മലയോരപാതയുടെ മറവിൽ നടന്നത് വൻ മരംകൊള്ളയെന്ന് വനംവകുപ്പ്; DFO-യുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്

#സിജോ ചാതേലി
മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി മുറിച്ചിട്ട തേക്കുമരങ്ങൾ (ഫയൽ ചിത്രം)
മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി മുറിച്ചിട്ട തേക്കുമരങ്ങൾ (ഫയൽ ചിത്രം)

കോടശ്ശേരി: മലയോര ഹൈവേയുടെ നിർമാണത്തിന്റെ പേരിൽ വൻ മരംകൊള്ളയെന്ന് വനംവകുപ്പിന്റെ റിപ്പോർട്ട്. തൃശ്ശൂരിലെ വെള്ളിക്കുളങ്ങര മുതൽ വെറ്റിലപ്പാറ വരെയുള്ള പ്രദേശത്താണ് മരംകൊള്ള നടന്നത്. 18 കിലോമീറ്റർ ദൂരം റോഡിന്റെ ഇരുവശത്തുമുള്ള പട്ടയഭൂമികളിലെ മരങ്ങളാണ് ചട്ടങ്ങൾക്ക് വിരുദ്ധമായി മുറിച്ചുവിറ്റതായി തെളിഞ്ഞത്. എറണാകുളം വിജിലൻസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് പുറത്തുവന്നത്. തൃശ്ശൂർ സെൻട്രൽ സി.സി.എഫിനാണ് റിപ്പോർട്ട് സമർപ്പിച്ചത്.

വനംവകുപ്പ് നേരിട്ടു നടത്തേണ്ട നടപടി അട്ടിമറിക്കപ്പെട്ടെന്നാണ് റിപ്പോർട്ട്. തേക്ക്, ചന്ദനം, ഈട്ടി തുടങ്ങിയ വൃക്ഷങ്ങൾ മുറിച്ചതിലും വില നിശ്ചയിച്ചതിലും വൻ ക്രമക്കേടാണ് നടന്നത്. മരങ്ങൾ ലേലമെടുത്തയാളിന് തടി കൊണ്ടുപോകാൻ പരിയാരം റേഞ്ച് ഓഫീസർ അനുമതിപത്രം അനുവദിച്ചതിൽ വ്യവസ്ഥാ ലംഘനമുണ്ട്. പട്ടയഭൂമിയിൽ നിൽക്കുന്ന മരങ്ങളുടെ ഉടമസ്ഥാവകാശം സർക്കാരിൽ നിക്ഷിപ്തമാണെങ്കിൽ പാസ് അനുവദിക്കാനാകില്ല. മരങ്ങൾ മുറിച്ച് സർക്കാർ ഡിപ്പോയിലൂടെ വിൽക്കുകയോ വകുപ്പ് വിൽപ്പന നടത്തി തുക സർക്കാരിലേക്ക് അടയ്ക്കുകയോ ആണ് ചെയ്യേണ്ടത്. ഇത് ലംഘിക്കപ്പെട്ടതിനാൽ തുക സർക്കാരിലേക്ക് അടപ്പിക്കാൻ നിർദേശം നൽകണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. കാരാറുകാരന് കടത്തുപാസ് നൽകിയത് പരിശോധിക്കണം. മലയോര ഹൈവേ വികസനത്തിന്റെ പേരിൽ പട്ടയഭൂമിയിൽനിന്നോ വനഭൂമിയിൽനിന്നോ മുറിക്കാൻ അനുവദിക്കുന്ന മരങ്ങൾ സർക്കാരിലേക്ക് മുതൽക്കൂട്ടുന്നുവെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യങ്ങൾ ഉറപ്പാക്കാൻ പാത കടന്നുപോകുന്ന വനം ഡിവിഷനുകളിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്ക് നിർദേശം നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മരങ്ങൾ മുറിച്ചുമാറ്റി നീക്കംചെയ്യുന്നതിന് തിരുവനന്തപുരം റീന വുഡ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിനാണ് കരാറെന്ന് മരംമുറി സംബന്ധിച്ച് പരാതി നൽകിയ കോർമല സ്വദേശി ജോബിൾ വടാശ്ശേരിക്ക് ലഭിച്ച വിവരാവകാശരേഖ പറയുന്നു.

മരം മുറിക്കാനെത്തിയവർ നൽകിയ രേഖകൾ അനുസരിച്ച് 2730 തേക്കുകൾ മുറിച്ചിട്ടുണ്ട്. മരംമുറി സംബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബർ 30-ന് 'മാതൃഭൂമി' വാർത്ത നൽകിയിരുന്നു

കൂടുതൽ മരങ്ങൾ മുറിച്ചു

''പറയുന്നതിലേറെ തേക്കുകൾ മുറിച്ചിട്ടുണ്ട്. കോർമല മുതൽ ചായ്പൻകുഴി വരെ അഞ്ച് ലോഡിലേറെ തേക്കുതടികൾ ഇപ്പോഴും റോഡരികിലുണ്ട്. മാസങ്ങൾക്ക് മുൻപേ കളക്ടർക്കും തഹസിൽദാർക്കും പരാതി നൽകിയതാണ്. കോർമല കർമലമാതാ പള്ളിസ്ഥലത്തും അതിക്രമിച്ചുകടന്ന് തേക്കുകൾ മുറിച്ചു. ഇതുമായി ബന്ധപ്പെട്ട് പള്ളിവികാരി വെള്ളിക്കുളങ്ങര പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.'' - ജോബിൾ വടാശ്ശേരി, പരാതിക്കാരൻ.

Content Highlights: Forest department confirms illegal felling of teak and sandalwood., Violations found in timber valuation and transport permits issued to contractors., Government revenue lost due to bypassed official auction procedures., Investigation covers the 18km stretch from Vellikulangara to Vettilappara., Official inquiry demands recovery of lost government funds.