കോഴിക്കോട് വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കാപ്പാട് രണ്ടു വയസ്സുകാരൻ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചു. കാപ്പാട് കണ്ണംകടവ് പടിഞ്ഞാറെമൂസക്കണ്ടി വീട്ടിൽ നൗഷാദിന്റെ മകൻ മാസിനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. മഴയെത്തുടർന്ന് റോഡിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തി വീടിന്റെ മുറ്റത്ത് രൂപപ്പെട്ട ഒരു ചെറിയ കുഴിയിലെ വെള്ളക്കെട്ടിലേക്ക് കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു.
അപകടം നടന്ന സമയത്ത് രക്ഷിതാക്കളും മറ്റ് വീട്ടുകാരും വീടിനുള്ളിലായിരുന്നു ഉണ്ടായിരുന്നത്. കുട്ടി വീണത് ആരും പെട്ടെന്ന് ശ്രദ്ധിച്ചിരുന്നില്ല. കുറച്ചു സമയത്തിന് ശേഷമാണ് വെള്ളത്തിൽ വീണു കിടക്കുന്ന കുട്ടിയെ വീട്ടുകാർ കണ്ടെത്തുന്നത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രി പത്തു മണിയോടെ കുട്ടി മരണം സംഭവിച്ചു.
കുട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Content Highlights: A 2-year-old boy tragically died after falling into a waterlogged pit in his courtyard in Kappad, Kozhikode.