പ്രീ-സ്‌കൂളിന്റെ ഗേറ്റ് തുറന്നുകിടന്നു; കുട്ടി ഓടിയെത്തിയത് റോഡിലേക്ക്; രക്ഷകരായി ലോറി ജീവനക്കാർ

#ന്യൂസ് ഡെസ്ക്
പ്രീ-സ്കൂളിൽ നിന്നും പുറത്തേക്കിറങ്ങിയ കുട്ടി റോഡരികിൽ നിൽക്കുന്നു. കുട്ടിയെ രക്ഷപ്പെടുത്തിയ മിനി ലോറി ഡ്രൈവറുടെ ലോറിയും കാണാം
പ്രീ-സ്കൂളിൽ നിന്നും പുറത്തേക്കിറങ്ങിയ കുട്ടി റോഡരികിൽ നിൽക്കുന്നു. കുട്ടിയെ രക്ഷപ്പെടുത്തിയ മിനി ലോറി ഡ്രൈവറുടെ ലോറിയും കാണാം

ആലുവ: പ്രീ-സ്‌കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തിറങ്ങി തിരക്കേറിയ റോഡിലേക്ക് ഓടിയെത്തിയ രണ്ടര വയസ്സുകാരനെ അപകടത്തിൽപ്പെടാതെ രക്ഷിച്ചു. ആലുവ-എടയപ്പുറം റോഡിൽ രാവിലെ 10.30-ന് ആയിരുന്നു സംഭവം.

മിനി ലോറി ഡ്രൈവറുടെ ജാഗ്രതയാണ് ദുരന്തം ഒഴിവാക്കിയത്. തോട്ടുമുഖത്തു നിന്ന് എടയപ്പുറത്തേക്ക് പോകുന്ന തിരക്കേറിയ റോഡിലാണ് സംഭവം.

റോഡരികിൽ പ്രവർത്തിക്കുന്ന പ്രീ-സ്‌കൂളിൽ നിന്ന് കുട്ടി ഗേറ്റിലൂടെ പുറത്തുകടന്ന് റോഡിലേക്ക് ഓടിയെത്തുകയായിരുന്നു. ഈസമയം അതുവഴി വന്ന മിനി ലോറിയുടെ ഡ്രൈവർ കുട്ടിയെ കണ്ടു.

ഉടൻ ഹോൺ മുഴക്കുകയും വാഹനം നിർത്തുകയും ചെയ്തു. തുടർന്ന് വാഹനത്തിൽ നിന്ന് ഓടിയിറങ്ങിയ ഡ്രൈവറും ക്ലീനറും ചേർന്ന് കുട്ടിയെ സുരക്ഷിതമായി റോഡിൽ നിന്നെടുത്തു. ഹോൺ മുഴക്കി സമീപവാസികളെ കൂട്ടിയ ശേഷം ബന്ധപ്പെട്ടവരെ വിവരം അറിയിച്ച് കുട്ടിയെ സുരക്ഷിതമായി കൈമാറി.

കുട്ടി സ്‌കൂളിൽ നിന്ന് പുറത്തുപോയ കാര്യം അധികൃതർ അറിഞ്ഞില്ല. സ്‌കൂളിൽ പെയിന്റിങ് ജോലികൾ നടക്കുന്നതിനാലാണ് ഗേറ്റ് തുറന്നുകിടന്നതെന്നാണ് അധികൃതർ പറയുന്നത്.

Content Highlights: A 2.5-year-old child wandered onto a busy road in Aluva., A mini-lorry driver's quick thinking prevented an accident., The pre-school gate was left open due to ongoing painting work., The child was safely returned to school authorities after the incident.