ഓഫീസിലേക്കിറങ്ങി, മുന്നിൽ ഇടഞ്ഞ ആന, കാർ കൊമ്പിൽ കോർത്ത് പൊക്കി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് | Video

#മാതൃഭൂമി ന്യൂസ്‌
ആനയുടെ ആക്രമണത്തിൽപ്പെട്ട സംഗീത, കാർ ആക്രമിക്കുന്ന ആന | Photo: Screengrab/ MBI News
ആനയുടെ ആക്രമണത്തിൽപ്പെട്ട സംഗീത, കാർ ആക്രമിക്കുന്ന ആന | Photo: Screengrab/ MBI News

തൃശ്ശൂർ: പെരിങ്ങാവിൽ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽനിന്ന് വീട്ടമ്മ രക്ഷപ്പെട്ടത് അദ്ഭുതകരമായി. ശനിയാഴ്ച രാവിലെയാണ് തൃശ്ശൂർ നഗരത്തിൽവെച്ച് ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആന ഇടഞ്ഞോടിയത്. പാലസ് റോഡിലൂടെ പോകുമ്പോഴായിരുന്നു സംഭവം. ഇതിനിടെയാണ് ചെമ്പൂക്കാവ്  വെച്ച് സംഗീത കാറിൽ ആനയ്ക്കു മുന്നിൽ പെട്ടത്.

ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. സംഗീത കാറിൽ പോകുന്നതിനിടെ മുമ്പിൽ ഭയങ്കരമായ ഹോൺ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. ആന വരുന്നത് കണ്ട് റോഡിനു മുന്നിലുണ്ടായിരുന്ന കുട്ടികൾ സംഗീതയോട് കാർ റിവേഴ്‌സ് എടുക്കാൻ ആവശ്യപ്പെട്ടെങ്കിലും, കാറിന് പിന്നിൽ മറ്റൊരു വാഹനം ഉണ്ടായിരുന്നതിനാലും വഴി ഇടുങ്ങിയതായതിനാലും അവർക്ക് കാർ പിന്നോട്ട് എടുക്കാൻ സാധിച്ചില്ല. ഇവിടേക്കെത്തിയ ആന കാർ കുത്തിമറിക്കാൻ ശ്രമിക്കുകയായിരുന്നു. കാർ കൊമ്പിൽ കോർത്ത് എടുത്തുയർത്തിയെങ്കിലും ആന കൂടുതൽ ആക്രമണത്തിന് മുതിരാതിരുന്നതാണ് സംഗീതയ്ക്ക് രക്ഷയായത്.

ആനയുടെ കൊമ്പ് കാറിനുള്ളിലേക്ക് ആഴ്ന്നിറങ്ങിയിട്ടും അവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് വലിയ ആശ്വാസമായി മാറി. മാരകമായ അപകടത്തിൽനിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ നടുക്കം വിവരിക്കുകയാണ് സംഗീത: ''രാവിലെ ഓഫീസിലേക്ക് കാറോടിച്ച് പോകുമ്പോഴായിരുന്നു സംഭവം. ഇതിനിടെയാണ് ആനയ്ക്ക് മുന്നിൽപ്പെട്ടത്. ഒരു ചെറിയ ഇടവഴിയിലൂടെ കാർ വരികയായിരുന്നു. ആന നേരെ എതിർദിശയിൽ നിന്നാണ് വന്നത്. ആന വരുന്നത് കണ്ട് മുന്നിലുണ്ടായിരുന്ന കുട്ടികൾ കാർ റിവേഴ്‌സ് എടുക്കാൻ ആവശ്യപ്പെട്ടെങ്കിലും, പിന്നിൽ മറ്റൊരു വാഹനം ഉണ്ടായിരുന്നതിനാലും വഴി ഇടുങ്ങിയതായതിനാലും കാർ പിന്നോട്ട് എടുക്കാൻ സാധിച്ചില്ല. എന്റെ മകൾ തൊട്ടുപിന്നാലെ ഒരു സ്‌കൂട്ടറിൽ ഉണ്ടായിരുന്നു. ആന വരുന്നതു കണ്ട ഞാൻ ഹോൺ അടിച്ച് മകളോട് ഉടൻ തന്നെ അവിടെനിന്ന് രക്ഷപ്പെടാൻ പറഞ്ഞു. വന്നപാടെ ആന എന്നെയടക്കം കാറിനെ കുത്തിമറിക്കാനും പൊക്കിയെടുക്കാനും ശ്രമിച്ചു. കാർ കുത്തി ഉയർത്തി നിലത്തിട്ട ശേഷം ആന പോയി. കാറിന്റെ ബോഡിയിൽ ആനയുടെ കൊമ്പ് ആഴ്ന്നിറങ്ങിയിട്ടുണ്ട്. ഈ സമയം അപ്പുറത്തെ ഭാഗത്തു നിന്നെത്തിയ കുട്ടികളാണ് എന്നെ കാറിൽനിന്ന് രക്ഷപ്പെടുത്തിയത്.''

ഇടഞ്ഞോടിയ ആന പ്രദേശത്ത് നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. നാല്‌ കാറുകൾ ആന തകർത്തതായാണ് വിവരം. ഗാന്ധിനഗറിലെ ജനവാസ മേഖലയിൽ തുടർന്ന ആനയെ പിന്നീട് എലിഫന്റ് സ്‌ക്വാഡ് എത്തി തളച്ചു.

Content Highlights: A rogue elephant named Shivam Lakshmi Ayyappan caused chaos in Thrissur., A woman named Sangeetha survived a life-threatening attack inside her car., The elephant lifted the car with its tusks, causing significant structural damage., Multiple vehicles were damaged by the animal before it was eventually tranquilized., The incident highlights the dangers of captive elephant management in urban areas.