ടി.പി.യുടെ ബൈക്കും കണ്ണടയും വാച്ചുമെത്തി; ടി.പി. സ്ക്വയർ ഇന്ന് നാടിന് സമർപ്പിക്കും

സ്‌ക്വയറിലെ മ്യൂസിയത്തില്‍വെച്ച ടി.പി.യുടെ ബൈക്ക്, ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്ന ടി.പി. സ്‌ക്വയര്‍
സ്‌ക്വയറിലെ മ്യൂസിയത്തില്‍വെച്ച ടി.പി.യുടെ ബൈക്ക്, ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്ന ടി.പി. സ്‌ക്വയര്‍

വടകര: ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നസമയത്ത് ഓടിച്ച ബൈക്കും ധരിച്ച വാച്ചും കണ്ണടയുമെല്ലാം ടി.പി. രക്തസാക്ഷിസ്ക്വയറിൽ എത്തി. ഞായറാഴ്ച രാവിലെ പത്തുമണിക്ക് ആർഎംപിഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മംഗത്‌റാം പസ്ല വള്ളിക്കാടിൽ നിർമിച്ച ടി.പി. സ്ക്വയർ ഉദ്ഘാടനം ചെയ്യും.

വള്ളിക്കാടിൽ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സ്ഥലത്തിന് തൊട്ടടുത്തായാണ് സ്ക്വയർ നിർമിച്ചത്. ഇവിടെയുള്ള മ്യൂസിയത്തിലാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വസ്തുക്കൾ പ്രദർശിപ്പിക്കുക. ഇതിൽ പ്രധാനമാണ് ടി.പി.യുടെ ഹീറോ ഹോണ്ട പാഷൻപ്ലസ് ബൈക്ക്. കെഎൽ 18 എ 6395 നമ്പർ ബൈക്ക് നിയമനടപടികളെല്ലാം കഴിഞ്ഞശേഷം കെ.കെ. രമ സ്വന്തമാക്കിയിരുന്നു. കണ്ണടയും വാച്ചും ബാഗുമെല്ലാം മ്യൂസിയത്തിലുണ്ട്. ശനിയാഴ്ചയാണ് ഇവ ഇവിടെ എത്തിച്ചത്. ആർഎംപിഐ പ്രവർത്തകരുടെയും നേതാക്കളുടെയും മനസ്സിൽ ടി.പി.യുടെ ജ്വലിക്കുന്ന സ്മരണകൾ ഉണർത്തുന്നതായി ഇവയെല്ലാം. ഞായറാഴ്ച മുതൽ ഇത് സന്ദർശകർക്ക് കാണം.

ടി.പി.യുടെ പൂർണകായപ്രതിമയും സ്ക്വയറിന്റെ മുൻവശത്തുതന്നെയുണ്ട്. ഇതിന്റെ അനാച്ഛാദനവും ഞായറാഴ്ച നടക്കും. കെ. ഗംഗാധർ, ഷിബു ബേബിജോൺ, ഷാഫി പറമ്പിൽ എംപി, ജി. ദേവരാജൻ, ടി.എൽ. സന്തോഷ്, സി.പി. ജോൺ, എൻ. വേണു. കെ.സി. ഉമേഷ് ബാബു, കെ. പ്രവീൺകുമാർ, കെ.എസ്. ഹരിഹരൻ, കെ.കെ. രമ എംഎൽഎ, കെ.എൻ.എ. ഖാദർ, പാറക്കൽ അബ്ദുള്ള, പി. കുമാരൻകുട്ടി എന്നിവർ പങ്കെടുക്കും.

Content Highlights: tp chandrasekharans mementos at vatakara martyr square