഠകൾ മാത്രം മേൽനോട്ടം നടത്താനുള്ള അമിതമായ ആവേശത്തിന്റെ കാരണം പരിശോധിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.
ആശങ്കയുണ്ടാക്കുന്ന പല കാര്യങ്ങളും അതിന്റെ പിന്നിലുണ്ടെന്ന് സംശയമുണ്ട്. 2006-ൽ തിരുവനന്തപുരത്തെ ശ്രീവരാഹം ക്ഷേത്രത്തിൽ കൊടിമരം സ്വർണം പൂശുമ്പോൾ വിജിലൻസ് ഓഫീസറായിരുന്നു ഞാൻ. സ്വർണം കടലാസിന്റെ കനത്തിലാക്കി മെർക്കുറി വെച്ച് ഒട്ടിക്കുകയാണ്. ഒട്ടിച്ചിട്ട് ഉലയിൽ പിടിച്ച് കറക്കും. ഏഴും ഒൻപതും പാളികൾ ഒട്ടിക്കുമ്പോൾ അവയിൽ ഒന്നും രണ്ടും പാളികൾ ഉരുകി തീയ്ക്കകത്ത് വീഴും. പണിതീർന്ന് അത് അണച്ചെടുത്ത് വാരിക്കെട്ടും. കറുത്ത നിറത്തിൽ കട്ടിയായിരിക്കുമെങ്കിലും സ്വർണത്തിന് കേടുണ്ടാവില്ല. ശ്രീവരാഹത്ത് നിന്നും അങ്ങനെ കണ്ടെത്തിയത് മഹസർ എഴുതി ഡിപ്പാർട്ട്മെന്റിനെ ഏൽപ്പിച്ചിട്ടുണ്ട്. എന്റെ ഓർമ്മ നൂറോ ഇരുന്നൂറോഗ്രാമോ അതിൽ കൂടുതലോ സ്വർണം കിട്ടിയെന്നാണ്. ശബരിമലയിൽ നിന്ന് കിട്ടിയത് 17 മില്ലിഗ്രാം എന്നാണ് പറഞ്ഞത്. ഒൻപത് കിലോ സ്വർണമൊക്കെ ഉപയോഗിക്കുമ്പോൾ ഏതാണ്ട് പത്തു മുന്നൂറു ഗ്രാം ഉരുകി വീഴേണ്ടതാണ്. അതാണ് എന്റെ അനുഭവം. അതൊന്ന് പരിശോധിച്ചാൽ കൊള്ളാം.
ദേവസ്വം ബോർഡിന്റെ സ്വത്തുവകകൾ സംരക്ഷിക്കാൻ എന്താണ് വേണ്ടത്?
ഒന്നുകിൽ ഉത്തരവാദിത്തമുള്ള കേരളത്തിലെ ഭക്തജനങ്ങൾ ശക്തിയായ സമീപനം സ്വീകരിക്കണം അല്ലെങ്കിൽ ഈ ധർമ്മസ്ഥാപനത്തിന് മേൽ കേരള ഹൈക്കോടതിക്കുള്ള പ്രത്യേക അവകാശങ്ങൾ ഉപയോഗിച്ചുകൊണ്ട് കക്ഷിരാഷ്ട്രീയ ബന്ധമുള്ള ബോർഡ് ഭരണം അവസാനിപ്പിച്ച് അഞ്ചു വർഷത്തേക്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണം കൊണ്ടുവരണം. അതല്ലെങ്കിൽ, സംസ്ഥാന രൂപീകരണകാലത്ത് ഈ ഹിന്ദുധർമ്മ സ്ഥാപനത്തിന് എന്തെങ്കിലും ഹാനി ഉണ്ടായാൽ ഇടപെടുമെന്ന് കേന്ദ്രം നൽകിയ ഉറപ്പ് പാലിക്കണം. അതുണ്ടായില്ലെങ്കിൽ കേരളത്തിലെ 1,254 മഹാക്ഷേത്രങ്ങളിലെ കോടിക്കണക്കിന് രൂപ മൂല്യമുള്ള തിരുവാഭരണങ്ങളും പൗരാണിക പ്രാധാന്യമുള്ള, മൂല്യം കണക്കാക്കാനാകാത്ത സമ്പത്തുകളും സംരക്ഷിക്കാനാകില്ല.
കെ. ജയകുമാർ ദേവസം ബോർഡ് പ്രസിഡന്റ് ആയതിനുശേഷം ശേഷം കൈക്കൊണ്ട നടപടികൾ പ്രതീക്ഷാവഹമാണോ?
