പെട്രോമാക്സും പുടമുറിയും; കേരളം ചവിട്ടിക്കടന്ന ഒരുകാലം!

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പെട്രോമാക്‌സിന്റെ വെളിച്ചത്തിൽ പാടവരമ്പിലൂടെ നടന്നുനീങ്ങുന്ന വിവാഹസംഘം. പ്രായംകുറഞ്ഞ വധു, വരമ്പിൽ തെന്നിവീഴാതിരിക്കാനും ഇഴജീവികളുടെ കടിയേൽക്കാതിരിക്കാനും കുടുംബത്തിലെ ആരോഗ്യവാനായ ഒരാൾ അവളെ ചുമലിലേറ്റിയിരിക്കുന്നു. പിന്നാലെ കത്തിച്ച ചൂട്ടുകളുമായി കുറച്ചുപേർ. പ്രായംചെന്ന ചിലർ യുവാക്കളുടെ കൈപിടിച്ചുനടക്കുന്നു. പാടവും പറമ്പും പിന്നിട്ട് വരന്റെ വീട്ടിലേക്കാണ് രാത്രിയാത്ര.

ഇവന്റ്‌ മാനേജ്‌മെന്റ് ഗ്രൂപ്പുകളുടെ ആധിപത്യത്തിൽ വിവാഹങ്ങൾ ‘സംഭവ’മായിമാറുന്ന വർത്തമാനകാലത്തുനിന്ന് എഴുപതുവർഷം പിന്നോട്ടുപോയാൽ കാണാവുന്ന ഒരു വിവാഹഘോഷയാത്രയാണിത്.

1950-കളിൽ വിവാഹം ഇന്നത്തേതിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നു. വാഹനങ്ങൾ നന്നേ കുറവായതിനാൽ വരന്റെയും വധുവിന്റെയും വീടുകൾ തമ്മിലുള്ള അകലവും വിവാഹമുഹൂർത്തവും അനുസരിച്ച് രാപകൽ ഭേദമില്ലാതെ വിവാഹം നടത്തിയിരുന്നു. വിവാഹം കഴിഞ്ഞ് വരനും സംഘവും വധുവിനെയും കൂട്ടി പലപ്പോഴും രാത്രിയാണ് വരന്റെ വീട്ടിലേക്ക് പോവാറ്. ചിലഘട്ടങ്ങളിൽ വരനും ബന്ധുക്കളിൽ ചിലരും വധൂഗൃഹത്തിൽ താമസിച്ച് പിറ്റേന്ന് പുലർച്ചെ യാത്രയാരംഭിക്കും.

മലബാറിൽ പുടമുറിയാണ് നടക്കാറ്. അക്കാലത്ത് നെയ്തെടുക്കുന്ന നീളമുള്ള തുണികൾ വധുവിന്റെ വീട്ടിൽ കൊണ്ടുവന്ന് വരനും സംഘവും മുറിച്ച് വധുവിനും ബന്ധുക്കൾക്കും നൽകും. ഇങ്ങനെ പുടവ മുറിക്കുന്നതിനാലാണ് പുടമുറി എന്ന പേര്. തിരുവിതാംകൂറിൽ താലികെട്ടിനും മാലയിടലിനുമായിരുന്നു പ്രാമുഖ്യം.

