കുന്നംകുളത്ത് കാര്‍ഷിക ഉപകരണ വിതരണ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം, ആളപായമില്ല

തൃശൂര്‍: കുന്നംകുളത്ത് അഗ്രി ടെക് സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. പെരുമ്പിലാവില്‍ സ്ഥിതിചെയ്യുന്ന കാര്‍ഷിക ഉപകരണ വിതരണ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. വ്യാഴാഴ്ച രാത്രി എട്ടേകാലോടെയാണ് തീപ്പിടിത്തം ഉണ്ടായത് എന്നാണ് പ്രദേശവാസികളില്‍ നിന്നും ലഭിക്കുന്ന വിവരം. മുഴുവനായും അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും തീ ഇപ്പോള്‍ നിയന്ത്രണവിധേയമാണ് എന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഹരിത അഗ്രി ടെക്‌സ് എന്ന് സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. തീപിടിക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കെട്ടിടത്തിന്റെ മുകളിലെ രണ്ട് നിലകളിലായാണ് തീ പടര്‍ന്നുപിടിച്ചത്. കുന്നംകുളത്തുനിന്നും ഗുരുവായൂരില്‍നിന്നും മറ്റിടങ്ങളില്‍ നിന്നുമായി എത്തിയ അഗ്നിരക്ഷാസേനയുടെ ആറ് യൂണിറ്റുകളാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത്. സംഭവത്തില്‍ ഇതുവരെയും ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല.