മധുസൂദനന്റെ വിവാദ പ്രസംഗം; വിമർശിച്ച് പാർട്ടി സെക്രട്ടറി, ന്യായീകരിച്ച് പിണറായി

കണ്ണൂർ: ഒരുഭാഗത്ത് തെറ്റുതിരുത്തൽ നടക്കുമ്പോൾ മറുഭാഗത്ത് തെറ്റാവർത്തിക്കുന്നത് പാർട്ടിക്ക് ഗുണംചെയ്യില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുൻ എം.എൽ.എ. ടി.ഐ. മധുസൂദനന്റെ 'കൊലവിളി'പ്രസംഗത്തെക്കുറിച്ച് കഴിഞ്ഞദിവസംനടന്ന സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഗോവിന്ദൻ നിലപാട് കടുപ്പിച്ചത്.
മധുസൂദനന്റെ പ്രസംഗം പാർട്ടിക്ക് വലിയ ക്ഷീണമാണുണ്ടാക്കിയത്. മൈക്കുകിട്ടിയാൽ എന്തും വിളിച്ചുപറയാമെന്ന് നേതാക്കൾ കരുതരുത്. വാക്കിന്റെ വിലയും സന്ദർഭവും മനസ്സിലാക്കി സംസാരിക്കണം. മധുസൂദനന്റെ പ്രസംഗം സ്ത്രീകൾക്കും പുതിയ തലമുറയ്ക്കുമിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയെന്നാണ് പാർട്ടി ഘടകങ്ങളിൽനിന്നുള്ള റിപ്പോർട്ട്. പാർട്ടിക്ക് പിടിവള്ളിയായത് മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ 'ചോരയ്ക്ക് ചോര'യെന്ന പരാമർശമാണ്. മുഖ്യമന്ത്രിയുടെ പരാമർശം നല്ലരീതിയിൽ കൈകാര്യം ചെയ്യേണ്ടിയിരുന്നതിനുപകരം പാർട്ടി പ്രതിരോധത്തിലായിപ്പോയെന്നും ഗോവിന്ദൻ പറഞ്ഞു.
അസ്ഥാനത്തും അനാവശ്യവുമായ പ്രസംഗമായിരുന്നു മധുസൂദനന്റെതെന്ന് യോഗത്തിൽ മിക്കവരും കുറ്റപ്പെടുത്തി. ശാസനാസ്വഭാവത്തിലുള്ള അതിരൂക്ഷവിമർശനമാണുയർന്നത്. സെക്രട്ടേറിയറ്റംഗമായ മധുസൂദനൻ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
പയ്യന്നൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണത്തിലാണ് മധുസൂദനൻ പ്രകോപനപരമായി സംസാരിച്ചത്. ധനരാജ് കൊലക്കേസ് വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകരിച്ചുകൊന്ന കേസിൽ കോടതി ഒരാളെയും ശിക്ഷിച്ചിട്ടില്ലെന്നും പക്ഷേ, അവരാരും ഭൂമിയിലില്ലെന്നുമായിരുന്നു പ്രസംഗം. കണക്കു പറഞ്ഞുതന്നെ തീർക്കും. അതിനൊന്നും ഈ പ്രസ്ഥാനത്തിന് മടിയില്ലെന്നും മധുസൂദനൻ പറഞ്ഞിരുന്നു.
'പ്രതികരണത്തെ ആക്രമിക്കുന്നത് ആർ.എസ്.എസിനെ വെള്ളപൂശാൻ'
തിരുവനന്തപുരം: ടി.ഐ. മധുസൂദനൻ നടത്തിയ കൊലവിളി പ്രസംഗത്തെ ന്യായീകരിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. കൂട്ടത്തിലൊരാൾ ക്രൂരമായി കൊലചെയ്യപ്പെട്ടതിന്റെ വിഷമത്തിൽനിന്നുണ്ടാകുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ്. മധുസൂദനൻ പറഞ്ഞത് ആർ.എസ്.എസിനെതിരേയാണ്. അതിനെതിരേയുള്ള പ്രതിഷേധം ആർ.എസ്.എസിനെ വെള്ളപൂശാനാണ്.
സി.പി.എമ്മിനെ കൊലയാളിസംഘമാക്കി ചിത്രീകരിക്കാനാണ് ശ്രമം. കൊലപാതകരാഷ്ട്രീയം അംഗീകരിക്കുന്ന പാർട്ടിയല്ല സി.പി.എം.. സമാനമായുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തെ മാധ്യമങ്ങൾപോലും ചർച്ചയാക്കാതിരിക്കുന്നത് ബോധപൂർവമാണെന്നും പിണറായി പത്രസമ്മേളത്തിൽ പറഞ്ഞു. ചേരാനെല്ലൂരിൽ വാഹനാപകടത്തിൽ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ടപ്പോൾ മകൾ പ്രതികരിച്ചത് കേട്ടിട്ടില്ലേ.
അത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് ആരെങ്കിലും കുറ്റം പറഞ്ഞോ എന്നായിരുന്നു പിണറായിയുടെ ചോദ്യം.
അതുപോലെയാണോ മധുസൂദനൻ പ്രസംഗിച്ചത് എന്ന ചോദ്യത്തിന്, താൻ അങ്ങനെയാണ് കാണുന്നതെന്നായിരുന്നു മറുപടി. യൂത്ത് കോൺഗ്രസുകാർ പറഞ്ഞാൽ പോലീസ് തല്ലിക്കൊല്ലാനും തയ്യാറാകണമെന്ന് പറഞ്ഞത് കെ.പി.സി.സി. അംഗമാണ്.
ചീമേനിയിൽ നടന്നത് ഓർക്കുമ്പോൾ ഞെട്ടലുണ്ടാക്കുന്നതാണ്. അതിലൊന്നും പ്രതികാരം ചെയ്യാനല്ല ജനങ്ങളുടെ പിന്തുണ നേടി ശക്തമായി പ്രവർത്തിക്കാനാണ് ശ്രമിച്ചത്. പ്രകോപനമല്ല, സംയമനമാണ് പാർട്ടിരീതി. പ്രതികരണം പാർട്ടിയെ ആക്രമിക്കാനുള്ള ഉപകരണമായി മാറാതിരിക്കാനുള്ള ശ്രദ്ധ എല്ലാവർക്കും ഉണ്ടാകേണ്ടതാണെന്നും പിണറായി പറഞ്ഞു.
(സി.ഐ.ടി.യു. പ്രവർത്തകൻ സുരേന്ദ്രൻ കോറോത്തിന്റെ ചരമദിനത്തിൽ സി.പി.എം. കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പ്രസംഗിച്ചത്)
Content Highlights: TI Madhusoodanan, MV Govindan, Pinarayi Vijayan