വിവാഹത്തിന് മാസങ്ങൾക്കുമുൻപേതന്നെ ഒരുക്കങ്ങൾ തുടങ്ങും. ഓലകൊണ്ട് വലിയ പന്തലിടലാണ് പ്രധാനം. ആ പന്തലിൽവെച്ചാണ് തുടർന്നുള്ള ജോലികൾ. സദ്യയ്ക്കുള്ള വിഭവങ്ങളിൽ ചിലത് നേരത്തേത്തന്നെ തയ്യാറാക്കും. അച്ചാറുകൾ, പായസത്തിനുള്ള അട എന്നിവയെല്ലാം വീട്ടിൽത്തന്നെ ഉണ്ടാക്കും. പപ്പടം, എണ്ണ എന്നിവ, അവയുണ്ടാക്കുന്ന വീടുകളിൽ ഏൽപ്പിച്ച് തയ്യാറാക്കും. ആർഭാടങ്ങൾ കുറവാണെങ്കിലും ആഘോഷപൂർവമാണ് വിവാഹങ്ങൾ നടന്നത്. എൽ.ഇ.ഡി. ലൈറ്റുകളും ഡെക്കറേഷൻ ലൈറ്റുകളുംകൊണ്ടാണ് ഇന്ന് കല്യാണവീടുകൾ അലങ്കരിക്കുന്നത്. പണ്ട് കുരുത്തോലകളാണ് അലങ്കരവസ്തു. പന്തലുകളിൽ പെട്രോമാക്‌സുകളും റാന്തലുകളുമാണ് രാത്രികാലങ്ങളിൽ വെളിച്ചം പകരുക.

മുസ്‌ലിം വിവാഹങ്ങളിൽ അന്നും ഇന്നും മൈലാഞ്ചിയിടൽ പ്രധാന ചടങ്ങാണ്. ഇന്ന് മറ്റു സമുദായങ്ങളും മൈലാഞ്ചിയിടലിന് താത്പര്യം കാണിക്കുന്നുണ്ട്. മലബാറിലെ മുസ്‌ലിം കല്യാണങ്ങളിൽ പുതിയാപ്ലയെ സ്വീകരിക്കലും അതോടനുബന്ധിച്ചുള്ള ഒപ്പനയും പണ്ടേ ഉണ്ടാവാറുണ്ട്. പണ്ട് നെയ്‌ച്ചോറും കോഴിക്കറിയുമാണ് പ്രധാന വിഭവം. എന്നാൽ, ചിലയിടത്ത് പുതിയാപ്ലയ്ക്കും സംഘത്തിനും മാത്രമായി ഈ വിശിഷ്ടവിഭവം ഒതുങ്ങും. അതിനാൽ പുതിയാപ്ലയ്ക്കൊപ്പമുള്ള യാത്ര പ്രധാനമാണ്. പുതിയകാലത്ത് ഒന്നിനും പരിമിതികളില്ല.

ക്രിസ്ത്യൻ വിവാഹങ്ങളിൽ പള്ളിയിലെ കെട്ടും മധുരംവെപ്പും മന്ത്രകോടി അണിയിക്കലുമെല്ലാമാണ് പ്രധാനം. എന്നാൽ, കാലത്തിനനുസരിച്ചുള്ള മാറ്റം ക്രിസ്ത്യൻ വിവാഹങ്ങളിലും കാണാം.

അന്ത്യവിശ്രമം

പണ്ടുകാലങ്ങളിൽ വീട്ടുപറമ്പിൽ വിറകുകൾ അടുക്കിവെച്ചാണ് കൂടുതലായും ശവസംസ്‌കാരം നടത്താറ്. പറമ്പിലെ മാവോ മറ്റോ വിറകിനായി ഉപയോഗിക്കും. അതിലും നാട്ടുകാരുടെ കൂട്ടായ്മയാണ് പ്രധാനം. ഇന്നിപ്പോൾ വീട്ടുപറമ്പിനു പുറമേ പൊതുശ്മശാനങ്ങളിലേക്കും ശവസംസ്‌കാരങ്ങൾ മാറിയിരിക്കുന്നു. പരേതന്റെ ബന്ധുക്കൾ ഒന്നുമറിയേണ്ട. സംസ്‌കാരം വീട്ടിലാണെങ്കിൽ ആറടിമണ്ണുമാത്രം ചൂണ്ടിക്കാണിച്ചുകൊടുത്താൽ മൃതദേഹം മനിറ്റുകൾക്കുള്ളിൽ ദഹിപ്പിച്ചുതരുന്ന സംവിധാനവും ഇന്നുണ്ട്.

Content Highlights: Weddings 70 years ago involved nighttime processions with Petromax lights and torches., Pudamuri was a prominent custom in Malabar, while Thalikettu was common in Travancore.