രാജിവെച്ചില്ല, SDPI പിന്തുണയിൽ പ്രസിഡന്റായ അംഗത്തെ പുറത്താക്കി കോൺഗ്രസ്; മറ്റത്തൂരിലും കൂട്ടനടപടി

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം | ഫോട്ടോ: രാമനാഥ് പൈ/ മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: രാമനാഥ് പൈ/ മാതൃഭൂമി

തൃശ്ശൂർ: ത്രിതല പഞ്ചായത്തുകളിലെ എസ്ഡിപിഐ-ബിജെപി പിന്തുണയിൽ തൃശ്ശൂരിലെ കോൺഗ്രസിൽ കൂട്ടനടപടി. മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങൾ രാജിവെച്ച് ബിജെപിക്കൊപ്പം സഖ്യത്തിലേർപ്പെട്ടതും ചൊവ്വന്നൂരിൽ എസ്ഡിപിഐ പിന്തുണയിൽ കോൺഗ്രസ് അംഗം പ്രസിഡന്റായതിലുമാണ് കോൺഗ്രസ് നേതൃത്വം നടപടി സ്വീകരിച്ചത്. ആകെ 14 പേർക്കെതിരേയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം നടപടിയെടുത്തത്. ഇവരെയെല്ലാം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി.

ചൊവ്വന്നൂരിൽ എസ്ഡിപിഐ പിന്തുണയോടെയാണ് കോൺഗ്രസ് അംഗമായ നിധീഷ് പ്രസിഡന്റായത്. ചൊവ്വന്നൂരിൽ യുഡിഎഫ്-5 എൽഡിഎഫ്-6 എൻഡിഎ-1 എസ്ഡിപിഐ-2 എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ രണ്ടംഗങ്ങളും നിധീഷിനെ പിന്തുണച്ചു. എന്നാൽ, എസ്ഡിപിഐ പിന്തുണയിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നിധീഷിനോട് രാജിവെയ്ക്കാൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷനേതാവിന്റെ ഓഫീസിൽനിന്ന് രാജിവെക്കണമെന്ന നിർദേശമെത്തി. തുടർന്ന് ഡിസിസി നേതൃത്വം നിധീഷിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. ഇതോടെയാണ് നിധീഷിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി കോൺഗ്രസ് നേതൃത്വം അറിയിച്ചത്.

മറ്റത്തൂരിൽ കോൺഗ്രസ് സ്ഥാനാർഥികളായി ജയിച്ച എട്ടുപേരാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുൻപായി രാജിവെച്ച് ബിജെപിക്കൊപ്പം സഖ്യം രൂപവത്കരിച്ചത്. തുടർന്ന് ഈ എട്ടുപേരുടെയും ബിജെപി അംഗങ്ങളുടെയും പിന്തുണയിൽ യുഡിഎഫ് വിമത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച് ജയിച്ച എട്ടുപേരെയും പാർട്ടിയിൽനിന്ന് പുറത്താക്കിയതായി കോൺഗ്രസ് നേതൃത്വം അറിയിച്ചു. മറ്റത്തൂരിലെ ബിജെപി സഖ്യവുമായി ബന്ധപ്പെട്ട് ഡിസിസി സെക്രട്ടറി ടി.എം. ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെയും പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിട്ടുണ്ട്.

Content Highlights: Thrissur Congress expels 14 members for joining BJP-SDPI alliances in Mattathur and Chovvannoor, creating political upheaval.