ഉപജീവനം മീൻകച്ചവടം, ബാക്കിസമയം ജനസേവനം; നാടിന്റെ നായകനായി തലക്കാട് പഞ്ചായത്ത് പ്രസിഡന്റ്

#സ്വന്തം ലേഖകൻ
വി.പി. മുബാറക്ക് തിരൂർ മത്സ്യമാർക്കറ്റിൽനിന്ന് വിൽപ്പനയ്ക്കായി മീൻ ശേഖരിക്കുന്നു | Photo:mathrubhumi
വി.പി. മുബാറക്ക് തിരൂർ മത്സ്യമാർക്കറ്റിൽനിന്ന് വിൽപ്പനയ്ക്കായി മീൻ ശേഖരിക്കുന്നു | Photo:mathrubhumi

തിരൂർ: ഇത് തലക്കാട് ഗ്രാമപ്പഞ്ചായത്തിന്റെ പ്രസിഡൻറ് വി.പി മുബാറക്ക്. മീൻ കച്ചവടത്തിനിടെയാണ് മുബാറക്കിനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്. 223 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎമ്മിലെ ടി. ഇസ്‌മയിലിനെ പരാജയപ്പെടുത്തിയോടെ അദ്ദേഹം തലക്കാടിന്റെ നായകനായി. 25 വർഷം തുടർച്ചയായി ഇടതുപക്ഷം ഭരിച്ച പഞ്ചായത്താണ് യുഡിഎഫ് പിടിച്ചെടുത്തത്. പ്രസിഡന്റായാലും കഴിഞ്ഞ 18 വർഷമായി താൻ ചെയ്തുവരുന്ന മീൻകച്ചവടം നിർത്താനൊരുക്കമല്ല മുബാറക്ക്.

മീൻകച്ചവടം മുബാറക്കിന് ഉപജീവനമാർഗമാണ്. പുലർച്ചെ അഞ്ചിനു വീട്ടിൽനിന്നിറങ്ങും. തിരൂർ മീൻ മാർക്കറ്റിലെത്തി മൂന്നോ നാലോ പെട്ടി മീൻ വാങ്ങും. തുടർന്ന് വഴിനീളെ കച്ചവടം. രാവിലെ ഒൻപതോടെ കച്ചവടം തീരും. ബാക്കിസമയം ജനങ്ങളെ സേവിക്കും. ഇതാണ് ദിനചര്യ. പിതാവ് വലിയപീടിയേക്കൽ മൊയ്തുട്ടിയും പരമ്പരാഗതമായി മീൻകച്ചവടക്കാരനാണ്. പ്ലസ്ടുവിന് പഠിക്കുമ്പോഴും മുബാറക്ക് മീൻകച്ചവടത്തിന് പോയിരുന്നു. കുറ്റ്യാൽ നാലാംവാർഡ് മുസ്‍ലിം ലീഗ് സെക്രട്ടറി, യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയാണ്. മീൻകച്ചവടം തുടരും. അതോടൊപ്പം നല്ല വികസന പ്രവർത്തനങ്ങൾക്കായി കഠിനാധ്വാനംചെയ്യും -മുബാറക്ക് പറഞ്ഞു.

Content Highlights: Meet VP Mubarak, a fish seller who won the Talakkad Grama Panchayat presidency. He continues his trade, serving his constituents.