അവസാന നിമിഷംവരെ മകനെ തിരക്കി ഗൗരി; മകൻ ചിതറിത്തെറിച്ചുപോയതറിയാതെ ആ അമ്മ യാത്രയായി

#കെ. ദിനു
ഗൗരി (ഇടത്ത്), ഗിരിയും സഹോദരനും വെടിക്കോപ്പു നിർമാണശാലയിൽ (ഫയൽച്ചിത്രം)
ഗൗരി (ഇടത്ത്), ഗിരിയും സഹോദരനും വെടിക്കോപ്പു നിർമാണശാലയിൽ (ഫയൽച്ചിത്രം)

തൃശ്ശൂർ: ''അവനോടൊപ്പം അമ്മയും പോയി. അമ്മയില്ലാതെ അവന് പറ്റില്ലല്ലോ...'' മുണ്ടത്തിക്കോട് വെടിക്കോപ്പു നിർമാണശാലയിലുണ്ടായ ദുരന്തത്തിൽ കാണാതായ കോട്ടപ്പുറം ചേലാട്ട് ലെയിനിൽ പള്ളത്ത് കരുമാലി ഗിരീഷി(ഗിരി)ന്റെ സഹോദരൻ ഹരി ഇതുപറഞ്ഞ് വിതുമ്പിക്കൊണ്ടേയിരുന്നു. ഗിരിയെ കണ്ടെത്താനോ തിരിച്ചറിയാനോ പറ്റാത്ത ദുഃഖത്തിനിടെയാണ് അമ്മ ഗൗരി (74) മരിച്ചത്. കൂട്ടുകാരും നാട്ടുകാരും ഏറെനേരം ആശ്വസിപ്പിച്ചിട്ടും തേങ്ങലടക്കാനായില്ല ഹരിക്ക്.

വാർധക്യസഹജമായ അസുഖത്തിന് ചികിത്സ തേടിയിരുന്ന ഗൗരിക്ക് രണ്ടാഴ്ചമുൻപാണ് പക്ഷാഘാതം വന്നത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് വീട്ടിലെത്തിയത്. വ്യാഴാഴ്ച പുലർച്ചെ നാലോടെയായിരുന്നു മരണം. ചെറിയ ഓർമക്കുറവുണ്ടെങ്കിലും അവസാന നിമിഷംവരെ ഗൗരി മകനെ തിരക്കിയിരുന്നു. വെടിക്കോപ്പ് നിർമാണശാലയിലാണെന്ന് പറഞ്ഞാണ് ആശ്വസിപ്പിച്ചിരുന്നത്. ദുരന്തത്തിൽ മകൻ ഉൾപ്പെട്ടെന്ന കാര്യം മരണംവരെ അവരറിഞ്ഞിരുന്നില്ല. അവിവാഹിതനായ ഗിരി അമ്മയോടൊപ്പം തറവാട്ടുവീട്ടിലായിരുന്നു താമസം. അതേവളപ്പിൽ തൊട്ടുചേർന്നുള്ള വീട്ടിലാണ് ഹരിയും കുടുംബവും.

വൈകീട്ടോടെ ഗിരിയുടേതെന്ന് സംശയിക്കുന്ന ശരീരഭാഗം സംഭവസ്ഥലത്തു നിന്നു കണ്ടെത്തി. സുഹൃത്തുക്കൾ തിരിച്ചറിഞ്ഞതായി പറയുന്നുണ്ടെങ്കിലും ഡി.എൻ.എ. പരിശോധനയ്ക്കു ശേഷമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ.

ഏവർക്കും പ്രിയപ്പെട്ടവർ

സഹോദരങ്ങളാണെങ്കിലും കൂട്ടുകാരെപ്പോലെയായിരുന്നു ഹരിയും ഗിരിയും. നാട്ടിലും അമ്പലക്കാര്യങ്ങളിലുമെല്ലാം എല്ലാത്തിനും മുൻപിലുണ്ടാകും. തിരുവമ്പാടിയുടെ ആഘോഷക്കമ്മിറ്റി അംഗങ്ങളാണ് ഇരുവരും. കോട്ടപ്പുറം ശിവക്ഷേത്രക്കമ്മിറ്റി പ്രസിഡന്റുകൂടിയാണ് ഗിരി. വെടിക്കോപ്പുനിർമാണം ഇവർക്ക് പരിചയമുള്ളതാണെന്നും വർഷങ്ങളായി പൂരസമയത്ത് സഹായത്തിന് പോകാറുണ്ടെന്നും കൂട്ടുകാർ പറഞ്ഞു. കോട്ടപ്പുറം ക്ഷേത്രത്തിനടുത്ത് ഓട്ടോറിക്ഷ ഓടിച്ചാണ് ഗിരി ജീവിക്കുന്നത്. ഗൗരിയുടെ ഭർത്താവ് മോഹനൻ മൂന്നുവർഷം മുൻപാണ് മരിച്ചത്. മരുമകൾ: പി.ആർ. ദിവ്യ. സഹോദരി: മണി. ഗൗരിയുടെ സംസ്‌കാരം വൈകീട്ട് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടിൽ നടന്നു.

Content Highlights: Tragic passing of Gauri (74) during the aftermath of the Mundathikode fireworks explosion., Gauri remained unaware that her son, Girish, was a victim of the blast., The explosion occurred at a fireworks manufacturing unit in Thrissur., DNA testing pending for official identification of the victim's remains., Community and local temple committee members mourn the loss of the mother-son duo.