ആശാവഹമായ മാറ്റം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നേയില്ല. കാരണം അദ്ദേഹം മുമ്പ് ബോർഡിന്റെ ചുമതലയിൽ പ്രവർത്തിച്ച കാലത്ത് ഈ സ്ഥാപനത്തിന് വലിയ നേട്ടമൊന്നും ഉണ്ടായിട്ടില്ല. ശബരിമലയിലെ ശർക്കരപ്പായസവും വെള്ളനിവേദ്യവും പോലുള്ള പ്രസാദങ്ങൾ സൗജന്യമാക്കിയ സംഭവങ്ങളുണ്ട്. ശബരിമലയിലെ ശൗചാലയങ്ങൾ ഒരു കമ്പനിക്ക് സൗജന്യമായി കൊടുത്തത് പ്രശ്നമായി, ബോർഡിന് വലിയ നഷ്ടമുണ്ടായി.
പണ്ടുകാലത്ത് വിദ്യാഭ്യാസവകുപ്പ് വാടകയ്ക്ക് എടുത്തിട്ട് ഒഴിയാതിരുന്ന കൊട്ടാരക്കരയിലെ ഇളയിടത്തത് പാലസ് കൊല്ലം കോടതി കേസ് നടത്തി ബോർഡ് ഒഴിപ്പിച്ചെടുത്തു. ദേവസം ബോർഡ് മ്യൂസിയം തുടങ്ങി. ഡോക്ടർ എൻ. ബാബു ആയിരുന്നു അന്നത്തെ പ്രസിഡന്റ്.
ജയകുമാർ ചാർജെടുത്തപ്പോൾ കൊട്ടാരം മാസം ഒരു രൂപ വാടകയ്ക്ക് സാംസ്‌കാരിക വകുപ്പിനോ മണ്ണടി വേലുത്തമ്പിതളവ സംസ്‌കാരിക കേന്ദ്രത്തിനോ കൊടുത്തു. മാസം കുറഞ്ഞത് 50,000 രൂപ വാടക കിട്ടേണ്ട വലിയ കൊട്ടാരമാണ്. അതുപോലെ തിരുവനന്തപുരത്തെ വലിയശാല അമ്പലത്തിന് മുന്നിലെ ഒരു കെട്ടിടം മാർഗിക്ക് ചെറിയ വാടകക്ക് കൊടുത്തിട്ടുണ്ട്. ഇതെല്ലാം പോട്ടെ, 2007 മുതൽ 2017 വരെ അദ്ദേഹം ശബരിമല മാസ്റ്റർപ്ലാൻ കമ്മിറ്റിയുടെ ചെയർമാനായിരുന്നു അന്ന് അദ്ദേഹത്തിന്റെ കാലത്ത് നടന്ന പ്രവൃത്തികളും അതിന്റെ ന്യൂനതകളും പറയുന്ന കേരള ഹൈക്കോടതിയുടെ വിധിന്യായം ഇരിപ്പുണ്ട്. അന്ന് കോടതി അദ്ദേഹത്തെ മാറ്റി ജസ്റ്റിസ് സിരിജഗനെ ചെയർമാനാക്കി.
ഈ പ്രവൃത്തികൾ ഒന്നും ഈ പ്രസ്ഥാനത്തിനോ ഭക്തജനങ്ങൾക്കോ പ്രയോജനമുണ്ടാക്കിയിട്ടില്ല. ഏതാണ്ട് രണ്ടര, മൂന്നു കോടി രൂപയ്ക്ക് അദ്ദേഹം ബെയിലി പാലം ഉണ്ടാക്കി. നിങ്ങൾ ശബരിമലയിൽ പോകുമ്പോൾ ഒന്ന് നോക്കണം. ഒരു കാലൊടിഞ്ഞ പട്ടി പോലും അതിൽ കയറി നടക്കില്ല. അദ്ദേഹത്തിന്റെ കാലത്ത് അവിടെ കോടിക്കണക്കിന് രൂപ മുടക്കി ക്യൂ കോംപ്ലക്സുകൾ ഉണ്ടാക്കിവച്ചു. ഇപ്പോഴും ഭക്തന്മാർ അത് ഉപയോഗിക്കുന്നില്ല. ചരിത്രത്തിൽ ആദ്യമായി ദിവസവേതനക്കാരെ ഭണ്ഡാരത്തിൽ ഡ്യൂട്ടിക്കിട്ട ഉദ്യോഗസ്ഥർക്കെതിരെ ദേവസം ബോർഡ് എന്തെങ്കിലും നടപടി എടുത്തോ? എന്തായാലും അദ്ദേഹത്തിന്റെ വരവിൽ എനിക്ക് ഒട്ടും ശുഭാപ്തിവിശ്വാസമില്ല.
Content Highlights: travancore devaswam board former deputy commissioner cr radhakrishnan demands enquiry in decision to change kodimaram sabarimala