LDF സമീപനം എന്തായാലും പ്രശ്നമില്ല; സുരേഷ്ഗോപിയോട് വ്യക്തിപരമായി താത്പര്യം- തൃശ്ശൂര്‍ മേയര്‍

തൃശ്ശൂര്‍: എല്‍ഡിഎഫിന്റെ സമീപനം എന്തായാലും തനിക്ക് പ്രശ്നമല്ലെന്നും തദ്ദേശതിരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്നും മേയര്‍ എം.കെ. വര്‍ഗീസ് പറഞ്ഞു. വികസനസദസ്സുമായി ബന്ധപ്പെട്ട് കൗണ്‍സില്‍ ഹാളില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് മേയറുടെ പ്രതികരണം.
എല്‍ഡിഎഫിനുവേണ്ടി പ്രചാരണത്തിനിറങ്ങുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതിരുന്ന മേയര്‍ തന്റെ വികസനപ്രവര്‍ത്തനങ്ങളാണ് അതിനു പ്രത്യുപകാരമെന്നും സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുമെന്നും പറഞ്ഞു.
കേന്ദ്രമന്ത്രി സുരേഷ്ഗോപിയോട് തനിക്ക് വ്യക്തിപരമായി താത്പര്യമാണ്. സുരേഷ്ഗോപിയുടെ എംപി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് എന്തെങ്കിലും ഒരു പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കില്‍ അത് തൃശ്ശൂര്‍ കോര്‍പറേഷനിലാണ്.
കാലാവധി തീരുന്നതോടെ മൂന്നുമാസത്തേക്ക് വിശ്രമജീവിതം നയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എല്‍ഡിഎഫ് ആണോ യുഡിഎഫ് ആണോ പ്രവര്‍ത്തിക്കാന്‍ നല്ലതെന്ന ചോദ്യത്തിന് ഇരു പാര്‍ട്ടികളും ഒരുപോലെയെന്നായിരുന്നു മറുപടി. പാര്‍ട്ടികളല്ല, മറിച്ച് പ്രവര്‍ത്തനങ്ങളിലാണ് മികവുപുലര്ത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എം.കെ. വര്‍ഗീസ് പറഞ്ഞു.
Content Highlights: Thrissur Mayor MK Varghese states no issue with LDF`s approach, will not contest local body polls. Expresses personal admiration for Suresh Gopi