മട വിട്ടിറങ്ങി; അരയും തലയും മുറുക്കി പൂരനഗരിയിൽ പുലികൾ

#ന്യൂസ് ഡെസ്ക്
പൂരനഗരിയിൽ പുലിയിറങ്ങിയപ്പോൾ | ചിത്രം: ആകാശ് എസ്. മനോജ്, മാതൃഭൂമി ഡോട്ട് കോം
പൂരനഗരിയിൽ പുലിയിറങ്ങിയപ്പോൾ | ചിത്രം: ആകാശ് എസ്. മനോജ്, മാതൃഭൂമി ഡോട്ട് കോം

തൃശ്ശൂർ: അരയും തലയും മുറുക്കി പൂരനഗരിയിൽ പുലികളിറങ്ങി. അക്ഷരാർത്ഥത്തിൽ തൃശ്ശൂർ നഗരം പുലികളുടെ നിയന്ത്രണത്തിലായിരിക്കുകയാണ്. പുലിക്കൊട്ടിനൊപ്പം ചുവടുവെച്ച് വിവിധഭാഗങ്ങളിൽനിന്നും ഒഴുകിയെത്തിയ കാണികളിലേക്കും പുലിത്താളം പടരുകയാണ്.

ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് പുലികൾ മടവിട്ട് പുറത്തിറങ്ങിയത്. മന്ത്രി ഒ.ജെ. ജനീഷ് പരിപാടി ഫ്ളാഗ് ഓഫ് ചെയ്തു.. ഒൻപത് ദേശങ്ങളിൽ നിന്നുള്ള പുലിക്കളി സംഘങ്ങളാണ് സ്വരാജ് റൗണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ശനിയാഴ്ച പുലർച്ചെയോടെതന്നെ പുലിയൊരുക്കങ്ങൾ ആരംഭിച്ചിരുന്നു. പുലിമുഖങ്ങൾ മിനുക്കിത്തുടച്ച്, പുലിച്ചായങ്ങൾ തയ്യാറാക്കി. വരയൻപുലികളും കരിമ്പുലികളും മുതൽ ഫ്‌ളൂറസെന്റ് പുലികൾവരെ അരങ്ങുതകർക്കാനായി ഒരുങ്ങിയിറങ്ങിയിട്ടുണ്ട്.

നിറവൈവിധ്യത്തിലാണ് സംഘങ്ങൾ മത്സരിക്കുന്നത്. 15 നിറങ്ങൾവരെ സംഘങ്ങൾ ഒരുക്കിയിരുന്നു. അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ, ചക്കാമുക്ക്, നായ്ക്കനാൽ, വിയ്യൂർ യുവജന സംഘം, ശങ്കരംകുളങ്ങര, പാട്ടുരായ്ക്കൽ, ഒളരിക്കര സംഘങ്ങളാണ് ഇത്തവണ കളത്തിലിറങ്ങുക.

ഓരോ സംഘത്തിൽനിന്നും 51 പുലികൾ, വാദ്യങ്ങൾ, നിശ്ചലദൃശ്യം തുടങ്ങി വിവിധ ഇനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്. എം.ജി. റോഡ് വഴി ആറു സംഘങ്ങളും ഷൊർണൂർ റോഡു വഴി ഒരു സംഘവും വടക്കേസ്റ്റാൻഡ് വഴി രണ്ടു സംഘങ്ങളുമാണ് എത്തുക.

രാത്രി വൈകുന്നവരെ റൗണ്ടിൽ പുലിത്താളങ്ങളും ചുവടുകളും നിറയും. നല്ല പുലികൾക്കുള്ള സമ്മാനം പ്രഖ്യാപിക്കുന്നതോടെയാണ് മത്സരം പൂർത്തിയാകുക. രാത്രിയോടെ നഗരം വിടുന്ന ആസ്വാദകരുടെയെല്ലാം ഉള്ളിൽ പുലിത്താളമായിരിക്കും നിറയുക.