യഥാർഥ കമ്യൂണിസ്റ്റ് അടിമ മനോഭാവം പുലർത്തി വിധേയത്വം കാണിക്കില്ല, ഞാനും രാഷ്ട്രീയ അടിമയായിരുന്നു -ടി.കെ. ഗോവിന്ദൻ

#ന്യൂസ് ഡെസ്ക്
ടി.കെ. ഗോവിന്ദൻ എംഎൽഎ | ചിത്രം: മാതൃഭൂമി
ടി.കെ. ഗോവിന്ദൻ എംഎൽഎ | ചിത്രം: മാതൃഭൂമി

കണ്ണൂർ: എം.വി.രാഘവൻ സി.പി.എമ്മിൽ മുന്നോട്ടുവെച്ച നയരേഖ ശരിയായിരുന്നുവെന്ന അഭിപ്രായമായിരുന്നിട്ടും പാർട്ടി അച്ചടക്കം പാലിച്ച് അതിനെ തള്ളുകയാണ് താൻ ചെയ്തതെന്ന് ടി.കെ.ഗോവിന്ദൻ എം.എൽ.എ. പറഞ്ഞു. കണ്ണൂരിൽ എം.എൻ.വിജയൻ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന ‘വിജയൻ മാഷ് ഓർമ്മ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഞങ്ങളൊക്കെ രാഷ്ട്രീയ അടിമകളായി കഴിഞ്ഞിരുന്ന കാലമുണ്ടായിരുന്നു. സി.എം.പി. രൂപവത്കരണത്തിനുമുമ്പുള്ള സി.പി.എം. സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തയാളാണ് ഞാൻ. അന്ന് ചടയൻ ഗോവിന്ദനും നായനാർക്കും ഞങ്ങൾക്കുമെല്ലാം എം.വി.ആറാണ് ശരിയെന്ന അഭിപ്രായമായിരുന്നു.

എന്നാൽ മുകളിൽനിന്നുള്ള ചിലരുടെ തീരുമാനം പാർട്ടിയുടെ തിട്ടൂരമായി അടിച്ചേൽപ്പിച്ചപ്പോൾ ഞാനൊക്കെ വിധേയനാകുകയായിരുന്നു. ഏതൊരു കമ്യൂണിസ്റ്റായാലും സ്വതന്ത്രമായി, ധൈര്യപൂർവം അഭിപ്രായം പറയണം. യഥാർഥ കമ്യൂണിസ്റ്റെന്നാൽ എന്തിന്റെയെങ്കിലും പേരിൽ അടിമ മനോഭാവം പുലർത്തി വിധേയത്വം കാണിക്കലല്ല.

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയെ ചോദ്യംചെയ്യാൻ തയ്യാറായ സീതാറാം യെച്ചൂരിയുടെ ധൈര്യം ഇന്ന് ഏതെങ്കിലും കമ്യൂണിസ്റ്റുകാർക്കുണ്ടോ. കമ്യൂണിസ്റ്റ്‌ പാർട്ടികൾ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്‌ -ടി.കെ.ഗോവിന്ദൻ പറഞ്ഞു.

Content Highlights: Speaking at the MN Vijayan remembrance event in Kannur, TK Govindan MLA revealed he was once a "political slave" who suppressed his support for MV Raghavan's policy document due to rigid CPM party discipline.