വനംവകുപ്പിന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന കടുവ കടന്നുകളഞ്ഞു

അടയ്ക്കാത്തോട്: കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് കരിയംകാപ്പിൽ കൃഷിയിടത്തിൽ വനംവകുപ്പ് രാവിലെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ കടുവ സന്ധ്യയോടെ അപ്രത്യക്ഷമായി. കടുവ കടന്നുകളഞ്ഞതോടെ നാട്ടുകാർ ഡി.എഫ്.ഒ. അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. ഞായറാഴ്ച രാവിലെ പത്തോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കടുവയെ വളഞ്ഞത്.
എന്നാൽ മയക്കുവെടി വെക്കാൻ വെറ്ററിനറി ഡോക്ടറെ കിട്ടാതെ വന്നതോടെ കടുവയെ പിടികൂടുന്നത് വൈകി. അഞ്ചരയോടെയാണ് വയനാട് ആർ.ആർ.ടി.യുടെ വെറ്ററിനറി ഡോക്ടർ മയക്കുവെടി വെക്കാനായി എത്തിയത്.
കടുവ നിലയുറപ്പിച്ച കൃഷിയിടത്തിലെ തോടിന് ഇരുവശത്തും കടുവ രക്ഷപ്പെട്ടുപോകാതിരിക്കാൻ വല കെട്ടിയിരുന്നു. തോട്ടിലെ പാറയ്ക്കിടയിൽ നിന്ന് കടുവയെ പുറത്ത് എത്തിക്കാൻ തുടർച്ചയായി പടക്കം പൊട്ടിച്ചു. ഇതിനിടയിലാണ് കടുവ വനം വകുപ്പിന്റെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെട്ടത്. വനംവകുപ്പ് അധികൃതർ പ്രദേശത്ത് തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ശനിയാഴ്ച ഉച്ചയോടെയാണ് കരിയംകാപ്പിലാണ് കടുവയെ ആദ്യം കണ്ടത്. പിന്നീട് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് കടുവയെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയത്.
ഭീതി ഒഴിയാതെ അടയ്ക്കാത്തോട്
അടയ്ക്കാത്തോട്: കടുവ സാന്നിധ്യത്തെ തുടർന്നുള്ള അടയ്ക്കാത്തോട് മേഖലയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനായില്ല. ശനിയാഴ്ച ഉച്ചയ്ക്ക് കരിയംകാപ്പിലെ ജനവാസകേന്ദ്രത്തിൽ എത്തിയ കടുവയുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് നാട്ടുകാർ കടുത്ത ആശങ്കയിലായത്. ഞായറാഴ്ച പ്രദേശവാസിയായ ബാബുവിന്റെ കൃഷിയിടത്തിലുള്ള തോട്ടിലാണ് കടുവയെ കണ്ടെത്തിയത്. ഇതോടെ വനം വകുപ്പ് നാലുഭാഗത്തുനിന്നും പ്രദേശം വളഞ്ഞ് കടുവയെ നിരീക്ഷണത്തിലാക്കി. കടുവയെ മയക്കുവെടിവെച്ച് പിടികൂടി പ്രദേശത്തുനിന്ന് കൊണ്ടുപോകണമെന്ന് നാട്ടുകാരും നിലപാടെടുത്തു.
ശ്രമിച്ചത് മയക്കുവെടിവച്ച് പിടിക്കാൻ
കടുവയെ മയക്കുവെടിവെച്ച് പിടിക്കാനായി വെറ്ററിനറി ഡോക്ടറെ കിട്ടാതെ വന്നു. ഇതോടെ സണ്ണി ജോസഫ് എം.എൽ.എ. വനം വകുപ്പ് മന്ത്രിയെ വിളിച്ച് അടിയന്തരമായി മയക്കുവെടി വെക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. നടപടികൾ വൈകിയതോടെ പ്രദേശവാസികളുടെ പ്രതിഷേധവും ഉണ്ടായി. വൈകീട്ടാണ് ഡി.എഫ്.ഒ. എസ്. വൈശാഖ് സ്ഥലത്തെത്തിയത്. മയക്കുവെടി വെക്കാൻ വയനാട് ആർ.ആർ.ടി.യിലെ ഡോ. അജീഷ് എത്തിച്ചേർന്നതോടെ നടപടികൾ ആരംഭിച്ചു. സന്ധ്യയായതോടെ വെളിച്ചം കുറഞ്ഞുതുടങ്ങിയിരുന്നു.
മയക്കുവെടി വെക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് തടിച്ചുകൂടിയവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. രാത്രി വൈകിയും പ്രദേശത്ത് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിൽ തുടരുകയാണ്.സണ്ണി ജോസഫ് എം.എൽ.എ., കേളകം പഞ്ചായത്ത് പ്രസിഡൻറ് സി.ടി. അനീഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സുധാകരൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസി ജോസഫ്, ജൂബിലി ചാക്കോ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
Content Highlights: tiger spotted by forest officials escaped