രാമായണത്തേക്കുറിച്ചുള്ള ഫേയ്സ്ബുക്ക് പോസ്റ്റിനെതിരേ BJP; ഖേദംപ്രകടിപ്പിച്ച് പി. ബാലചന്ദ്രൻ എം.എൽ.എ.

തൃശ്ശൂർ: ശ്രീരാമനെ അപമാനിച്ച് ഫേയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടർന്ന് പിൻവലിച്ച് തൃശ്ശൂർ എം.എൽ.എ. പി. ബാലചന്ദ്രൻ. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച എംഎൽഎ ഒരു പഴയ കഥ പങ്കുവെച്ചതാണെന്ന് വിശദീകരിക്കുകയും ചെയ്തു.
രാമായണവുമായി ബന്ധപ്പെട്ട് എം.എൽ.എ. പങ്കുവെച്ച പോസ്റ്റാണ് വിവാദമായത്. ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് പോസ്റ്റ് എന്ന് വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് എം.എൽ.എൽ പോസ്റ്റ് പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചത്.
രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തെന്ന് പരാമർശിക്കുന്ന കുറിപ്പാണ് എം.എൽ.എ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എം.എൽ.എയ്ക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ രംഗത്തെത്തി.
'കോടിക്കണക്കിന് ഹൈന്ദവ വിശ്വാസികളുടെ വിശ്വാസപ്രമാണങ്ങളെ ഇത്രയും നികൃഷ്ടവും നീചവുമായ പ്രയോഗങ്ങളിലൂടെ ചവിട്ടി മെതിക്കാൻ ഒരു കമ്മ്യൂണിസ്റ്റുകാരനല്ലാതെ മറ്റാർക്കാണ് കഴിയുക? മതഭീകരവാദികളുടെ വോട്ടിനുവേണ്ടി സ്വന്തം നാടിനേയും സംസ്കാരത്തെയും പിതൃശൂന്യരായ ഇക്കൂട്ടർ വ്യഭിചരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതുപോലെ വൃത്തികെട്ട ഒരു ജനപ്രതിനിധിയേയും പാർട്ടിയേയും ചുമക്കാൻ അവസരമുണ്ടാക്കിയവർ ആത്മാഭിമാനമുണ്ടെങ്കിൽ ഇത് കണ്ട് ലജ്ജിച്ച് തല താഴ്ത്തട്ടെ', എന്ന് ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ഫേസ്ബുക്കിൽ കുറിച്ചു.
Content Highlights: thrissur mla p balachandran facebook post controversy