ഇന്ത്യ എന്റെ ഹൃദയം കവർന്നു- തൃശ്ശൂർപൂരം കാണാനെത്തിയ ഫ്രാൻസുകാരി നതാലി പറയുന്നു

തൃശൂർ: തൃശ്ശൂരിൽ ആദ്യമായാണ്, പൂരം എന്റെ ആദ്യത്തെ അനുഭവമാണ്. ഈ ചൂട് സഹിക്കാൻ പറ്റുന്നില്ല എങ്കിലും ഈ കാഴ്ച്ച അതിമനോഹരം... ഫ്രാൻസിൽനിന്നുള്ള നതാലിക്ക് പൂരത്തെക്കുറിച്ച് പറഞ്ഞിട്ടും പറഞ്ഞിട്ടും അതിശയം വിട്ടൊഴിയുന്നില്ല.
ഫോട്ടോഗ്രാഫറായ നതാലി ജോലിയുടെ ഭാഗമായാണ് കേരളത്തിൽ എത്തിയത്. പൂരത്തിന് എത്തിയ ആനകളും മേളവും വിസ്മയത്തോടെയാണ് നതാലി കണ്ടുനിന്നത്. കടുത്ത ചൂടിൽ ഓടിനടന്ന് ഓരോ കാഴ്ചയും തന്റെ ഫോണിന്റെ ക്യാമറയിൽ അവർ പകർത്തുന്നുണ്ടായിരുന്നു. ഇന്ന് ഭയങ്കര ചൂടാണ്. പക്ഷേ, ഇത്തരം ഒരു കാഴ്ച മുന്നിൽ കാണുമ്പോൾ ചൂടൊന്നും നമ്മളെ ബാധിക്കില്ല, നതാലിയുടെ വാക്കുകൾ.
''ഇതൊരു അപൂർവമായ ഉത്സവമാണ്. പൂരം കാണാനായി ഇനിയും വരണം. കേരളത്തിൽ ഞാനിതിനു മുൻപും വന്നിട്ടുണ്ട്. ഞാൻ ഒരു ഫോട്ടോഗ്രാഫറാണ്. കണ്ണൂരിൽ മുമ്പ് തെയ്യം കാണാൻ വന്നിരുന്നു. അതെന്നെ അതിശയിപ്പിച്ച കാഴ്ചയായിരുന്നു. ഏപ്രിൽ മേയ് മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന എല്ലാ ഫെസ്റ്റിവലുകൾക്കും പോകണം. കാരണം, അതെന്റെ ജോലിയുടെ ഭാഗമാണ്. ഇതുവരെ കണ്ടതിൽവെച്ച് ഇന്ത്യ അതിമനോഹരമാണ്. ഇന്ത്യ എന്റെ ഹൃദയം കവർന്നു', നതാലി പറയുന്നു.
ഇറ്റലിക്കാരനായ ലോറൻസോക്കും പൂരം ഒരു വിസ്മയമായാണ് അനുഭവപ്പെട്ടത്. ഇത്രയധികം ആനകളെ ഒന്നിച്ച് കണ്ടതിന്റെ ആവേശമാണ് ലോറൻസോ പങ്കുവെച്ചത്. ഇതുപോലെ നിരവധി വിദേശികൾ തൃശ്ശൂർ പൂരത്തിന്റെ സൗന്ദര്യം ആസ്വദിക്കാനായി പൊള്ളുന്ന വെയിലിലും തേക്കിൻകാട് മൈതാനത്ത് എത്തിച്ചേർന്നിരുന്നു.
Content Highlights: French photographer Nathalie highlights the visual splendor of Thrissur Pooram 2026., Despite extreme heat, international visitors are drawn to the unique elephant processions and music., Nathalie emphasizes the cultural significance of Kerala's festivals for international photographers., Increased presence of foreign tourists at Thekkinkadu Maidanam during the 2026 celebrations.