വാഴത്തോട്ടത്തിൽ ഒരു കൈപ്പത്തി, കുളത്തിൽ കുടലിന്റെ ഭാഗം; വ്യാഴാഴ്ച കണ്ടെത്തിയത് 100-ലേറെ ശരീരഭാഗങ്ങൾ

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കോപ്പുപുര അപകടത്തിൽ കാണാതായവർക്കായുള്ള പ്രാർഥനമാത്രം അവസാനിക്കുന്നില്ല. അപകടസ്ഥലത്ത് പോലീസിന്റെ തിരച്ചിൽ വ്യാഴാഴ്ച അവസാനിപ്പിച്ചു. പ്രദേശത്ത് വാഹനങ്ങളോ വ്യക്തികളോ കടക്കാത്തരീതിയിൽ പോലീസ് സുരക്ഷിതമാക്കി. ജുഡീഷ്യൽ കമ്മിഷൻ തെളിവെടുപ്പിനെത്തുംവരെ മുഴുവൻ സമയവും സായുധ പോലീസ് നിരീക്ഷണമുണ്ടാവും.
വ്യാഴാഴ്ച രാവിലെ 7.30 മുതൽ അപകടസ്ഥലത്തുനിന്ന് 500 മീറ്റർ അകലെവരെ പോലീസ് നടത്തിയ വിശദതിരച്ചിൽ 11.30-ന് അവസാനിപ്പിച്ചു. ഇതിൽ 250 മീറ്റർ അകലെയുള്ള വാഴത്തോട്ടത്തിൽ നിന്നുൾപ്പെടെ മൂന്നു ശരീരഭാഗങ്ങൾ കിട്ടി. സ്‌ഫോടനസ്ഥലത്തുനിന്ന് നൂറോളം ഭാഗങ്ങൾ കിട്ടി. ഇതിൽ ഒരു കൈപ്പത്തിയുമുണ്ട്. ഈ സ്ഥലത്തുള്ള കുളത്തിൽനിന്ന് കുടൽഭാഗവും കണ്ടെത്തി. ഇവയെല്ലാം മഹസറിൽ രേഖപ്പെടുത്തി ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലെ കോമ്പിങ് പരിശീലനം നേടിയ 150 പോലീസുകാരും 15 ഓഫീസർമാരുമാണ് തിരച്ചിലിൽ പങ്കെടുത്തത്. മുന്നിലും പിന്നിലും വശത്തും കൈയകലം പാലിച്ച് മൂന്നുവരിയായി നിരന്നുനിന്നായിരുന്നു പരിശോധന. കരിഞ്ഞുണങ്ങിയ മരങ്ങൾക്കുമുകളിൽ ശരീര ഭാഗങ്ങളുണ്ടോയെന്ന് കണ്ടെത്താനായി ഡ്രോൺ ഉപയോഗിച്ചും തിരച്ചിൽ നടത്തി.
ശ്വാനസേനയെ ഉപയോഗിച്ചും തിരച്ചിൽ നടത്തി. കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ കരിനിറഞ്ഞമേഖലയിൽനിന്ന് കണ്ടെത്തുക പ്രയാസമായിരുന്നു. എന്നാൽ, ഈച്ചകളുണ്ടായതും ദുർഗന്ധം ഉയർന്നതുമായ സ്ഥലങ്ങൾ അവ കണ്ടെത്തുന്നതിന് ഇടയാക്കി. ഇതേവരെ നടത്തിയ തിരച്ചിലിൽ അപകട സ്ഥലത്തുനിന്ന് 10 മൊബൈൽ ഫോണുകളുടെ ഭാഗങ്ങളും കണ്ടെത്തി.
Content Highlights: Police search operation at the Mundathikode blast site concluded on Thursday., Over 100 body parts, including a palm and intestine fragments, were recovered., The site is now under 24/7 armed police guard pending a judicial commission probe., 150 police personnel used drones and dog squads for a 500-meter radius search., Ten mobile phone fragments were also recovered from the explosion site.