ഡ്രോൺ നിരീക്ഷണത്തിലും ക്യാമറ ട്രാപ്പിലും കടുവയെ കണ്ടില്ല; രാത്രികാല പട്രോളിങ് അടുത്ത ആഴ്ച വരെ

കോതമംഗലം: കുളങ്ങാട്ടുകുഴിയിൽ കടുവ സാന്നിധ്യം പരിശോധിക്കാൻ തെർമൽ സെൻസിറ്റിവിറ്റി ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണത്തിൽ കടുവയെ കണ്ടെത്താനായില്ല. വനത്തിൽ സ്ഥാപിച്ച ക്യാമറ ട്രാപ്പിലും കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
വാവേലി ഭാഗത്തുനിന്ന് 50 മിനിറ്റോളം ഡ്രോൺ പറത്തി. ബുധനാഴ്ച രാത്രിയിലാണ് പ്ലാന്റേഷനിലെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണ പറക്കൽ നടത്തിയത്. വനമേഖലയിൽ കടുവ ഉൾപ്പെടെ വിവിധ വന്യജീവികളുടെ സാന്നിധ്യം തിരിച്ചറിയാൻ വേണ്ടിയായിരുന്നു.
രാത്രിസമയത്ത് പുറത്തിറങ്ങുന്ന വന്യജീവികളുടെ ശരീര ഊഷ്മാവിനനുസരിച്ച് അവയുടെ സാന്നിധ്യം എവിടെയാണെന്ന് കൃത്യമായി തിരിച്ചറിയാൻ ഇതിലൂടെ സാധിക്കും.
അടുത്ത ദിവസം രാത്രിയിൽ വീണ്ടും ഡ്രോൺ നിരീക്ഷണം നടത്തും. കുളങ്ങാട്ടുകുഴി ഭാഗത്ത് വനത്തിനകത്തും പുറത്തുമായി സ്ഥാപിച്ച എട്ട് ക്യാമറയിലും കഴിഞ്ഞ ദിവസം കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല. ആദ്യം കടുവ പിടിച്ച പശുവിന്റെ ജഡം കിടന്നിടത്തായിരുന്നു ക്യാമറ സ്ഥാപിച്ചിരുന്നത്. ആനയുടെയും കാട്ടുപന്നിയുടെയും ചിത്രം പതിഞ്ഞിട്ടുണ്ട്. എൻ.ടി.സി.എ. നിർദേശപ്രകാരമുള്ള രാത്രികാല പട്രോളിങ് അടുത്ത ആഴ്ച വരെ തുടരും.
എൻ.ടി.സി.എ. യുടെ മാർഗനിർദേശങ്ങൾ സ്വീകരിക്കും-മന്ത്രി
കുളങ്ങാട്ടുകുഴിയിലെ കടുവ സാന്നിധ്യം നേരിടാൻ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻ.ടി.സി.എ.) മാനദണ്ഡപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. കടുവയെ കൂടുവെച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആന്റണി ജോൺ എം.എൽ.എ.യുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കുളങ്ങാട്ടുകുഴി ഭാഗത്ത് 7-ന് വനത്തിനുള്ളിൽ മേയാൻ വിട്ട പശുവിനെ കടുവ പിടിച്ച സാഹചര്യത്തിലാണ് പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്തിയത്. പ്രദേശത്ത് 5 കിലോമീറ്റർ ദൂരത്തിൽ ഹാങ്ങിങ് സോളാർ ഫെൻസിങ് നിർമാണവും ആരംഭിച്ചു.
റോഡിന് ഇരുവശത്തെയും അടിക്കാട് വെട്ടിത്തെളിക്കുന്ന വിസ്ത ക്ലിയറൻസ് പുരോഗമിച്ചുവരുന്നു. കമ്മിറ്റി നിർദേശാനുസരണം കൂട് സ്ഥാപിക്കുന്നത് ഉൾപ്പെടെ മറ്റ് നടപടികൾ എടുക്കുമെന്നും മന്ത്രി സഭയിൽ അറിയിച്ചു.
Content Highlights: tiger presence in kulangattukuzhi but not found yet