പെട്രോളും ബാറ്ററിയും; ബൈക്കുകൾ പൊട്ടിത്തെറിച്ചു, തീ ആളിപ്പടർന്നു ട്രെയിൻ എൻജിനും കത്തി

#ന്യൂസ് ഡെസ്ക്
സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യം | Photo: Screengrab
സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യം | Photo: Screengrab

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ പേ പാർക്കിങ് ഏരിയയിൽ തീപിടിത്തമുണ്ടായ സ്ഥലം സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ നേരിട്ടെത്തി പരിശോധിച്ചു. അന്വേഷണത്തിന് വേണ്ടി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണത്തിനുശേഷം കൂടുതൽ വിവിരങ്ങൾ വ്യക്തമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

"സംസ്ഥാനത്തെ മുഴുവൻ പേ പാർക്കിങ്ങിലും സുരക്ഷ സംബന്ധിച്ച് പരിശോധിക്കാൻ വേണ്ടി നിർദേശം നൽകിയിട്ടുണ്ട്. ഇന്നുതന്നെ അത് പരിശോധിക്കും. സുരക്ഷ വർധിപ്പിക്കാനുള്ള കാര്യങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും. റെയിൽവേയും ആർപിഎഫും പ്രാദേശിക പോലീസും ഒന്നിച്ച് സുരക്ഷ വർധിപ്പിക്കുന്ന കാര്യങ്ങളിലേക്ക് കടക്കും. റെയിൽവേ ലൈനിൽ നിന്നുള്ള തീപ്പൊരിയാണ് തീപിടിത്തമുണ്ടാക്കിയതെന്നാണ് ദൃക്സാക്ഷി പറയുന്നത്. ഇത് വ്യക്തമായി പരിശോധിക്കും. സംസ്ഥാനത്തെ തിക്കും തിരക്കുമുള്ള എല്ലാ പേ പാർക്കിങ് പ്രദേശങ്ങളും പോലീസ് പരിശോധിക്കും. റെയിൽവേ സ്റ്റേഷൻ മാത്രമല്ല തിരക്കുള്ള എല്ലാ പേ പാർക്കിങ്ങുകളും പരിശോധിക്കും"- റവാഡ ചന്ദ്രശേഖർ പറഞ്ഞു.

ഇന്ന് രാവിലെ 6.15 ഓടെയാണ് പാർക്കിങ്ങിൽ തീപിടിത്തമുണ്ടാകുന്നത്. പാർക്ക് ചെയ്തിരുന്ന നൂറിലേറെ ബൈക്കുകൾ തീപിടിത്തത്തിൽ കത്തിനശിച്ചു. അറുനൂറോളം ബൈക്കുകൾ പാർക്ക് ചെയ്തിരുന്നതായാണ് വിവരം. റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്ന പാർക്കിങ്ങിലാണ് തീപിടിത്തം ഉണ്ടായത്. ബൈക്ക് ഷെഡ് പൂർണമായും കത്തിയമർന്നു. മേൽക്കൂരയടക്കം തകർന്നു വീണു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. റെയിൽവേ സ്റ്റേഷനും റെയിൽ പാളവും തൊട്ടടുത്ത് തന്നെ ആയതിനാൽ ഉയർന്ന വൈദ്യുതി കടന്നു പോകുന്ന ലൈൻ അടക്കം തൊട്ടടുത്തുണ്ടായിരുന്നു. തീ പടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന ട്രെയിൻ എൻജിനും കത്തി. 

നിലവിൽ അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. എന്താണ് തീപിടിത്തത്തിന് കാരണം എന്ന് വ്യക്തമല്ല. ഇലക്ട്രിക് സ്കൂട്ടർ കത്തിയാകാം തീപിടിത്തത്തിന് കാരണം എന്നാണ് സൂചന. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷാ ക്രമീകരണങ്ങളൊന്നും തന്നെ പാർക്കിങ് പ്രദേശത്ത് ഉണ്ടായിരുന്നില്ല.

"ആദ്യം രണ്ട് ബൈക്കിന് തീപിടിച്ചു. അപ്പോൾ തന്നെ കെടുത്തിയിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നു. തീ അണക്കാനുള്ള സംവിധാനങ്ങളൊന്നും തന്നെ പാർക്കിങ് പ്രദേശത്ത് ഉണ്ടായിരുന്നില്ല. പിന്നെ സെക്കൻഡുകൾക്കുള്ളിൽ തീ പടർന്നു. പത്ത് മിനിറ്റിനുള്ളിൽ എല്ലാം കത്തിനശിച്ചിരുന്നു. ഇലക്ട്രിക സ്കൂട്ടറിൽ നിന്ന് തീപ്പിടിച്ചതാകാം. കാറ്റുള്ളതുകൊണ്ട് തന്നെ തീ ആളിപ്പടരാൻ സമയം എടുത്തില്ല. പൊട്ടിത്തെറിച്ചതുകൊണ്ട് തന്നെ അടുക്കാൻ പറ്റിയിരുന്നില്ല. അഗ്നിശമനസേന എത്തിയെങ്കിലും ബൈക്ക് പൊട്ടിത്തെറിച്ചു കൊണ്ടിരുന്നു. തീ നിയന്ത്രണവിധേയമാക്കാൻ പ്രയാസകരമായിരുന്നു. എല്ലാ വാഹനങ്ങളും"- ദൃക്സാക്ഷികൾ പറയുന്നു.

Content Highlights: Thrissur Railway Station Fire: DGP Orders Probe, Pan-India Parking Safety Review